ശുചിമുറി മാലിന്യം റോഡിലൊഴുക്കിയ വാഹനം പിടികൂടി
1549401
Saturday, May 10, 2025 4:34 AM IST
ഉദയംപേരൂർ: വാഹനത്തിൽ നിന്നും ശുചിമുറി മാലിന്യം റോഡിലൊഴുകിയ സംഭവത്തിൽ ഡ്രൈവറെയും വാഹനവും ഉദയംപേരൂർ പോലീസ് പിടികൂടി.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ശുചിമുറി മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നിന്ന് മാലിന്യം വൈക്കം റോഡിലൊഴുകിയത്. പിന്നാലെയെത്തിയ വാഹന യാത്രക്കാർ സംഭവം കണ്ട് പത്താം മൈലിൽ വച്ച് വാഹനം തടഞ്ഞ് ഉദയംപേരൂർ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയെത്തി മാലിന്യം കഴുകി മാറ്റി. അറസ്റ്റ് ചെയ്ത ഡ്രൈവർ പള്ളുരുത്തി സ്വദേശി മുഹമ്മദ് ഇർഫാസ് (23) നെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.