2025 ൽ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ചു. ലോകഃ ചാപ്റ്റർ 1 ചന്ദ്ര, എമ്പുരാൻ തുടങ്ങിയവ അവിസ്മരണീയ ഹിറ്റുകൾ സമ്മാനിച്ചു. മലയാളത്തിൽ മാത്രമല്ല, കന്നഡയും തമിഴും തെലുങ്കുമെല്ലാം വിജയവും പ്രശംസയും നേടി.
റിപ്പോട്ടുകൾ പ്രകാരം ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര: ചാപ്റ്റർ 1 ഏകദേശം 125 കോടി രൂപയുടെ ബജറ്റിലാണ് നിർമിച്ചത്. 852 കോടി രൂപയിലധികമാണ് ഈ ചിത്രം നേടിയത്. ഈ സിനിമയുടെ ദൃശങ്ങൾക്കും ആക്ഷൻ സീനുകൾക്കും പ്രശംസ ലഭിച്ചു.
സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൂലി 400 കോടി മുതൽ മുടക്കിലാണ് തീയറ്ററുകളിലെത്തിയത്. സൗബിൻ ഷഹീർ, നാഗാർജുന, ആമിർഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവർ വൻ താരനിര അണിനിരന്ന സിനിമ നേരിയ തോതിൽ പ്രേക്ഷക വിമർശനം നേരിട്ടിരുന്നു. എങ്കിലും ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു.
അശ്വിൻ കുമാർ സംവിധാനം ചെയ്ത ആനിമേഷൻ ചിത്രമായ മഹാവതാർ നരസിംഹ വൻ വിജയമായിരുന്നു. 40 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 326.82 കോടി കളക്ഷൻ നേടി. വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്റെ ഇതിഹാസ കഥയാണ് ഇതിൽ ചിത്രികരിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ആഗോള തലത്തിൽ ശ്രദ്ധനേടിത്തന്ന ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര. ചിത്രം 300 കോടി നേടിയതായാണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ പ്രധാന വേഷമിട്ട ഈ സിനിമയുടെ നിർമാണ ചിലവ് 30 കോടി രൂപയായിരുന്നു.
വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ചാവിഷയമായ സിനിമയാണ് ദേയ് കോൾ ഹിം ഒ.ജി. പവൻ കല്യാൺ നായകനായ ചിത്രം, 1940 കളിലെ ജപ്പാൻ മുതൽ 1990 കളിലെ മുംബൈ വരെയുള്ള പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ചിത്രം ആഗോളതലത്തിൽ 293.65 കോടി നേടി.
നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന്റെ നിർമാണ ചിലവ് 175 കോടിയായിരുന്നു. സിനിമ ആഗോള തലത്തിൽ 266.81 കോടി രൂപ നേടി.
2025 ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് സംക്രാതകീ വാസ്തുനം. വെങ്കിടേഷ് ദുഗ്ഗുബതി, ഐശ്വര്യ രാജേഷ്, മീനാക്ഷി ചൗധരി എന്നിവർ പ്രധാന വേഷമിട്ട ഈ ചിത്രം 255.2 കോടിയാണ് നേടിയത്.
15 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച ചിത്രമാണ് തുടരും. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ച് അണിയിച്ചൊരുക്കിയ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ സിനിമ ബോക്സ് ഓഫീസിൽ 234.5 കോടി രൂപ നേടി.
അധിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തും, തൃഷ കൃഷ്ണനും അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ഏകദേശം 300 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 248.25 കോടി രൂപ നേടി.
ഹോറർ കോമഡി കന്നഡ ചിത്രമാണ് സു ഫ്രം സോ. മർലൂർ എന്ന തീരദേശ ഗ്രമത്തിലാണ് ഈ കഥ നടക്കുന്നത്. 122.83 കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്.