ഇ​രു​ളി​ൽ തെ​ളി​യു​ന്ന പ്ര​കാ​ശം
ഇ​തൊ​രു വി​ൽ​പ​ത്ര​മാ​ണ്.
’മ​ര​ണ​ശേ​ഷം എ​ന്‍റെ ശ​രീ​രം എ​വി​ടെ സം​സ്ക​രി​ക്കും എ​ന്നെ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ൽ എ​ന്‍റെ ശ​രീ​രം ഓ​ൾ ഇ​ന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​നു വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്രം ആ​റു വ​ർ​ഷം മു​ൻ​പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ശ​രീ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നാ​ട്ട​മി പ​ഠ​ന​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ട​ണം എ​ന്ന​തു മാ​ത്ര​മ​ല്ല ഇതിനുപിന്നിൽ. ദ​ശ​ല​ക്ഷ​ത്തി​ലൊ​രാ​ൾ​ക്ക് മാ​ത്രം ഞ​ര​ന്പു​ക​ളെ ബാ​ധി​ക്കു​ന്ന അ​ത്യ​പൂ​ർ​വ​ ജ​നി​തക രോ​ഗ​ബാ​ധി​ത​ൻ​കൂ​ടി​യാ​ണ് ഞാ​ൻ. എ​ന്‍റെ ശ​രീ​രം പ​ഠി​ക്കു​ന്ന​തി​ലൂ​ടെ ഈ ​രോ​ഗ​ത്തി​ന് പ്ര​തി​വി​ധി ക​ണ്ടെ​ത്താ​ൻ വൈ​ദ്യ​ശാ​സ്ത്ര​ത്തി​നാ​യാ​ൽ ജീ​വി​തം സാ​ർ​ത്ഥ​ക​മാ​യി- ഫാ. ​സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര ക​പ്പൂ​ച്ചി​ൻ’.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ അ​ധി​ക​മാ​രാ​ലും അ​റി​യ​പ്പെ​ടാ​നാ​ഗ്ര​ഹി​ക്കാ​തെ ഏറെക്കാലമായി കഴിയുന്ന സ​ന്യാ​സ വൈ​ദി​ക​നാ​ണ് ഫാ. ​സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര ക​പ്പു​ച്ചി​ൻ. വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യെ​പ്പോ​ലെ ഉ​ദാ​ത്ത​മാ​യ ചി​ന്ത​ക​ളും ബോ​ധ്യ​ങ്ങ​ളും പ്ര​സ​രി​പ്പി​ക്കു​ന്ന സേ​വ്യ​റ​ച്ച​ൻ ഏവർക്കും പ്രിയങ്കരനാണ്. ഇ​ന്ത്യ​ൻ ക​റ​ന്‍റ്സ് ഇം​ഗ്ളീ​ഷ് വാ​രി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, മീ​ഡീ​യ ഹൗ​സ് പ്ര​സാ​ധ​ക സം​രം​ഭ​ത്തി​ന്‍റെ​യും നോ​യി​ഡ​യി​ലെ ജ്യോ​തി പ്രി​ന്‍റേ​ഴ്​സി​ന്‍റെ​യും സ്ഥാ​പ​ക​ൻ തു​ട​ങ്ങി വി​പു​ല​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ലം.
പ​ത്രാ​ധി​പ​ർ​ക്കും എ​ഴു​ത്തു​കാ​ര​നും പ്രൂ​ഫ് വാ​യ​ന​ക്കാ​ര​നും ക​ണ്ണു​ക​ൾ​ക്ക് ന​ല്ല കാ​ഴ്ച​യു​ണ്ടാ​യേ തീ​രു. എ​ന്നാ​ൽ ഒ​രു നി​ഴ​ൽ​വെ​ട്ടം പോ​ലെ മാ​ത്ര​മു​ള്ള കാ​ഴ്ച​ശക്തിയുടെ ക​രു​ത്തി​ലും ക​രു​ത​ലി​ലു​മാ​ണ് ഇദ്ദേഹം പ്ര​സാ​ധ​ന രം​ഗ​ത്ത് വി​സ്മ​യ​ം കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഒ​രു പ​രി​ധി​വ​രെ ഉ​ൾ​ക്കാ​ഴ്ച​യും മ​ന​ക്ക​രു​ത്തും ​കൊ​ണ്ടാ​ണ് സേ​വ്യ​റ​ച്ച​ൻ ഓ​രോരോ പ​രി​മി​തി​ക​ളെയും അതിജീവിക്കുന്നത്.

