കോയന്പത്തൂർ: മൊബൈൽ ഫോണിനു വേണ്ടി യുവാവിനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേർക്കായി അന്വേഷണം ശക്തമാക്കി. നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തേനി സ്വദേശി വിഘ്നേഷ് (24)നെ അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തി മൊബൈൽ ഫോണുമെടുത്ത് കടന്നു കളയുകയായിരുന്നു. പീളമേട് പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങിയ നിലയിൽ നീലീക്കോണാം പാളയം അഭി വിഷ്ണു (22), മസക്കാളി പാളയം ശിങ്കാര വേലൻ (21) എന്നിവർ ജെ.എം.2 കോടതിയിൽ കീഴടങ്ങിയിരുന്നു.
വാഴക്കുല വില ഇടിഞ്ഞു
കോയന്പത്തൂർ: കേരളത്തിൽ നിന്നും വരുന്ന വ്യാപാരികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പൊള്ളാച്ചി ഗാന്ധിമാർക്കറ്റിൽ നേന്ത്രൻ ഉൾപ്പെടെയുള്ള വാഴപ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞു. ആഴ്ച്ചയിൽ രണ്ടു ദിവസമാണ് പൊള്ളാച്ചിമാർക്കറ്റിൽ വാഴച്ചന്ത നടക്കുന്നത്. പ്രദേശത്തെ കർഷകർക്കു പുറമെ തൂത്തുക്കുടി, മൈസൂർ, എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും വാഴക്കുലകളുമായി വിൽപ്പനയ്ക്കെത്തും.കേരളത്തിൽ നിന്നുള്ള വ്യാപാരികളാണ് ഇവിടെ നിന്നും കൂടുതലായി വാഴക്കുലകൾ വാങ്ങുക.എന്നാൽ കൊറോണ പടരുന്നത് മൂലം കേരളത്തിൽ നിന്നുള്ള വ്യാപാരികളുടെ വരവ് കുറഞ്ഞതിനാലും, മൈസൂരിൽ നിന്നെത്തുന്ന നേന്ത്രൻ, പൂവൻ, റോബസ്റ്റ തുടങ്ങിയ പഴങ്ങളുടെ വരവ് വർധിച്ചതിനാലും നേന്ത്രൻ ഉൾപ്പെടെയുള്ള പഴങ്ങളുടെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. നേന്ത്രൻ കിലോ 18 രൂപയ്ക്കും, കദളി കിലോ നാൽപ്പതു രൂപയ്ക്കും, പൂവൻ ഒരു കുല 200 മുതൽ 600 വരെയക്കും, കർപ്പൂര വള്ളി ഒരു കുല 250 മുതൽ 700 വരെയും,രസ്താളി 200 മുതൽ 500 വരെയും, ചെങ്കദളി 300 മുതൽ 1000 വരെയുമാണ് വിൽപ്പനയായത്.
ചെന്നായ്ക്കൾ പെരുകുന്നതായി റിപ്പോർട്ട്
കോയന്പത്തൂർ: വനത്തിനരികിലുള്ള ഗ്രാമങ്ങളിൽ ചെന്നായ്ക്കളുടെ സാന്നിധ്യം വർധിച്ചതിനാൽ ജനങ്ങൾ കരുതലോടെയിരിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നൽകി. മധുക്കരയിലെ കരടി മട,തീ ത്തിപ്പാളയം എന്നിവിടങ്ങളിൽ കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ചെന്നായ്ക്കുട്ടത്തിന്റെ സാന്നിധ്യം വർധിച്ചിരിക്കുന്നത്. തീ ത്തിപ്പാളയത്തിൽ കഴിഞ്ഞ ദിവസം അയ്യപ്പൻ എന്ന കർഷകൻ തലനാരിഴയ്ക്കാണ് ചെന്നായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ഒരു സംഘത്തിൽ 25 വരെ ചെന്നായ്ക്കൾ ഉണ്ടാകാമെന്നതിനാൽ കർഷകരും, പൊതുജനങ്ങളും, കന്നുകാലികളെ മേയ്ക്കുന്നവരും ജാഗ്രതയോടെ പുറത്തിറങ്ങണമെന്ന് വനപാലകർ നിർദേശിച്ചു.
കർഷകസമരത്തിനു അനുഭാവം
കോയന്പത്തൂർ: കർഷക ബില്ലിനെതിരായി ഡെൽഹിയിൽ പോരാട്ടം നടത്തി വരുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തിരുപ്പൂരിൽ കട്ച്ചിസാർബ ട്ര വിവസായികൾ സംഘം, ഏർമുനൈ ഇളൈഞ്ജർ അണി എന്നിവയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.തിരുപ്പൂർ കുമരൻ നിനൈവ കത്തിനു മുന്നിൽ നടത്തിയ സമരത്തിൽ കർഷകദ്രോഹപരമായ കാർഷിക ബിൽ പിൻവലിക്കണമെന്നും, ഡെൽഹിയിൽ തുടർച്ചയായി സമരം നടത്തുന്ന നേതാക്കളുമായി അധികൃതർ ചർച്ചയ്ക്കു തയ്യാറാകണമെന്നും, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇതു പോലെ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിച്ചു കൊണ്ട് തിരുപ്പൂരിൽ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലും സമരം ചെയ്തു.
മേൽപ്പാലം നിർമാണം തുടങ്ങി
കോയന്പത്തൂർ: അവിനാശിയിൽ പുതിയതായി നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന ഗ്രാമവികസന മന്ത്രി എസ്.പി.വേലു മണി തുടങ്ങിവെച്ചു. തമിഴ് നാട്ടിലെ ഏറ്റവും നീളമുള്ള മേൽപ്പാലമായി നിർമ്മിക്കുന്ന ഈ മേൽപ്പാലം 1620 കോടി രൂപ ചെലവിൽ10.10.കി.മീ. ദൂരത്തിലാണ് നിർമ്മിക്കുന്നത്. പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമൻ, ജില്ലാ കലക്ടർ രാജാമണി, കോർപറേഷൻ കമ്മീഷണർ കുമരവേൽപാണ്ഡ്യൻ, എം.എൽ.എ.മാരായ അമ്മൻ അർജുനൻ, എട്ടി മടഷണ്മുഖം, പി.ആർ.ജി.അരുണ്കുമാർ, ചിന്ന രാജ് ഒ.കെ., മുൻ .എം.പി. സി.പി.രാധാകൃഷ്ണൻ പങ്കെടുത്തു.
സമരം തുടരാൻ തീരുമാനം
കോയന്പത്തൂർ: കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുന്നത് വരെ തുടർച്ചയായി സമരം നടത്തുവാൻ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ്, ഇന്ത്യ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.പാർട്ടി ഓഫിസിൽ നടന്ന യോഗത്തിന് എം.പി.പി.ആർ.നടരാജൻ അധ്യക്ഷത വഹിച്ചു. അഞ്ചിന് പൊള്ളാച്ചിയിലും, ഏഴിന് അന്നൂരിലും 8 ന് ഗാന്ധി പുരത്തും, മേട്ടുപ്പാളയത്തും, 9 ന് സൂലൂർ പാപ്പംപ്പട്ടിയിലും, സുൽത്താൻ പ്പേട്ടയിലും പോരാട്ടങ്ങൾ നടത്താൻ തീരുമാനിച്ചു.