ഒറ്റപ്പാലം: ഏതു വിധേനെയും ഗ്രാമ പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് എൽഡിഎഫും യുഡിഎഫും എൻഡിഎയും കരുക്കൾ നീക്കുന്നത്. മൂന്ന് മുന്നണികളും വിജയ സാധ്യതകൾ മുൻനിർത്തി പഞ്ചായത്തുകളെ എബിസി എന്ന തരത്തിൽ കാറ്റഗറികൾ തിരിച്ചാണ് പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നത്. ഇതിൽ എ കാറ്റഗറി പഞ്ചായത്തുകളും നഗരസഭകളും നിലവിൽ ഭരണം നടത്തി വരുന്നവയാണന്നർത്ഥം.
ബി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നവ പഞ്ചായത്തിൽ ഭരണം പിടിക്കാൻ സാധിക്കും എന്ന് പൂർണ്ണമായി ഉറപ്പുള്ള പഞ്ചായത്തുകളാണ്.സി കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകൾ മുഖ്യപ്രതിപക്ഷ മാകാൻ കഴിയുന്നവയാണ്. ഇത്തരത്തിൽ മൂന്ന് മുന്നണികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വേർതിരിക്കുകയും ജില്ലാ സംസ്ഥാന നേതാക്കന്മാർക്ക് തന്നെ നേരിട്ട് ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ മേൽനോട്ടത്തിൽ ആണ് ബന്ധപ്പെട്ട പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഭരണത്തിൽ വരാൻ ആവശ്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതും ഈ നേതാക്കന്മാരാണ്. സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ, എം.ചന്ദ്രൻ, പി ഉണ്ണി എംഎൽഎ, പി.കെ ശശി എംഎൽഎ, സിഐടിയു ജില്ലാ സെക്രട്ടറി എം. ഹംസ, കെ.പി സുരേഷ് രാജ്, തുടങ്ങിയ തലമുതിർന്ന നേതാക്കന്മാരാണ് വിവിധ പഞ്ചായത്തുകളിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വി.കെ ശ്രീകണ്ഠൻ എംപി, കളത്തിൽ അബ്ദുള്ള, മരക്കാർ മാരായമംഗലം, സി.ബാലഗോപാൽ, സി.ചന്ദ്രൻ, സി.വി.ബാലചന്ദ്രൻ തുടങ്ങിയ നേതാക്കന്മാരാണ് യുഡിഎഫിനു വേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് ചുമതലകൾ വഹിക്കുന്നത്. ഇതിനുപുറമേ സി.പി മുഹമ്മദ്. ഷാഫി പറന്പിൽ എംഎൽഎ, വി.ടി ബൽറാം തുടങ്ങിയ യുവജന നേതാക്കളും സജീവമായി രംഗത്തുണ്ട്.
ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സത്യത്തിന് പ്രധാന നേതാക്കന്മാരായ സി. കൃഷ്ണകുമാർ, പി.വേണുഗോപാൽ, കെ.എം ഹരിദാസ്, വി.പി ചന്ദ്രൻ, എ.എൻ അനുരാഗ് എന്നിവരാണ്. തങ്ങൾക്ക് നൽകിയിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എന്തുവില കൊടുത്തും വിജയിപ്പിക്കുക എന്ന നിലപാടാണ് മേൽപ്പറഞ്ഞ നേതാക്കന്മാരെല്ലാം അനുവർത്തിക്കുന്നത്. അതേസമയം സാന്പത്തിക സാഹചര്യം അനുകൂലമല്ലാത്തത് സ്ഥാനാർഥികളെയെല്ലാം വല്ലാതെ ബാധിച്ചിട്ടുണ്ട്. കൊറോണയുടെ കെട്ടകാലം സാന്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചതാണ് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും തിരിച്ചടിയായത്. കച്ചവടസ്ഥാപനങ്ങൾ, മുതലാളിമാർ മറ്റ് സാന്പത്തിക സ്രോതസുകൾ തുടങ്ങിയവയെല്ലാം തന്നെ വളരെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഇത് കൊണ്ട് തന്നെ മുൻകാലങ്ങളിൽ ഉദാരമായി രാഷ്ട്രീയപാർട്ടികൾക്ക് സാന്പത്തികസഹായം നൽകിവന്നിരുന്ന ഇക്കൂട്ടർ ഇത്തവണ ഇതിന് തയ്യാറാവാത്തത് രാഷ്ട്രീയ പാർട്ടികളെ ശരിക്കും വലക്കുന്നുണ്ട്. പ്രചാരണരംഗത്ത് ഇതിന്റെ പ്രതിഫലനവും ദൃശ്യമാണ്. എന്തുവിലകൊടുത്തും സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കുക എന്ന ദൗത്യവുമായി മുന്നേറുന്നവർക്ക് പാരയായി ഇറങ്ങിയവരുമുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പേരിൽ സീറ്റ് ലഭിച്ചവരെ പരാജയപ്പെടുത്താനുള്ള പരിപാടികളാണ് പ്രധാനമായും അരങ്ങേറുന്നത്. ഇത്തരത്തിൽ സ്ഥാന മോഹികളായവരെ കണ്ടെത്തി മതിയായ പ്രോത്സാഹനം നൽകാൻ മറ്റു പാർട്ടിക്കാർ പരമാവധി ശ്രമിക്കുന്നുമുണ്ട്. വീണുകിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിക്കാൻ ആണ് ഇവരുടെ ശ്രമം. പൊതു സ്ഥലങ്ങളിൽ ചുമരെഴുത്തുകളും പ്രചരണ സാമഗ്രികളും പ്രദർശിപ്പിക്കരുതന്ന കർശനനിർദേശം തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും പുറപ്പെടുവിച്ചിട്ടുണ്ട്. നിർദ്ദേശം ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. എങ്ങനെയും ജയിച്ചു കയറുക എന്ന ലക്ഷ്യം മുൻനിർത്തി അല്ലറ ചില്ലറ അഡ്ജസ്റ്റ് മെന്റുകളും അണിയറകളിൽ പരിസ്പരം നടക്കുന്നുണ്ട്.
സ്വന്തം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി എതിർ സ്ഥാനാർത്ഥിക്ക് വേണ്ടി പണിയെടുക്കുന്ന നേതാക്കന്മാരും വേണ്ടുവോളമുണ്ട്. സ്ഥാനാർത്ഥികൾ പലരും ഇതിനകം മൂന്ന് റൗണ്ട് വീടുകളിൽ സന്ദർശനം നടത്തി കഴിഞ്ഞു. ആലസ്യത്തിൽ ആയിരുന്ന തെരഞ്ഞെടുപ്പ് രംഗം വളരെവേഗം ചൂടുപിടിക്കുന്ന കാഴ്ചയാണ് ദൃശ്യമാവുന്നത്. വരുംദിവസങ്ങളിൽ ഇതിന്റെ ആവേശം ഇനിയും ഇരട്ടിക്കും.