കാ​ഴ്ച മെ​ല്ലെ​മെ​ല്ലെ ഇ​രു​ള​ട​യു​ന്ന അ​പൂ​ർ​വ രോ​ഗ​ം. കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി പ​ഠ​നം ക​ഴി​ഞ്ഞ് ഏ​റെ വൈ​കാ​തെ ക​ണ്ണു​ക​ളി​ൽ ഇ​രു​ൾ ക​യ​റി​ത്തു​ട​ങ്ങി.​ സ്യൂ​ഡോ സാ​ന്തോ​മാ ഇ​ലാ​സ്തി​ക്യം എ​ന്ന വൈ​ദ്യ​ശാ​സ്ത്ര​നാ​മ​മു​ള്ള ഈ ​അ​വ​സ്ഥ സേ​വ്യ​റ​ച്ച​ന്‍റെ പ​രേ​ത​രാ​യ ഫാ.​ക്ലീ​റ്റ​സ്, ഫാ.​ജോ എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു. കാ​ഴ്ച വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ല​ങ്ങ​ളോ​ളം ന​ട​ത്തി​യ ചി​കി​ത്സ​ക​ളൊ​ന്നും ഫ​ലം ക​ണ്ട​ില്ല.

ഇ​ത്ര​യും വ​ലി​യ ആ​ഘാ​ത​ത്തി​ൽ മനസ് ത​ള​ർ​ന്ന് ഒ​രു ഇരുൾമു​റി​യു​ടെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങാ​ൻ സേ​വ്യ​റ​ച്ച​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല.
മു​ന്നി​ലെ​ത്തു​ന്ന വ്യ​ക്തി​ക​ളെ​യും വ​സ്തു​ക്ക​ളെ​യും മ​ങ്ങി​യ നി​ഴ​ൽ പോ​ലെ മാത്രമേ അച്ചന് കാണാനാകൂ. ഈ ​പ​രി​മി​തി​യെ​യാ​ണ് പ​ത്രാ​ധി​പ​രും പ്ര​സാ​ധ​ക​നു​മാ​യ ഫാ. ​സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര മറികടക്കുന്നത്. വാ​യ​ന​യി​ൽ അ​ൽ​പം കണ്ണു​വെ​ട്ട​ത്തി​നാ​യി പ്ര​ത്യേ​ക ത​രം ഭൂ​ത​ക​ണ്ണാ​ടിയാണ് ഉ​പ​യോ​ഗി​ക്കു​ന്നത്. ഡി​ജി​റ്റ​ൽ സ്ക്രീ​നി​ൽ അ​ക്ഷ​ര​ങ്ങ​ളെ ഓ​രോ​ന്നാ​യി വ​ലി​പ്പ​ത്തി​ൽ കാ​ണി​ക്കു​ന്ന സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ചാണ് ശ്ര​മ​ക​ര​മാ​യ പ്രൂഫ് വായന. താ​ൾ​പ്പു​റ​ങ്ങ​ളി​ലെ ചെ​റി​യ അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ വ​രെ കണ്ടെത്തി തി​രുത്തൽ വരുത്തും.

