വന്ധ്യംകരണ സംവിധാനങ്ങള്‍ പേരിന് : നായപ്പേടിയില്‍ ജില്ല
1549390
Saturday, May 10, 2025 4:17 AM IST
കൊച്ചി: തെരുവുനായ ആക്രമണം തുടരുമ്പോഴും ജില്ലയിലെ എബിസി സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. മുളന്തുരുത്തി, വടവുകോട്, ബ്രഹ്മപുരം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് എബിസി സെന്ററുകള്‍. എന്നാല്‍ ഇവയില്‍ ബ്രഹ്മപുരത്തെ എബിസി സെന്റര്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടെ നായ പിടിത്തക്കാരുടെ കുറവ് വന്ധ്യംകരണം നടത്തുന്ന നടപടികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു ദിവസത്തിനിടെ കൊച്ചിയില്‍ മാത്രം ആറു പേര്‍ക്കാണ് തെരുവുനായ ആക്രമണം നേരിട്ടത്. ഇതില്‍ ഒരു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് വാക്സിന് നല്‍കിയിരുന്നു.
പേ വിഷബാധയുള്ള പട്ടിയുടെ കടിയേറ്റ തെരുവുനായ്ക്കളെ ബ്രഹ്മപുരത്തെ എബിസി സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. കലൂര്‍ ആസാദ് റോഡില്‍ നടന്ന തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനടക്കം ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു. നിലവിലെ സൗകര്യങ്ങള്‍ വച്ച് ബ്രഹ്മപുരത്ത് ഒരുദിവസം നാല് നായ്ക്കളെ മാത്രമേ വന്ധ്യംകരിക്കാനാകൂ.
സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മറ്റ് മൂന്ന് എബിസി സെന്ററുകള്‍ കാര്യക്ഷമമാകുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. വന്ധ്യംകരണം നടത്തുന്നതിനായി തെരുവുനായ്ക്കളെ പിടികൂടുന്നവര്‍ക്ക് നിലവില്‍ 200 രൂപയാണ് ദിവസക്കൂലി. ഇത് തൊഴിലാളികളുടെ കുറവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കൊച്ചി നഗരത്തിലെ പൊതുയിടങ്ങളിലടക്കം തെരുവുനായ ശല്യം രൂക്ഷമായതോടെ പകല്‍ സമയങ്ങളിലും രാത്രികാലങ്ങളിലും ഇരുചക്ര വാഹനയാത്രയും കാല്‍നട യാത്രയും ദുഷ്കരമായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 32,086 പേര്‍ക്കാണ് നായ തെരുവുനായ്ക്കളുടെ കടിയേറ്റത്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ജില്ലകളില്‍ ഒന്ന് എറണാകുളം ആയിരുന്നു.
ഈ കാലയളവില്‍ സംസ്ഥാനത്താകെ 3,16,793 പേരാണ് തെരുവുനായ ആക്രമണത്തെത്തുടര്‍ന്ന് ചികിത്സ തേടിയത്.