സായ് പല്ലവി, ദീപിക ചിഖാലിയ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ രാമായണത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് വിമർശനവുമായി നടി ദീപിക ചിഖാലിയ.
രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയുമായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഇതിൽ സായ്പല്ലവി സീതയായി മാറാൻ യോജിച്ചതാണോയെന്ന ചോദ്യവുമായാണ് അവരെത്തിയത്.
യഥാർഥ രാമായണത്തിലെ സീതയുടേത് ചുരുണ്ട മുടിയല്ലെന്നും സായ് പല്ലവി ആ വേഷത്തിന് യോജിച്ചതാണോ എന്ന് സിനിമ റിലീസായതിന് ശേഷമേ പറയാൻ കഴിയൂ എന്നും അവർ പറഞ്ഞു.
‘വെറൈറ്റി ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ദീപിക സായ് പല്ലവി സീതയായി എത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. സായ് പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച ദീപിക, സായ് പല്ലവി സീതയായി എത്തുന്നത് എങ്ങനെയിരിക്കും എന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്നും കൂട്ടിച്ചേർത്തു.
എന്നാൽ തുളസീദാസിന്റെ രാമായണത്തിലെ സീതയെക്കുറിച്ച് കൃത്യമായ വർണനയുണ്ടെന്നും സായ് പല്ലവി അതിന് യോജിച്ചതാണോ എന്നു സംശയമുണ്ടെന്നും അവർ പറഞ്ഞു. സിനിമ ഇറങ്ങുന്നതിന് മുൻപ് താൻ വിമർശിക്കുന്നില്ലെന്നും ദീപിക കൂട്ടിച്ചേർത്തു.
‘ഞാൻ സായ് പല്ലവിയുടെ സിനിമകൾ കണ്ടിട്ടു. മികച്ച അഭിനേത്രിയാണ് അവർ. പക്ഷേ, സീതയായി സായ് പല്ലവി എങ്ങനെയുണ്ടാകും എന്ന് എനിക്ക് അറിയില്ല. സിനിമ റിലീസായാൽ മാത്രമേ അതു മനസിലാകൂ. തുളസീദാസിന്റെ രാമായണത്തിലെ സീതയ്ക്ക് ബദാം കണ്ണുകളും നല്ല ഉയരവും നീണ്ട മുടിയും നല്ല നിറവും ഉള്ളതാണ്. രാമാനന്ദ സാഗർ ഏതു സീതയെയാണോ അന്വേഷിച്ചത് അതാണ് എന്നിൽ കണ്ടത്. രാമായണത്തിലേ സീതാദേവിക്ക് ചുരുണ്ട മുടിയിഴകളുമല്ല’ ദീപിക പറഞ്ഞു.
രാവണൻ ആയി വേഷമിടുന്ന യാഷിന് ആ വേഷം മികച്ചതാക്കാൻ കഴിയും. എങ്കിലും ഈ രാമായണം നേരിടുന്ന പ്രശ്നം രാമാനന്ദ സാഗറിന്റെ രാമായണവുമായി ഉള്ള താരതമ്യമാണ് എന്നും ദീപിക കൂട്ടിച്ചേർത്തു.
അൻപത് വർഷത്തിന് ശേഷം രാമായണം സിനിമയായി എത്തിയാൽ ജനങ്ങൾ രാമാനന്ദ് സാഗറിന്റെ രാമായണത്തെ മറക്കും. എന്നാൽ ഇപ്പോൾ ആ രാമായണം സീരിയൽ ഇപ്പോഴും ഫ്രഷായി നിലകൊള്ളുന്നു എന്നും ദീപിക പറഞ്ഞു. എങ്കിലും ഒരു തവണയെങ്കിലും പ്രേക്ഷകർ ‘രാമായണം’ കാണുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് ‘രാമായണ’ എത്തുന്നത്. നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രൺബീര് കപൂർ ശ്രീരാമനായും യഷ് രാവണനായും അഭിനയിക്കുന്നു.
Tags : Deepika Chikhalia Ramayanam Nitesh Tiwari Sai Pallavi Bollywood Casting