ഇ​ന്ന​ലെ ചെ​ന്പൈയുടെ 45-ാം ച​ര​മ​വാ​ർ​ഷി​ക​ം! ആദ്യത്തേയും അവസാനത്തേയും കച്ചേരി നടത്തിയതു പൂഴിക്കുന്ന് ക്ഷേത്രത്തിൽ
Saturday, October 16, 2021 11:54 PM IST
ഒ​റ്റ​പ്പാ​ലം: ക​രു​ണ ചെ​യ്‌വാൻ.. എ​ന്തു....​താ​മ​സം.. കൃ​ഷ്ണാ.....? സം​ഗീ​ത കു​ല​പ​തി ചെ​ന്പൈ മ​തി​മ​റ​ന്നു പാ​ടി.....1976 ഒ​ക്ടോ​ബ​ർ 16, ഇ​തുപോ​ലൊ​രു ന​വ​രാ​ത്രിക്കാലം. ഒ​റ്റ​പ്പാ​ലം പൂ​ഴി​ക്കുന്ന് ശ്രി​കൃ​ഷ്ണ ക്ഷേ​ത്ര​മാ​ണ് വേ​ദി. ഇ​ര​യി​മ്മ​ൻ ത​ന്പി​യു​ടെ പ​ദം അ​തി​ഭാ​വു​ക​ത്വത്തോടെ പാ​ടി, മം​ഗ​ളം ചൊ​ല്ലി ക​ച്ചേ​രി അ​വ​സാ​നി​പ്പി​ച്ചു. ചെ​ന്പൈ​യു​ടെ അ​വ​സാ​ന​ത്തെ ക​ച്ചേ​രി​യാ​യി​രു​ന്നു അ​ത്. ശ്രീ​കോ​വി​ലി​നു മു​ന്പി​ലെ​ത്തി തൊ​ഴു​തു വ​ണ​ങ്ങി ചെ​ന്പൈ ഇ​ങ്ങ​നെ പ്രാ​ർ​ത്ഥി​ച്ചു.
കൃ​ഷ്ണാ.. ഗു​രു​വാ​യൂ​ര​പ്പാ എ​ല്ലാ സൗ​ഭാ​ഗ്യ​ങ്ങ​ളും അ​ങ്ങെ​നി​ക്കു ത​ന്നു.... ഇ​നി എ​നി​ക്ക് ഈ ​പൊ​ണ്ണ​ത്തടി​യു​മാ​യി ജീ​വി​ക്ക​ണ്ടാ...​എ​ന്നെ എ​ന്തേ അ​ങ്ങ് വി​ളി​ക്കു​ന്നി​ല്ലാ....? ചെ​ന്പൈ​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ കാ​മ​റ​യു​മാ​യി നി​ന്നി​രു​ന്ന അ​ന്ന​ത്തെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ പ​ന​മ​ണ്ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ ​പ്രാ​ർ​ത്ഥ​ന ഇ​ന്നും ഓ​ർ​ക്കു​ന്നു.
ചെ​ന്പൈ​യു​ടെ പ്രാ​ർ​ത്ഥ​നയ്​ക്ക് ഫ​ല​മു​ണ്ടാ​യി. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കംത​ന്നെ ഒ​ള​പ്പ​മ​ണ്ണ​ മ​ന​യി​ൽ വ​ച്ച് ചെ​ന്പൈ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രു​ടെ 45-ാം ച​ര​മ​വാ​ർ​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽത​ന്നെ അ​ദ്ദേ​ഹം അ​നു​ജ​നാ​യ സു​ബ്ര​ഹ്മ​ണ്യ​നു​മൊ​ത്ത് ക​ച്ചേ​രി പാ​ടാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ആ​ദ്യ​ത്തെ സന്പൂർ​ണ ക​ച്ചേ​രി ഒ​ള​പ്പ​മ​ണ്ണ​ മ​ന വ​ക പൂ​ഴി​ക്കു​ന്ന് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു. ചെ​ന്പൈ​യു​ടെ തു​ട​ക്ക​വും ഒ​ടു​ക്ക​വും ഇ​വി​ടെവച്ചാ​യ​ത് ഒ​രുപ​ക്ഷേ വി​ധി​വൈ​പ​രീ​ത്യ​മാ​വാം. 1896 സെ​പ്റ്റം​ബ​റി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 1907 വൈ​ക്ക​ത്ത​ഷ്ട​മി​ക്കു ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ച് തി​രി​കെ​വ​രു​ന്ന വ​ഴി പി​താ​വാ​യ അ​ന​ന്ത​ഭാ​ഗ​വ​ത​ർ​ക്കൊ​പ്പം ഗു​രു​വാ​യൂ​രി​ലെ​ത്തി.
