ന്യൂഡൽഹി: ദക്ഷിണ പടിഞ്ഞാറൻ ഡൽഹിയിലെ പാലം പ്രദേശത്തുള്ള ബഹുനില കെട്ടിടത്തിനു തീപിടിച്ച് മൂന്നു കുട്ടികളുൾപ്പെടെ ഒന്പതു പേർ മരിച്ചു. നിരവധി പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലം മെട്രോ സ്റ്റേഷനടുത്തുള്ള രാം മാർക്കറ്റിലെ നാലുനില കെട്ടിടത്തിനാണു തീപിടിച്ചത്. കെട്ടിടത്തിന്റെ ബേസ്മെന്റിലും താഴത്തെയും ഒന്നാമത്തെ നിലകളിലും തുണിക്കടയുണ്ടായിരുന്നുവെന്നും ഇവിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാവിലെ ഏഴോടെയാണു തീപിടിത്തമുണ്ടായത്.
മരിച്ചവരുടെ ആശ്രിതർക്കു രണ്ടു ലക്ഷം രൂപയുടെയും പരിക്കേറ്റവർക്ക് 50,000 രൂപയുടെയും ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിനു നിർദേശിച്ചതായി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു.
30 ഓളം അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീയണച്ചത്. തീപിടിത്തത്തിൽനിന്നു രക്ഷതേടി മൂന്നാംനിലയിൽനിന്നു ചാടിയ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Delhi multi storey building fire