ഡ​ൽ​ഹി​യി​ലുടനീളം ത​നി​ച്ചു യാ​ത്ര ചെ​യ്യും. ട്രെയിനിൽ തനിയെയാണ് ദീർഘദൂരയാത്രകൾ. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ ഉ​ൾ​പ്പാ​ത​ക​ളി​ലൂ​ടെ സൈ​ക്കി​ൾ റി​ക്ഷ​യി​ലാ​ണ് സഞ്ചാരം. അ​വ​ശ്യ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​രോ​ട് വ​ഴി ചോ​ദി​ച്ച​റി​യും. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം ക്ലേ​ശ​ക​ര​മാ​യപ്പോൾ സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും ഇം​ഗ്ലീ​ഷി​ൽ പ​റ​ഞ്ഞു​ത​രു​ന്ന സോഫ്റ്റ്‌വെയർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നും പ്ര​ത്യേ​ക​മാ​യ സാ​ങ്കേ​തി​ക വി​ദ്യ ത​ര​പ്പെ​ടു​ത്തി. അ​ങ്ങ​നെ ഓ​രോ കാ​ല​ത്തും പ​രി​മി​തി​ക​ളെ ആത്മവിശ്വാസത്തിന്‍റെ കരുത്തിലായിരുന്നു ​പ​ത്രാ​ധി​പ​രു​ടെ ജീ​വി​തം.

മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ന്പാ​ണ് ഫാ. ​സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​വും, ഫി​ലി​പ്പീ​ൻ​സി​ലെ മ​നി​ല സ്റ്റേറ്റ് യൂ​ണി​വേ​ഴ്സി​റ്റി​ൽ നി​ന്നു പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബി​രു​ദാ​ന്ത​ര ബി​രു​ദ​വും അവിടെനിന്ന് ഡോ​ക്ട​റേ​റ്റും നേ​ടി.
ഒ​ന്ന​ര വ​ർ​ഷ​ക്കാ​ലം മ​നി​ല സ്റ്റേറ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വിസിറ്റിംഗ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. ചെ​റു​പ്പകാലം മു​ത​ൽ അ​ച്ച​ടി​യും പു​സ്ത​ക പ്ര​സാ​ധ​ന​വവുമായിരുന്നു അ​ച്ച​ന്‍റെ പാഷൻ.

അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക്

1981-87 കാ​ല​ത്ത് ഭ​ര​ണ​ങ്ങാ​ന​ത്തു​നി​ന്നു​ള്ള ക​പ്പു​ച്ചി​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​സീ​സി മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റും ജീ​വ​ൻ ബു​ക്സി​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​റു​മാ​യി​രി​ക്കെ​യാ​ണ്് അ​ച്ച​ൻ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്.
ഡ​ൽ​ഹി​യി​ൽ സി​ബി​സി​ഐ​യു​ടെ മു​ഖ​പ​ത്ര​മാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ഇ​ന്ത്യ​ൻ ക​റ​ന്‍റ്സ് എ​ന്ന ഇം​ഗ്ളീ​ഷ് വാ​രി​ക. സി​ബി​സി​ഐ​യു​ടെ സെ​ക്ര​ട്ട​റി​യും മു​ൻ​പ് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലുമാ​യി​രു​ന്ന ഫാ.​ജോ​ണ്‍ വ​ള്ള​മ​റ്റ​മാ​യി​രു​ന്നു അക്കാലത്ത് പ​ത്രാ​ധി​പ​ർ. സാ​ന്പ​ത്തി​ക​ബാധ്യത ഏ​റി​യ​തോ​ടെ ഇ​ന്ത്യ​ൻ ക​റ​ന്‍റ്സ് അച്ചടി നി​റു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന കാ​ല​ം. ഏറെ ആലോചനകൾക്കുശേഷം ഇ​ന്ത്യ​ൻ ക​റ​ന്‍റ്സ് വാ​രി​ക​യും അ​തി​ന്‍റെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളും സേ​വ്യ​റ​ച്ച​ൻ ഏ​റ്റെ​ടു​ക്കാൻ തയാറായി. കാഴ്ചശക്തി നന്നേ കുറഞ്ഞുവരുന്നതിലെ ആശങ്കയുടെ നടുവിലാണ് മാസിക ഏറ്റെടുക്കാനുള്ള ആ തീരുമാനം.

