മിന്നൽ പരിശോധന; ഹൂസ്റ്റണിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച ബാറുകൾ പൂട്ടി, 20 പേർ പിടിയിൽ
പി.പി. ചെറിയാൻ
Wednesday, May 14, 2025 11:22 AM IST
ടെക്സസ്: തെക്കുകിഴക്കൻ ഹൂസ്റ്റണിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച രണ്ട് ബാറുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ 20 പേർ അറസ്റ്റിൽ. തോക്കുകളും ലഹരിമരുന്നുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. രണ്ട് ബാറുകളും പോലീസ് അടച്ചുപൂട്ടി.
ക്ലിയർവുഡ് ഡ്രൈവിന് സമീപമുള്ള ഗൾഫ് ഫ്രീവേയ്ക്ക് പുറത്തുള്ള ഷോപ്പിംഗ് സെന്ററിലാണ് പോലീസ് പരിശോധന നടത്തിയത്. ലാ സോണ ബാർ, ലോഞ്ച് - സോണ 45 എന്നും അറിയപ്പെടുന്ന - ലോസ് കൊറാലെസ് സൗത്ത് എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഒരേ സമയമായിരുന്നു റെയ്ഡുകൾ നടത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാർ ഉടമകൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഹൂസ്റ്റൺ മേയർ ജോൺ വിറ്റ്മയർ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത്, ലൈസൻസില്ലാതെ അനുവദനീയമായ സമയത്തിന് ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ തടയാൻ പിഴകൾ മാത്രം പോരാ എന്ന് സിറ്റി കൗൺസിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ആഴ്ചകളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.