ചാലിശേരി ഡിവിഷൻ
ഡിവിഷനിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ ചാലിശ്ശേരിയൊഴികെ മറ്റിടങ്ങളിൽ എൽഡിഎഫ് ഭരണമാണുള്ളത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഡിവിഷൻ നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. വികസന പോരായ്മകൾ ചൂണ്ടികാട്ടി സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്,എൻഡിഎ മുന്നണികൾ. എൽഡിഎഫിനുവേണ്ടി ഇത്തവണ അനു വിനോദാണ് മത്സരിക്കുന്നത്. 2010-15 കാലയളവിൽ തിരുമിറ്റക്കോട് പഞ്ചായത്തംഗമായിരുന്നു. മഹിള അസോസിയേഷൻ തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു.
ചാലിശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സാവിത്രി യുഡിഎഫ് സ്ഥാനാർഥിയാണ്. ദീർഘകാലം ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്. ബിജെപി തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയംഗമായ മിനി സുരേഷാണ് എൻഡിഎ സ്ഥാനാർഥി. മഹിള മോർച്ച പ്രവർത്തകയും പൊതുപ്രവർത്തകയുമാണ്. തിരുമിറ്റക്കോട് ചാലിശ്ശേരി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നാഗലശ്ശേരി പഞ്ചായത്തിലെ ഏഴ്,തൃത്താല പഞ്ചായത്തിലെ 10,കപ്പൂർ പഞ്ചായത്തിലെ ഒന്ന് എന്നീ 51 വാർഡുകൾ ഉൾപ്പെട്ടതാണ് ചാലിശ്ശേരി ഡിവിഷൻ.
പെരുമുടിയൂർ ഡിവിഷൻ
വാടാനാകുറിശ്ശി,കൊണ്ടൂർക്കര,പെരുമുടിയൂർ,കാരക്കാട്,കാരക്കുത്ത്,കിഴുമുറി എന്നീ ബ്ലോക്ക ഡിവിഷനുകൾ ഉൾകൊള്ളുന്നതാണ് പെരുമുടിയൂർ ഡിവിഷൻ. വിദ്യാർഥി നേതാവായ എ.എൻ നീരജാണ് എൽഡിഎഫ് സ്ഥാനാർഥി. എസ്എഫ്ഐ ജില്ലാ ജോ.സെക്രട്ടറി,സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് വൈസ് പ്രസിഡന്റാണ്.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയും മുൻ കുലുക്കല്ലൂൽ ഗ്രാമപഞ്ചായത്ത് അംഗവും സാർക്കാർ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.മുഹമ്മദ്ദലി മാറ്റാംതടമാണ് യുഡിഎഫ് സ്ഥാനാർഥി. എംഎസ്എഫ് ജില്ലാ സെക്രട്ടറി,പ്രസിഡന്റ്,സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.യൂത്ത് ലീഗിന്റെ ജില്ലാ ജോ.സെക്രട്ടറി,ജനറൽ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി,എസ്ടിയു ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറിയുമാണ്.
ബിജെപിയുടെ തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന മേഖലയുടെ ഉപാധ്യക്ഷൻ എം.പി മുരളീധരനാണ് എൻഡിഎ സ്ഥാനാർഥി. മുൻപ് ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.