ഡാളസ്: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ ചർച്ച ഗംഭീരമായി നടന്നു. ഞായറാഴ്ച വൈകുന്നേരം 4.30ന് ഡാളസിലെ കേരള അസോസിയേഷൻ ഹാളിലായിരുന്നു സമ്മേളനം.
എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ സാഹിത്യ തത്പരരായ ഡാളസ് നിവാസികൾക്കായി കെഎൽഎസ് സംഘടിപ്പിച്ചുവരുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരൽ. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന സാഹിത്യ സെഷനിൽ ഹരിദാസ് തങ്കപ്പൻ, ജേക്കബ് ജോൺ, ജോസ് വർഗീസ്, നിഷ ജേക്കബ് എന്നിവർ തങ്ങളുടെ പുത്തൻ കഥകളും കവിതകളും അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട കൃതികളെക്കുറിച്ച് സദസിലുണ്ടായിരുന്നവർ സജീവമായ സംവാദങ്ങൾ നടത്തി.

സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമായ "സാഹിത്യവും - സത്യവും' എന്ന വിഷയം പ്രശസ്ത കവി ഫ്രാൻസിസ് തോട്ടത്തിൽ അവതരിപ്പിച്ചു. സാഹിത്യ സൃഷ്ടികളിലെ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ലാന മുൻ പ്രസിഡന്റ് ജോസൻ ജോർജ്, ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ, കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, കെഎൽഎസ് മുൻ പ്രസിഡന്റുമാരായ സിജു വി. ജോർജ്, ഷാജു ജോൺ എന്നിവർ ഈ വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹക്കിം ചോലയിലിന്റെ "അഗതാ ക്രിസ്റ്റിയുടെ 11 ദിനങ്ങൾ' എന്ന പുസ്തകം കെഎൽഎസ് മുൻ പ്രസിഡന്റ് അനൂപ കോശി പരിചയപ്പെടുത്തി.
ലോകപ്രശസ്ത എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ദുരൂഹമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച ഈ കൃതിയെക്കുറിച്ചുള്ള വിശകലനം ഏറെ ശ്രദ്ധേയമായി.
സെക്രട്ടറി ബാജി ഓടംവേലി പരിപാടിയുടെ അവതാരകനായിരുന്നു. ജോയിന്റ് ട്രഷറർ സാറ ചെറിയാൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഡാളസിലെ നിരവധി സാഹിത്യപ്രേമികൾ ചടങ്ങിൽ പങ്കെടുത്തു.
Tags : kerala literary society dallas literary discussion usa