ഓ​ൾ​ഡ് ഡ​ൽ​ഹി​യി​ലെ പ്ര​സി​ൽ കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ണ്ടായിരുന്ന അ​ച്ച​ടി​ക്കുടിശികയും ബാ​ധ്യ​ത​ക​ളും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ക​റ​ന്‍റ​സ് അ​ച്ച​ൻ ഏ​റ്റെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​വും മാ​ധ്യ​മ നി​ഷ്പ​ക്ഷ​ത​യും ആ​ഗ്ര​ഹി​ക്കു​ന്ന സേ​വ്യ​റ​ച്ച​ൻ വാ​രി​ക ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ന​ട​ത്തി​പ്പി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും പൂ​ർ​ണ്ണ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന നിലപാട് മു​ന്നോ​ട്ടു​വച്ചിരുന്നു. വാരിക ന​ട​ത്തി​പ്പി​നു​ള്ള പ​ണം എ​ങ്ങ​നെ​യും സ്വ​രൂ​പി​ക്കാം. പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​വു​ന്ന​ത​ല്ലെ​ന്നാ​യി​രു​ന്നു അ​ച്ച​ന്‍റെ പ്ര​മാ​ണം. ഡ​ൽ​ഹി​പോ​ലൊ​രു മ​ഹാ​ന​ഗ​ര​ത്തി​ൽ അക്കാലത്ത് ക​ടു​ത്ത മ​ത്സ​രം നി​റ​ഞ്ഞതായിരുന്നു പ​ത്ര​പ്ര​വ​ർ​ത്ത​ന​വും പ്ര​സാ​ധ​ന​വും വി​ത​ര​ണ​വും. അ​ക്ഷ​ര​ങ്ങ​ളും അ​ച്ചു​കൂ​ട​ങ്ങ​ളും മാത്രമല്ല കടലാസിലെ ഓരോ ഇഞ്ച് ഇടവുംവരെ വാണിജ്യവത്കരിക്ക പ്പെട്ടിരിക്കുന്ന ഇക്കാലത്ത് ത​ന്‍റെ കൈ​ക​ളി​ലൂ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന അ​ക്ഷ​ര​ത്താ​ളു​ക​ൾ വായനക്കാരിൽ ന​ല്ല ബോധ്യങ്ങളെ സ​മ്മാ​നി​ക്ക​ണ​മെ​ന്നതായിരുന്നു നിലപാട്. ഉ​ദാത്ത ​മൂ​ല്യ​ങ്ങ​ളെ സ​മ്മാ​നി​ക്കു​ന്ന​താ​വ​ണം അ​ക്ഷ​ര​വി​ജ്ഞാ​നം എ​ന്ന തിൽനിന്ന് സേ​വ്യ​റ​ച്ച​ൻ വ്യ​തി​ച​ലി​ച്ച​തുമില്ല.

