വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ംഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചു
Sunday, May 15, 2022 7:32 AM IST
നെ​ന്മാറ: വി​ത്ത​ന​ശേ​രി, മാ​ട്ടു​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യു​ള്ള സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ക​ർ വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ംഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചു. വി​ത്ത​നശേ​രി ബ്ലോ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ലും മാ​ട്ടു​പ്പാ​റ​യി​ലു​മാ​യാ​ണ് ര​ണ്ടു ചാ​ർ​ജിംഗ് ടെ​ർ​മി​ന​ലു​ക​ൾ വൈ​ദ്യു​ത തൂ​ണു​ക​ളി​ൽ സ്വ​കാ​ര്യ സം​രം​ഭ​ക​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ർ​ജി​ംഗ് യൂ​ണി​റ്റു​ക​ൾ​ക്കു വൈ​ദ്യു​തി മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു ന​ൽ​കു​ക​യും ബി​ൽ തു​ക ഈ​ടാ​ക്കുകയും ചെയ്യു​ന്ന ചു​മ​ത​ല മാ​ത്ര​മാ​ണ് കെഎ​സ്ഇബിക്ക് ഉ​ള്ള​തെ​ന്ന് കെഎ​സ്ഇബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ‌

ചാ​ർ​ജി​ംഗ് യ​ന്ത്ര​ത്തി​ന്‍റെ പ​രി​പാ​ല​ന​വും തു​ക സ്വീ​ക​രി​ക്ക​ലും സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ക​ർ​ക്കാ​ണ്. ചാ​ർ​ജി​ംഗ് മെ​ഷീ​നി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന ക്യൂ ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തശേ​ഷം ആ​പ്പി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് ന​ട​ത്തി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കുത​ന്നെ സ്വ​യം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രുംദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​ത ചാ​ർ​ജി​ംഗ് യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.