രമേശ് ചെന്നിത്തലയ്ക്ക് ഗ്ലോബൽ ഇന്ത്യൻ കർമശ്രേഷ്ഠ പുരസ്കാരം
ജീമോൻ റാന്നി
Wednesday, May 14, 2025 5:39 PM IST
ഹൂസ്റ്റൺ: കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ പ്രഥമ കർമ ശ്രേഷ്ഠ അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങുന്നത്തിനായി രമേശ് ചെന്നിത്തല അമേരിക്കയിലെത്തും.
പെയർലാൻഡ് സിറ്റി മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്ന് ചെന്നിത്തലയ്ക്ക് പുരസ്കാരം നൽകും.
ഈ മാസം 24നു ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചുനടക്കുന്ന പുരസ്കാരരാവിൽ അവാർഡ് സമ്മാനിക്കും. അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ഗൾഫ് എന്നിവിടങ്ങളിൽ നിന്നും നിരവധി പ്രമുഖ വ്യക്തികളും ഫെസ്റ്റിനു മാറ്റുകൂട്ടാൻ എത്തിച്ചേരും.
ചെന്നിത്തലയുടെ സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങളാണ് പ്രധാനമായും പുരസ്കാരത്തിന് പരിഗണിച്ചത്. കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതി നിരവധിയാളുകൾക്ക് സഹായമേകുന്നുണ്ട്.
ദളിത്, ആദിവാസി കുടുംബങ്ങളുടെ സമഗ്ര വികസനവും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവന്ന് ജീവിത നിലവാരം ഉയർത്തുകയെന്നതുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.