വീട്ടമ്മയെ ഇഷ്ടികയ്ക്ക് ഇടിച്ച പ്രതി അറസ്റ്റിൽ
1549394
Saturday, May 10, 2025 4:17 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ വീട്ടമ്മയെ ഇഷ്ടിക കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളുരുത്തി തോടിയിൽ വീട്ടിൽ പ്രദീപ് ആണ് പോലീസ് പിടിയിലായത്.
ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിക്ക് സമീപം കൈതവളപ്പിൽ ലൈനിൽ മരോട്ടിപ്പറമ്പിൽ ഓമന പ്രഭാകരനാണ് (65) ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റ് ചെവിക്ക് പരിക്കേറ്റത്. ഇവർക്ക് കേൾവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഓമനയെ അടുക്കള വഴി എത്തിയ പ്രദീപ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം രണ്ടായി പൊട്ടിയ ഇഷ്ടിക മുറ്റത്ത് ഉപേക്ഷിച്ച് അക്രമി കടന്നുകളഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.
പള്ളുരുത്തി എസ്എച്ച്ഒ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്ഐ അശ്വിൻ ബിനു, സിപിഒമാരായ സി.കെ. അനീഷ്, കെ.എസ്. ബിബിൻ, കെ.എ. സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളം നോർത്ത് ഭാഗത്തുനിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.