മണ്ണാർക്കാട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗത്തിനുള്ള ഉപപദ്ധതി, 2022- 23 വർഷത്തെ ജനകീയാസൂത്രണം വാർഷിക പദ്ധതി എന്നിവ പ്രകാരം നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികളുടെ രൂപീകരണത്തിനായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി.
ഓണ്‍ലൈനായി നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശി ഭീമനാട് അധ്യക്ഷനായി. കുടിവെള്ളത്തിനും ശുചിത്വത്തിനും മറ്റ് അടിസ്ഥാന വികസനങ്ങൾക്കും ഉൗന്നൽ നൽകിയുള്ള വികസനരേഖ ആസൂത്രണ സമിതി വൈസ് ചെയർമാൻ കല്ലടി അബൂബക്കർ അവതരിപ്പിച്ചു.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക നിലവാരമുയർത്തുന്നതിനുമായി സമഗ്ര വിദ്യാഭ്യാസ പദ്ധതി ഭിന്നശേഷി വിദ്യാർഥികൾക്കായി ബഡ്സ് സ്കൂൾ, ഭവന രഹിത കുടുംബങ്ങൾക്ക് ഹൗസിംഗ് ബോർഡ് മുഖേന പ്രത്യേക പാർപ്പിട പദ്ധതി, കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കുമായി പാലിയേറ്റീവ് കെയർ, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയവയ്ക്കും വികസനരേഖയിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പാറയിൽ മുഹമ്മദലി, റഫീന റഷീദ്, റജീന കോഴിശേരി, സെക്രട്ടറി റ്റി.കെ. ദീപു, ആസൂത്രണ സമിതി അംഗങ്ങളായ എ.അസൈനാർ മാസ്റ്റർ, കെ.പി. ഉമ്മർ, ഹമീദ് കൊന്പത്ത്, സൈനുദ്ദീൻ താളിയിൽ, പ്ലാൻ കോ ഓർഡിനേറ്റർ കെ. മുഹമ്മദലി, ഗ്രാമബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.