പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ ഡീഗ് ജില്ലയിൽ അമ്മയുടെ പ്രണയബന്ധത്തെ എതിർത്ത 13 വയസുകാരനായ ഇരട്ടക്കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ അമ്മയായ പ്രീതി, കാമുകൻ, കൊലപാതകത്തിൽ പങ്കാളിയായ 16 വയസുകാരനായ മൂത്ത മകൻ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വിനയ്, വിഷ്ണു ചൗധരി എന്നീ ഇരട്ടക്കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് സ്വദേശി നിരഞ്ജൻ സിംഗുമായി 20 വർഷം മുമ്പായിരുന്നു പ്രീതിയുടെ വിവാഹം. ഭർത്താവിന്റെ മരണശേഷം പ്രീതിയും മക്കളും സ്വന്തം നാടായ ഡീഗിലെ ബഡേസ്രയിലെ വീട്ടിലേക്ക് താമസം മാറുകയാണുണ്ടായത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധു നടത്തിയ തെരച്ചിലിനൊടുവിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
കുട്ടികളുടെ കഴുത്തറുക്കുകയും തലയിലും ശരീരത്തിലും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രീതിയും അതേ ഗ്രാമത്തിലുള്ള കാമുകനും തമ്മിലുള്ള ബന്ധത്തെ ഇരട്ടക്കുട്ടികൾ എതിർത്തിരുന്നു. ഈ ബന്ധത്തിന് കുട്ടികൾ തടസമായതോടെയാണ് അമ്മ കാമുകനുമായി ചേർന്ന് കൊലപാതകം ചെയ്തത്.
പ്രീതിയുടെ ആവശ്യപ്രകാരം കാമുകൻ വീട്ടിലെത്തുകയും ഇയാളും പ്രീതിയുടെ മൂത്ത മകനും ചേർന്ന് കുട്ടികളെ കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ ഇളയ കുട്ടികളുടെ എതിർപ്പിനെതിരെ മൂത്ത മകൻ അമ്മയെ പിന്തുണച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത പൊലിസ് ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
Tags : Crime TwinBrothers Murder Mother Custody