നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. രണ്ടുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് നടി വിവാഹമോചിതയാകുന്നത്.
മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു.
പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.

വിവാഹശേഷം സ്വഭാവത്തിലെയും അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങൾ മനസിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്നുമാണ് കുടുംബവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ അനുരഞ്ജിപ്പിക്കാനും ഒരുമിച്ച് ജീവിക്കുവാനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.
ഏകദേശം രണ്ട് വർഷം മാത്രമാണ് ഇവർ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 2024 ജൂലൈ രണ്ടു മുതൽ ഇവർ വേർപിരിഞ്ഞു താമസിക്കുകയാണ്.
ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. 2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവമായാണ് ചടങ്ങുകൾ നടന്നത്.
Tags : Hansika divorce movie news