പ്രതീകാത്മക ചിത്രം
സെന്റ് ലൂയിസ്: അമേരിക്കയിലെ മിസോറിയിൽ മൂന്നു വയസുകാരി തനിച്ചിരുന്ന എസ്യുവി കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
വാഹനം പൂർണമായും വെള്ളത്തിനടിയിലാകുന്നതിന് തൊട്ടുമുമ്പായിരുന്നു രക്ഷാപ്രവർത്തനം. മിസോറിയിലെ സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
മേഗൻ കോൾഹാസ് എന്ന സ്ത്രീ തന്റെ ജിഎംസി യൂക്കോൺ എസ്യുവി കുളത്തിന് സമീപം നിർത്തിയശേഷം മറ്റ് മൂന്ന് കുട്ടികളെ സ്കൂൾ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മൂന്നുവയസുകാരിയായ മകൾ വാഹനത്തിനുള്ളിൽ തനിച്ചായിരുന്നു. കുട്ടി അബദ്ധത്തിൽ വാഹനത്തിന്റെ ഗിയർ മാറ്റിയതാകാം എസ്യുവി മുന്നോട്ടുനീങ്ങി കുളത്തിലേക്ക് മറിഞ്ഞതിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
വാഹനം വെള്ളത്തിലേക്ക് നീങ്ങുന്നത് കണ്ട് അമ്മയും മറ്റ് കുട്ടികളും നിലവിളിച്ചെങ്കിലും നിമിഷങ്ങൾക്കകം എസ്യുവി വെള്ളത്തിലേക്ക് താഴ്ന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്.
വാഹനം പൂർണമായും വെള്ളത്തിനടിയിലാകുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുമ്പ് കുട്ടിയെ രക്ഷപ്പെടുത്താനായത് വലിയ ദുരന്തം ഒഴിവാക്കി.
തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അമ്മ മേഗൻ കോൾഹാസിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ ജീവൻ രക്ഷിച്ച നാട്ടുകാരെ അമ്മയും കുടുംബവും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്.
Tags : Accident Missouri ChildRescue SUVAccident MiracleRescue USA