അ​ന്ന് ഏ​കാ​ദ​ശി​യാ​യി​രു​ന്നു. ചെ​ന്പൈ​യും അ​നു​ജ​നും അ​വി​ടെ പാ​ടു​ക​യും എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചുപ​റ്റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും ഏ​കാ​ദ​ശി​ക്ക് പാ​ടു​വാ​ൻ ഉ​ള്ള അ​നു​മ​തി ദേ​വ​സ്വ​ത്തി​ൽനി​ന്ന് വാ​ങ്ങി​ക്കു​ക​യും അ​തു മു​ട​ങ്ങാ​തെ ന​ട​ത്തു​ക​യും ചെ​യ്തു വ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ 70 വ​ർ​ഷ​ത്തെ സം​ഗീ​തജീ​വി​ത​ത്തി​ൽ മൂന്നു ത​വ​ണ അ​ദ്ദേ​ഹ​ത്തി​നു ശ​ബ്ദം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. 1912ൽ ​ആ ശ​ബ്ദ​ത്തി​നു ത​ട​സ​മു​ണ്ടാ​യി. ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം മൃ​ദം​ഗ​വും വ​യ​ലി​നും പ​ഠി​ച്ചു. ആ ​സ്വ​രം ഒ​രു വ​ർ​ഷ​ത്തി​ന​കം തി​രി​കെ കി​ട്ടി. പി​ന്നീ​ട് 1939ൽ ​വീ​ണ്ടും ശ​ബ്ദം ന​ഷ്ട​മാ​യി. അ​ത് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം.
1939 വൃ​ശ്ചി​ക​ത്തി​ൽ സാ​മൂ​തി​രി​യു​ടെ ക്ഷ​ണ​പ്ര​കാ​രം അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ക​ച്ചേ​രി​ക്കെ​ത്തി. ഉ​ച്ച​വ​രെ സാ​ധ​കം ന​ട​ത്തി. വൈ​കു​ന്നേ​രം ക​ച്ചേ​രി​ക്കു സ്റ്റേ​ജി​ൽ ക​യ​റി തം​ബു​രു ശ്രു​തി​യി​ട്ടുതു​ട​ങ്ങി​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ശ​ബ്ദ​മൊ​ന്നും വ​ന്നി​ല്ല. പി​ന്നീ​ട് ഗു​രു​വാ​യൂ​രെ​ത്തി ക​ച്ചേ​രി ന​ട​ത്തി​യാ​ണ് ശ​ബ്ദം തി​രി​കെ ല​ഭി​ച്ച​തെ​ന്നും പു​രാ​വൃ​ത്തം.
1954ൽ ​മൂ​ന്നാംത​വ​ണ സ്വ​രം ന​ഷ്ട​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​ണ്ണീ​രോ​ടെ നി​ശ​ബ്ദം നി​ന്ന ചെ​ന്പൈ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വൈ​ദ്യ ശ്രേ​ഷ്ഠ​നാ​യ വൈ​ദ്യ​മ​ഠം ന​ന്പൂ​തി​രി പൂ​മു​ള്ളി മ​ന​യി​ൽ കൊ​ണ്ടു​പോ​യി ആറുമാ​സ​ത്തെ ചി​കി​ത്സ ന​ട​ത്തി സു​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം മ​ല​യാ​ളം പ​ദ​ങ്ങ​ൾ ക​ച്ചേ​രി​യി​ൽ പാ​ടാ​റി​ല്ലാ​യി​രു​ന്നു. പ്രഫ​. ഗു​പ്ത​ൻ നാ​യ​ർ ആ​ണ് ഇ​ര​യി​മ്മ​ൻ ത​ന്പി ശ്രീ​രാ​ഗ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ ക​രു​ണ ചെയ്‌വാൻ എ​ന്തു താ​മ​സം കൃ​ഷ്ണ ​എ​ന്ന പ​ദ​ത്തെക്കുറി​ച്ച് സ്വാ​മി​യോ​ട് പ​റ​ഞ്ഞ​ത്.
അ​തി​നു ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ എ​ല്ലാ ക​ച്ചേ​രി​യി​ലും മു​ട​ങ്ങാ​തെ ക​രു​ണ ചെ​യ്‌വാൻ എ​ന്തു താ​മ​സം കൃ​ഷ്ണ​ എ​ന്ന പ​ദം ഭ​ഗ​വാ​നേ​റ്റ​വും ഇ​ഷ്ട​മാ​യ യ​ദു​കു​ല കാം​ബോ​ജി ​രാ​ഗ​ത്തി​ൽ പാ​ടി സ്തു​തി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം 1974 ൽ ​ഏ​കാ​ദ​ശി ദി​നം ക്ഷേ​ത്രം ഉൗ​ട്ടു​പു​ര​യി​ൽ തു​ട​ങ്ങി​യ സം​ഗീ​താ​ർ​ച്ച​ന 1979 മു​ത​ൽ നാലുദി​വ​സ​വും 1983 മു​ത​ൽ 11 ദി​വ​സ​വും ഇ​പ്പോ​ൾ 15 ദി​വ​സ​വു​മാ​ക്കി സം​ഗീ​തോ​ത്സ​വ​മാ​യി ന​ട​ത്തിവ​രു​ന്നു​ണ്ട്.
ത്യാ​ഗ​രാ​ജ സം​ഗീ​തോ​ത്സ​വം ക​ഴി​ഞ്ഞാ​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഗീ​തോ​ത്സ​വ​മാ​ണി​ത്. ച​ര​മ​വാ​ർ​ഷി​ക​മാ​യ ഇ​ന്ന​ലെ അ​ദ്ദേ​ഹം അ​വ​സാ​ന ക​ച്ചേ​രി ന​ട​ത്തി​യ പൂ​ഴി​ക്കുന്ന് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.