ഒ​രു ഹെ​ക്ട​റി​ല്‍നി​ന്നു 15 ട​ണ്‍ കാ​ളാ​ഞ്ചി
Tuesday, June 2, 2020 12:04 AM IST
കൊ​ച്ചി: സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ക്വാ​ക​ള്‍​ച്ച​ര്‍ (ആ​ര്‍ജിസിഎ) പു​തു​ച്ചേ​രി​യി​ലു​ള്ള പ്ര​ദ​ര്‍​ശ​ന​ഫാ​മി​ല്‍ ഒ​രു ഹെ​ക്ട​റി​ല്‍നി​ന്നു 15 ട​ണ്‍ കാ​ളാ​ഞ്ചി മ​ല്‍​സ്യം ഉ​ത്പാ​ദി​പ്പി​ച്ച് റിക്കാർ​ഡ് നേ​ട്ടം കൈ​വ​രി​ച്ചു.​ ര​ണ്ട് സെ​ന്‍റി​മീ​റ്റ​ര്‍ വ​ലി​പ്പ​മു​ള്ള കാ​ളാ​ഞ്ചി കു​ഞ്ഞു​ങ്ങ​ളെ പ​ത്തു മാ​സംകൊ​ണ്ട് 1.2 മു​ത​ല്‍ 1.5 കി​ലോ വ​രെ തൂ​ക്ക​മു​ള്ള മ​ല്‍​സ്യ​ങ്ങ​ളാ​ക്കി​യാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ആ​ഭ്യ​ന്ത​ര​ വി​പ​ണി​യി​ലും വി​ദേ​ശ ​വി​പ​ണി​യി​ലും ഒ​രു​പോ​ലെ ആ​വ​ശ്യ​ക്കാ​രു​ള്ള കാ​ളാ​ഞ്ചി മ​ല്‍​സ്യം കി​ലോ​ഗ്രാമിനു 420 മു​ത​ല്‍ 450 രൂ​പ​വ​രെ ​വി​ല​യ്ക്കാ​യിരുന്നു വി​പ​ണ​നം. ഒ​രു കി​ലോ മ​ത്സ്യ​ത്തി​നു 300 രൂ​പ​യാ​ണ് ഉ​ത്പാ​ദ​ന​ച്ചെ​ല​വ്. ഒ​രു ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു​നി​ന്നു 17 ല​ക്ഷം രൂ​പ​ ലാ​ഭ​മാ​യി ല​ഭി​ച്ചു.

എംപിഇ​ഡിഎ​യു​ടെ ഗ​വേ​ഷ​ണവി​ഭാ​ഗ​മാ​യ ആ​ര്‍ജിസിഎ യുടെ നേതൃത്വത്തിൽ ​വ​ര്‍​ഷം​തോ​റും മു​പ്പ​തു​ല​ക്ഷം കാ​ളാ​ഞ്ചി കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​വു​ന്ന ഹാ​ച്ച​റി ത​മി​ഴ്‌​നാ​ട്ടി​ലെ തൊ​ടു​വെ​യി​ല്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്. രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക സം​വി​ധാ​ന​മാ​ണി​ത്. നാ​ളി​തു​വ​രെ 18 ദ​ശ​ല​ക്ഷം കാ​ളാ​ഞ്ചി കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഈ ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്കു ന​ല്‍​കി​യി​ട്ടു​ള്ള​ത്.

മോ​ദ, ഞ​ണ്ട്, ഗി​ഫ്റ്റ് തി​ലാ​പി​യ, ആ​വോ​ലി തു​ട​ങ്ങി​യ​വ​യു​ടെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ത്തു​ല്പാ​ദ​ന​ത്തിനും അ​വ​യു​ടെ കൃ​ഷി​ക്കും വേ​ണ്ട അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ആ​ര്‍ജിസിഎ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ ശീ​ര്‍​കാ​ഴി ആ​സ്ഥാ​ന​മാ​യാണ് ആ​ര്‍ജിസിഎയുടെ പ്ര​വ​ര്‍​ത്തനം.