അ​ച്ച​ന്‍റെ വീ​ക്ഷ​ണ​​വും നി​ല​പാ​ടു​ക​ളും വാ​യ​നാ​ലോ​കം ശ​രി​വ​ച്ചു. സ​ഭാ​ത്മ​ക​വി​ഷ​യ​ങ്ങ​ളി​ൽ​പോ​ലും ആ​ത്മ​വി​മ​ർ​ശ​ന​വും പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ നീ​തി​യു​ടെ പ​ക്ഷം ചേ​ർ​ന്നു​ള്ള ഇ​ട​പെട​ലു​ക​ളു​മാ​യി കെ​ട്ടി​ലും മ​ട്ടി​ലും വാ​രി​ക മോടിയായി. അ​ക​ത്തും പു​റ​ത്തും ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു ചെ​വി കൊ​ടു​ക്കാ​തെ​യു​ള്ള ഇന്ത്യൻ കറന്‍റ്സ് മാധ്യമനയത്തെ വാ​യ​ന​ക്കാ​ർ പി​ൻ​തു​ണ​ച്ചു. കോ​പ്പി​ക​ളു​ടെ എ​ണ്ണ​ം ഏ​റെ ഉ​യ​ർ​ന്നു. അ​ന്ന് പ​ണ​ത്തി​ന് പി​ന്നാ​ലെ പോ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ത്യ​ൻ ക​റ​ന്‍റ്സ് ല​ഘു​ലേ​ഖ​യാ​യി ത​രം​താ​ഴു​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ച്ച​ന്‍റെ പ​ക്ഷം. നേ​രി​ന്‍റെ പ​ക്ഷം ചേ​രാ​ൻ മു​ഖം നോ​ക്കാ​ത്ത വി​മ​ർ​ശനം അ​നി​വാ​ര്യ​മാ​ണെ​ന്നതായിരുന്നു അച്ചന്‍റെ മാധ്യമമനസ്. അ​തേ സ​മ​യം ആ​ത്മ​വി​മ​ർ​ശ​നം സ​ഭ​യു​ടെ ചൈ​ത​ന്യ​ത്തെ ത​ള​ർ​ത്തു​ന്ന​താ​ക​രു​തെ​ന്നും നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടവർക്ക് ക​രു​ത​ലാ​യി മാ​റാ​നും ദ​ളി​ത് പി​ന്നോ​ക്ക​ങ്ങളുടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പൊ​രു​താ​നും ക​വ​ർ സ്റ്റോ​റി​ക​ൾ മാ​റ്റി​വ​ച്ചു. തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും ശ​ബ്ദി​ച്ചു.

നേ​രി​യ കാ​ഴ്ച​വെ​ട്ട​ത്തി​ൽ രാ​പകൽ നീളുന്ന അ​തിക്ലേശകരമായിരുന്നു എ​ഡി​റ്റിം​ഗും പ്രൂ​ഫ് വാ​യ​ന​യും. അധ്വാനം ആരാധനയാക്കി ഓ​രോ പേ​ജും ക്ഷമയോടെ അ​ക്ഷ​രം ​പെ​റു​ക്കി തി​രു​ത്തും. ചിലപ്പോഴൊക്കെ സ​ഹാ​യി വാ​യി​ച്ചു​കൊ​ടു​ക്കു​ക​യും അ​ച്ച​ൻ തി​രു​ത്ത​ൽ പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്തിരുന്നു.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളം

മ​ല​യാ​ളം അ​ച്ച​ടി​ശാ​ല​ക​ൾ ഡ​ൽ​ഹി​യി​ലും സ​മീ​പ​ങ്ങ​ളി​ലും ന​ന്നേ കു​റ​വാ​യി​രു​ന്ന കാ​ല​ത്താ​ണ് നോ​യി​ഡ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ്യോ​തി പ്രിന്‍റേഴ്സിന്‍റെ സ്ഥാ​പ​നം. ക്ലേ​ശ​കര​മാ​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ സ്ഥാ​പി​ത​മാ​യ അ​ച്ച​ടി​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് ഡ​ൽ​ഹി ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രു​ന്ന ഡോ.​വി​ൻ​സെ​ന്‍റ് എം. ​കൊ​ണ്‍​സ​സാ​വോ​യാ​യി​രു​ന്നു. ഇതോടെ മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ക്കാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്നു വ​രെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ അ​ച്ച​നെ​ത്തേ​ടി ഡ​ൽ​ഹി​യി​ലെ​ത്തി .

