ഛാത്ത് പൂജയ്ക്കായി നിർമിച്ച സ്നാനഘട്ടുകളിലൊന്ന്. ഡൽഹി മുഖ്യമന്ത്രിക്കെതിരേ ആം ആദ്മിയുടെ പോസ്റ്റ് വലത്ത്.
ന്യൂഡൽഹി: പുണ്യനദിയായ യമുനയുടെ ശുചീകരണത്തിനായി ശതകോടികൾ ചെലവഴിച്ചിട്ടും നദി കൂടുതൽ മലിനമാകുന്നതിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഛാത്ത് പൂജ ഉത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന സ്നാനത്തിനായി ഭക്തർ മലിനമായ യമുനയിൽ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ ഈ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കടുത്ത മാലിന്യം മൂലം സോപ്പ് പതച്ചതുപോലെ നദിമുഴുവൻ പത നിറഞ്ഞിരിക്കുകയാണ്. ഇതിന്‍റെ ഗൗരവം മനസിലാക്കാതെ പലരും ഈ വെള്ളത്തിൽ ഇറങ്ങി കുളിക്കുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, മലിനമായ യമുനയിൽ ഇറങ്ങാൻ കഴിയില്ലാത്തതിനാൽ പലേടത്തും നദീതീരത്തു തന്നെ സ്നാനഘട്ടങ്ങൾ നിർമിച്ചിട്ടുണ്ട്. മന്ത്രിമാരും വിഐപികളും മിക്കവരും ഇത്തരം ഘട്ടുകളിലാണ് ഭക്തകർമങ്ങൾ നിർവഹിച്ചത്. നീളത്തിലുള്ള കുളങ്ങളായി നിർമിച്ച ഇവിടേക്ക് പുറത്തുനിന്നു ശുദ്ധജലംകൊണ്ട് നിറയ്ക്കുകയാണ്.
അതേസമയം, സാധാരണ മനുഷ്യരെ മലിനമായ നദിയിലേക്കു തള്ളിവിട്ട ഭരണകൂടങ്ങൾ വിഐപികൾക്കും മന്ത്രിമാർക്കും സ്പെഷൽ സൗകര്യങ്ങൾ ഒരുക്കുകയാണെന്ന വിമർശനവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തുവന്നു.
ആം ആദ്മി ഡൽഹി ഘടകം പ്രസിഡന്‍റ് സൗരഭ് ഭരദ്വാജ് മുഖ്യമന്ത്രി പ്രത്യേകം തയാറാക്കിയ കുളത്തിലൂടെ വള്ളത്തിൽ സഞ്ചരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു വിമർശനം ഉന്നയിച്ചു.
യമുനയെ ഉടൻ മാലിന്യമുക്തമാക്കുമെന്നു കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവും ഇപ്പോഴത്തെ മലിന ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. അതേസമയം, മന്ത്രിമാർക്കും വിഐപികൾക്കും മാത്രമല്ലെന്നും അല്ലാതെയും 1400 സ്നാനഘട്ടങ്ങൾ തീർത്തിട്ടുണ്ടെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ താരതമ്യേന യമുനയിലെ മാലിന്യം കുറഞ്ഞിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
വിഷയത്തിൽ ഇന്നലെ സുപ്രീം കോടതിയും ഇടപെട്ടു. യമുന ശുദ്ധീകരണത്തിനായി ഒരുപാട് പണം ചെലവഴിച്ചിട്ടും നദി കൂടുതൽ മലിനമാവുകയായിരുന്നെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നദി തീരത്തെ നഗരങ്ങളുടെ ഭരണകൂടങ്ങളെല്ലാം ഇതിന് ഉത്തരവാദികളായും ജസ്റ്റീസ് മനോജ് ശർമ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
യമുനയിലേക്കു തുറന്നുവിടുന്ന 520 ഓടകളിലൂടെ പ്രതിദിനം മാലിന്യം കുതിച്ചൊഴുകി എത്തുകയാണ്. ഇതു നദീതീരത്തു വരുന്ന നഗരങ്ങളുടെയും ഗ്രാമാധികാരികളുടെയും ഭരണകൂടങ്ങളുടെയും വീഴ്ചയാണെന്നു കോടതി നിരീക്ഷിച്ചു. ഇതു പരിഹരിക്കാത്തതുകൊണ്ടാണ് കോടികൾ ചെലവിട്ടിട്ടും യമുന കൂടുതൽ മലിനമാകുന്നത്. അതിനാൽ യമുനാനദി ഓരോ സംസ്ഥാനത്തേക്കും പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യുന്ന സ്ഥലങ്ങളിലെ വെള്ളത്തിന്‍റെ നിലവാരം നിരീക്ഷിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് (സിപിസിബി) കോടതി ആവശ്യപ്പെട്ടു.
ഒരു സംസ്ഥാനത്തുനിന്നോ ഏതെങ്കിലും ജില്ലയിലൂടെയോ കടന്നുപോകുമ്പോൾ നദിയിലെ വെള്ളം കൂടുതൽ മലിനപ്പെടുന്നുണ്ടോയെന്നു പരിശോധക്കണം. സമീപത്തെ ഭരണകൂടങ്ങൾ അതിന് ഉത്തരവാദികളായിരിക്കും. അവർക്കെത്ര പിഴ ചുമത്തണമെന്നു നിർണയിക്കാനുള്ള ഫോം തയാറാക്കാനും കോടതി ആവശ്യപ്പെട്ടു.
Tags : YamunaRiver #aamaadmiparty Congress Controversy