16 ബില്യൺ ഡോളറിലധികമുള്ള വമ്പൻ പദ്ധതികൾ; നവീകരണത്തിനൊരുങ്ങി ഡിഎഫ്ഡബ്ല്യു വിമാനത്താവളം
ഏബ്രഹാം തോമസ്
Wednesday, May 14, 2025 3:27 PM IST
ഡാളസ്: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായ ഡാളസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിൽ വന്പൻ നവീകരണ പദ്ധതികൾ നടപ്പിലാക്കുന്നു.16 ബില്യൺ ഡോളറിലധികമുള്ള പദ്ധതികളാണ് അടുത്ത രണ്ടു, മൂന്നു വർഷത്തിനുള്ളിൽ നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഡിഎഫ്ഡബ്ല്യു ഫോർവേഡ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിൽ 12 ബില്യൺ ഡോളറിന്റെ ക്യാപിറ്റൽ ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഫോർട്ട്വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് നാല് ബില്യൺ ഡോളർ നിക്ഷേപവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
ഡാളസ്, ഫോർട്ട്വർത്ത് എന്നീ രണ്ടു വലിയ നഗരങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്താവളത്തെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് ആലോചിക്കുമ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. രണ്ടു നഗരങ്ങൾ ചേർന്ന് ഒരു വിമാനത്താവളം ആരംഭിക്കുകയോ നടത്തിക്കൊണ്ടു പോവുകയോ നടക്കുന്ന കാര്യമല്ല എന്ന് ആലോചനായോഗങ്ങളിൽ പലരും അഭിപ്രായപ്പെട്ടു.
എന്നാൽ വിമാനത്താവളം യാഥാർഥ്യമായി. ഡിഎഫ്ഡബ്ല്യു കൂടുതൽ കൂടുതൽ വികസിതമായി. നോർത്ത് ടെക്സസായി അറിയപ്പെടുന്ന ചുറ്റുമുള്ള 30ൽ അധികം നഗരങ്ങളും വളരെ വേഗം വികസിച്ചു. ഈ മാസം ആദ്യം ഡിഎഫ്ഡബ്ല്യു വിമാനത്താവളവും അമേരിക്കൻ എയർലൈൻസും ചേർന്ന് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ടെർമിനൽ എഫ് വിപുലമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു.
ഇപ്പോൾ ടെർമിനൽ ഇയോട് ചേർന്ന് പ്രവർത്തിക്കുന്ന എഫ് ടെർമിനൽ സ്വതന്ത്രമായി മാറും. ആദ്യം 1.6 ബില്യൺ ഡോളർ ചെലവിൽ 15 ഗേറ്റുകളുമായാണ് ഈ ടെർമിനൽ ഉദ്ദേശിച്ചിരുന്നത്. പുതുക്കിയ പദ്ധതിയിൽ 31 സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗേറ്റുകൾ ഉണ്ടാവും. ഈ ടെർമിനൽ അമേരിക്കൻ എയർലൈൻസിനു മാത്രമായിരിക്കും.
ടെർമിനൽസ് എയുടെയും സിയുടെയും വികസന പരിപാടികളും ഇതോടൊപ്പം നടപ്പാകും. ഏറ്റവും തിരക്കുള്ളതും ഏറ്റവും പഴയതുമാണ് ടെർമിനൽ സി മൂന്ന് ബില്യൺ ഡോളർ ചെലവഴിച്ചു പുതുക്കി പണിയും. കാഴ്ചകൾ മറച്ചു നിൽക്കുന്ന 400 പില്ലറുകൾ പൊളിച്ചു മാറ്റുകയും മേൽക്കൂരയ്ക്ക് ഉയരം കൂട്ടുകയും ചെയ്യും.
115,000 സ്ക്യുയർ ഫീറ്റിന്റെ പിയർ വികസനവും അഞ്ച് ഗേറ്റുകൾ പുതുക്കുകയും ചെയ്യും. ഇതിനു ശേഷം ടെർമിനൽ സിയുടെ ബാക്കി ഭാഗങ്ങൾ പൊളിച്ചു നീക്കം ചെയ്യും. ടെർമിനൽ എ യിൽ 140,000 സ്ക്യുയർ ഫീറ്റിന്റെ പിയർ വികസനവും അഞ്ച് ഗേറ്റുകളുടെ പുനർ നിർമാണവും പുതിയതായി നാല് ഗേറ്റുകൾ കൂടി ചേർക്കുകയും ചെയ്യും.
പൂർണമായ പുതുക്കി പണിയലിനു വേണ്ടി വിമാനത്താവളം അതിന്റെ ഏറ്റവും വലിയ റൺവേ, 17 ആർ/35 എൽ, 2023ൽ അടച്ചിരുന്നു. വളരെ ഘനമേറിയ അസ്ഫാൾട് മീതെയും പുതിയ ഡ്രയിനേജ് സിസ്റ്റവും ആന്തരിക സംവിധാനവും ലൈറ്റിംഗും 2725 റൺവേ എൽഇ ഡി ലൈറ്റുകളും ഘടിപ്പിച്ചതിനു ശേഷം കഴിഞ്ഞ ഒക്ടോബറിൽ ടെർമിനൽ വീണ്ടും തുറന്നു കൊടുത്തു.
ഇലക്ട്രിക്ക് സെൻട്രൽ പ്ലാന്റ് (ഇ കപ്പ് ) എല്ലാ ടെർമിനലുകളുടെയും താപനില കാത്തു സൂക്ഷിക്കും. ഇത് ഈ വർഷ അവസാനത്തോടെ പ്രവർത്തനക്ഷമമാവും എന്നാണ് കരുതുന്നത്. ടെർമിനൽ എയുടെയും സിയുടെയും വികസനവും ഈസ്റ്റ് - വെസ്റ്റ് കണക്ടറും ഇന്റർനാഷണൽ പാർക്ക് വേയുടെ ആധുനികവത്കരണവും 2026ൽ പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
2027ൽ ടെർമിനൽ എഫിന്റെ ആദ്യ ഘട്ടം പൂർത്തിയാവും. ഇതിൽ 15 ഗേറ്റുകൾ ഉണ്ടാവും. 2030 ഓടെ ടെർമിനൽ സി പൂർണമായും പുനർ നിർമിക്കപ്പെടും. ഡിഎഫ്ഡബ്ല്യു ഒരു മോഡുലാർ കൺസ്ട്രക്ഷൻ മെത്തേഡാണു ഉപയോഗിക്കുന്നത്. ഇതനുസരിച്ചു ടെർമിനലിനുള്ളിൽ ഗേറ്റുകൾ നിർമിച്ചു കൈമാറും.
ഇത് സമയവും പണവും ലാഭിക്കും എന്ന് വിമാനത്താവളത്തിന്റെ സിഇഒ ഷാൻ ഡോണോഹൂ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കുവാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.