ക​ണ്‍​പോ​ള​ക​ൾ ഇ​രു​ൾ​മ​റ​യി​ലാ​യി​രി​ക്കെ​യും ക​ഠി​ന​ശ്ര​മ​ങ്ങ​ളി​ലൂ​ടെ അ​ച്ച​ടി​യു​ടെ നൂ​ത​ന സാ​ങ്കേ​തി​കത്വം പ​ഠി​ക്കു​ക​യും പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഈ ​രം​ഗ​ത്തേ​ക്കു​ള്ള വ​ര​വ്. ഡിറ്റിപിയും ഫോ​ട്ടോ​ഷോ​പ്പും പേ​ജി​നേ​ഷ​നും ഉ​ൾ​പ്പെ​ടെയുള്ള കംപ്യൂട്ടർ സം​വി​ധാ​ന​ം അ​ച്ച​ൻ ശ്ര​മ​ക​ര​മാ​യി സ്വായത്തമാക്കി. അ​ച്ചു​കൾ നി​ര​ത്തി​യു​ള്ള ച​വി​ട്ട​ിയടി പ്ര​സി​ൽ​നി​ന്നും കം​പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​തി​വേ​ഗ പ്രസിലേക്കുള്ള  പ​രി​ണാ​മ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. പ്രി​ന്‍റിം​ഗി​ൽ മാ​ത്ര​മ​ല്ല ബൈ​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ ജോ​ലി​ക​ളും പ​ഠി​ച്ചു.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം ഈ ദൗത്യം നിർവ​ഹി​ച്ച​ശേ​ഷം ​റ​വ.​ ഡോ. ജേ​ക്ക​ബ് ക​ണി​യാ​റ​ശേ​രി​ക്ക് ചീ​ഫ് എ​ഡി​റ്റ​ർ സ്ഥാ​നം കൈ​മാ​റി​യ​ശേ​ഷ​മാ​ണ് 2007-ൽ ഇ​ന്ത്യ​ൻ ക​റ​ന്‍റ്സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. തു​ട​ർ​ന്നാ​ണ് മീ​ഡി​യ ഹൗ​സ് പു​സ്ത​ക പ്ര​സാ​ധ​ക സം​രം​ഭ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ​ത്. ഫാ.​ ബൈ​ജു ചാ​ല​യ്ക്ക​ൽ, ഫാ.​ അ​ല​ക്സ് കി​ഴ​ക്കേ​ക്ക​ട​വി​ൽ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം പ്ര​സാ​ധ​ന​രം​ഗ​ത്ത് സഹായകരമായി.

ഡ​ൽ​ഹി മീ​ഡി​യ ഹൗ​സ് ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെയും പൊ​തു​സ​മൂ​ഹ​ത്തി​ലെയും മു​ൻ​നി​ര പ്ര​സാ​ധ​ക സം​രം​ഭ​മാ​ണ് ഇ​ന്ന്. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇം​ഗ്ലീ​ഷ,് മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണം നാ​ഷ​ണ​ൽ ബു​ക്സ് സ്റ്റാ​ളി​ലൂ​ടെ​യാ​ണ്. നാ​ട​കാ​ചാ​ര്യ​ൻ പ്ര​ഫ. ഓം​ചേ​രി എ​ൻ പി​ള്ള, പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ​ലീ​ല ഓം ​ചേ​രി, ഡോ. ​എം.പി. പോ​ൾ എ​ന്നി​വ​രു​ടെ മ​ല​യാ​ള​ത്തി​ലു​ള്ള സ​ന്പൂ​ർ​ണ കൃ​തി​ക​ളും ഡോ.​ ഫെ​ലി​ക്സ് പൊ​ടി​മ​റ്റം, ഡോ. ​റാം പു​നി​യാ​നി എ​ന്നി​വ​രു​ടെ ഇം​ഗ്ലീ​ഷ് സ​ന്പൂ​ർ​ണ്ണ കൃ​തി​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ച​ത് മീ​ഡി​യ ഹൗ​സാ​ണ്. കൂ​ടാ​തെ ദീ​പി​ക പ​ത്ര​ച​രി​ത്ര​വും ഫാ. ​അ​ല​ക്സാ​ണ്ട​ർ പൈ​ക​ട സി​എം​ഐ ദീ​പി​ക​യി​ൽ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ങ്ങ​ളും മീ​ഡി​യ ഹൗ​സാ​ണ് പുസ്തകമായി പ്രസി​ദ്ധീ​ക​രി​ച്ച​ത്. ഇവിടെനിന്നും പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍ ലൈ​നി​ലും ല​ഭ്യ​മാ​ക്കു​ന്നു. ഫാ.​ ഗൗ​ര​വ് ജോ​സ​ഫി​നാ​ണ് ഇ​പ്പോ​ൾ മീ​ഡി​യ ഹൗ​സി​ന്‍റെ ചു​മ​ത​ല.

