കൂട്ടമായി എത്തിയ കാട്ടുപന്നികൾ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്
1549388
Saturday, May 10, 2025 4:17 AM IST
കാലടി: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 6.15 ഓടെയായിരുന്നു സംഭവം.
ഭാര്യ സുമയെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് കുഞ്ഞുമോനും സുമയ്ക്കും ഗുരുതരമായി പരിക്കേറ്റു.
കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി.
ഈ മേഖലയിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പതിവാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.