സംഗീത ഇതിഹാസം ജോണി റോഡ്രിഗസ് അന്തരിച്ചു
പി.പി. ചെറിയാൻ
Wednesday, May 14, 2025 2:40 PM IST
ടെക്സസ്: സംഗീത ഇതിഹാസം ജോണി റോഡ്രിഗസ്(73) അന്തരിച്ചു. അമേരിക്കയിലെ നാടൻ പാട്ടുകളുടെ (കൺട്രി മ്യൂസിക്) വിഭാഗത്തിലേക്ക് കടന്നുവന്ന ആദ്യ ഹിസ്പാനിക് ഗായകരിൽ ഒരാളായിരുന്നു റോഡ്രിഗസ്.
1951 ഡിസംബർ 10ന് ടെക്സസിലെ സബിനാലിൽ ജനിച്ച റോഡ്രിഗസ് ചെറുപ്പത്തിൽ പള്ളിയിലെ അൾത്താര ബാലനും ജൂണിയർ ഹൈ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു. എന്നാൽ 16 വയസുള്ളപ്പോൾ അച്ഛൻ കാൻസർ ബാധിച്ച് മരിക്കുകയും അടുത്ത വർഷം സഹോദരൻ വാഹനാപകടത്തിൽ മരിക്കുകയും ചെയ്തത് അദ്ദേഹത്തെ തളർത്തി. ഈ ദുഃഖത്തെ തുടർന്നാണ് സംഗീതത്തിലേക്ക് തിരിഞ്ഞത്.
2007ൽ ടെക്സസ് കൺട്രി മ്യൂസിക് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ റോഡ്രിഗസ് 1970കളിലാണ് സംഗീത ജീവിതം ആരംഭിച്ചത്. 70കളിലും 80കളിലും ഒട്ടറെ ഒന്നാം നമ്പർ ഗാനങ്ങൾ ഉൾപ്പെടെ നിരവധി മികച്ച 10 ഹിറ്റുകൾ അദ്ദേഹം നേടി.
യു ഓൾവേസ് കം ബാക്ക് (ടു ഹർട്ടിംഗ് മി), റൈഡിൻ മൈ തമ്പ് ടു മെക്സിക്കോ, ദാറ്റ്സ് ദ വേ ലവ് ഗോസ് എന്നിവ പ്രധാന ഹിറ്റുകളിൽ ചിലതാണ്.