പാ​ലാ നീ​ലൂ​ർ വ​ട​ക്കേ​ക്ക​ര വ​ർ​ക്കി -ഏ​ലി ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് ഫാ. ​സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര. തോ​മ​സ് വ​ട​ക്കേ​ക്ക​ര, സി​സ്റ്റ​ർ ഡോ. ​എ​ലി​സ​ബ​ത്ത് , റ​വ.​ഡോ. ബെ​ന​ഡി​ക്ട് വ​ട​ക്കേ​ക്ക​ര, പ​രേ​ത​രാ​യ ഫാ. ​ക്ലീ​റ്റ​സ് വ​ട​ക്കേ​ക്ക​ര, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, സി​സ്റ്റ​ർ ഇ​സ​ബെ​ല്ല, ഫാ.​ജോ വ​ട​ക്കേ​ക്ക​ര, ജോ​ർ​ജ് വ​ർ​ക്കി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ അ​വ​കാ​ശ സ​മ​ര​വേദികളിലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് സേ​വ്യ​റ​ച്ച​ൻ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഗാ​സി​പ്പൂ​ർ ക​ർ​ഷ​ക സ​മ​ര വേ​ദി​യി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് വീ​ഥി​യി​ലെ​യും ജ​ന്ദർ മ​ന്ദി​റി​ലെ​യു​ം പതിവ് സ​മ​ര​ നി​ര​യി​ലെ​വി​ടെ​യെ​ങ്കി​ലും അ​ച്ച​നു​മു​ണ്ടാ​കും.
ജീ​വി​ത​പാ​ത 70 വ​യ​സ് പി​ന്നി​ടു​ന്പോ​ഴും മ​നു​ഷ്യാ​വ​കാ​ശ സ​മ​ര മു​ഖ​ങ്ങ​ളി​ൽ വ​ട​ക്കേ​ക്ക​ര സേ​വ്യ​ർ വ​ർ​ക്കിയെന്ന സേവ്യറച്ചൻ നീതിയുടെ വക്താവാണ്.
ലോ​ക​ത്തി​ന്‍റെ മോ​ഹ​ങ്ങ​ളി​ൽ​നി​ന്ന് വി​ടു​ത​ൽ നേ​ടി ദൈ​വ​ത്തി​ൽ ല​യി​ക്കാ​ൻ പ്ര​കൃ​തി​യി​ലേ​ക്കി​റ​ങ്ങി​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ​പ്പോ​ലെ, ഒ​ന്നു​മി​ല്ലാ​ത്ത​വ​രും ആ​രോ​മി​ല്ലാ​ത്ത​വ​രു​മാ​യ ആ​കാ​ശപ്പ​റ​വ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​ക​ണം. ഒ​ന്നി​നെ​യുമോ​ർ​ത്ത് വേ​വ​ലാ​തി​പ്പെ​ടാ​തെ ല​ളി​ത​ചി​ത്ത​നാ​യി മ​രി​ക്ക​ണം. ലോ​ക​ത്തിന്‍റെ കാ​ഴ്ച​ക​ൾ കണ്ണുകൾക്ക് അ​ന്യ​മാ​യി​പ്പോ​യെ​ങ്കി​ലും ഈ മു​ഖ​ത്ത് എപ്പോഴും കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​കാ​ശം. രാ​ജ്യ​ത്തെ​വി​ടെ​യെങ്കിലും ആ​കാ​ശ​പ്പ​റ​വ​ക​ളുടെ അഗതിഭവനം വി​ശ്ര​മ ജീ​വി​ത​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​വുമായി ഇദ്ദേഹം ഡ​ൽ​ഹി​യോ​ടു യാ​ത്ര​പ​റ​യു​ക​യാ​ണ്.

ജീ​വി​തം സ​ന്ദേ​ശം

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​ അ​വാ​ർ​ഡ് നേ​ടി​യ പ്ര​ഫ. ഓം​ചേ​രി​യു​ടെ ആ​ത്മ​ക​ഥ​യാ​യ ആ​ക​സ്മിക​ത്തി​ൽ സേ​വ്യ​റ​ച്ച​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം ഇ​ങ്ങ​നെ​യാ​ണ്. ‘സേവ്യർ അ​ച്ച​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത് ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലു​ള്ള എ​ന്‍റെ ഓ​ഫീ​സ് മു​റി​യി​ൽ വ​ച്ചാ​ണ്. ഏ​തോ പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ന്നെ കാ​ണാ​നെ​ത്തി​യ​ത്. അ​ച്ച​ൻ കൊ​ണ്ടു​വ​ന്ന കടലാസ് വാ​ങ്ങി വാ​യി​ക്കു​ന്പോ​ഴാ​ണ് എ​ന്‍റെ പി​ന്നി​ൽ തൂക്കിയിരുന്ന വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സി​സി​യു​ടെ സമാധാന പ്രാ​ർ​ത്ഥ​ന അ​വ്യ​ക്ത​മാ​യ കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​ന്ന​ത്. അ​ച്ച​ൻ എ​ഴുനേറ്റു നി​ന്നു​ ചോ​ദി​ച്ചു, സാ​റി​ന് ഈ ​പ്രാ​ർ​ത്ഥ​ന​യു​മാ​യി എ​ങ്ങ​നെ​യാ​ണ് പ​രി​ച​യം.

ഞാ​ൻ പ​റ​ഞ്ഞു, അ​മേ​രി​ക്ക​യി​ൽ മൂ​ന്നു വ​ർ​ഷം ഞാ​ൻ ജോ​ലി ചെ​യ്തി​രു​ന്നു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ എ​ന്ന പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു ജോ​ലി. ജോ​ലി​ക്ക് പോ​കു​ന്ന വ​ഴി ഒ​രി​ക്ക​ൽ ഒ​രു ചെ​റി​യ ചാ​പ്പ​ൽ കാ​ണാനിടയായി. ആ ​ചാ​പ്പ​ലി​ൽ ഞാ​ൻ ക​യ​റി അ​വി​ടെ നി​ന്നു വാ​ങ്ങി​യ​താ​ണ് ഈ ​പ്രാ​ർ​ത്ഥ​ന. പി​ന്നീ​ട് എ​ല്ലാം നി​യോ​ഗ​ങ്ങ​ളി​ലും ആ ​പ്രാ​ർ​ത്ഥനാ ഫ​ല​കം എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ചു. അ​ച്ച​നെ ഞാ​ൻ അ​സി​സി​യി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സീ​ന്‍റെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്.’
സാ​ഹി​ത്യ​മേ​ഖ​ല​യി​ലും സ​ജീ​വ​സാന്നിധ്യമാ​യ കേ​ര​ള സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യു​ടെ നീ​രീ​ക്ഷ​ണ​വും ഇ​ത്ത​ര​ത്തി​ൽ​ത​ന്നെ​യാ​ണ്. ’ സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര​യ​ച്ച​നെ ഏ​റെ വി​സ്മ​യ​ത്തോ​ടെ​യാ​ണ് എ​ക്കാ​ല​വും ഞാ​ൻ നി​രീ​ക്ഷി​ക്കു​ന്ന​ത്. ലാ​ളി​ത്യ​മാ​ർ​ന്ന ജീ​വി​തം. ഏ​റ്റെ​ടു​ക്കു​ന്ന ഏ​തൊ​രു കാ​ര്യ​വും പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം വി​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഒ​രാ​ൾ അ​ക്ഷ​ര​ങ്ങ​ളെ പ്ര​ണ​യി​ക്കു​ന്ന​തെ​ങ്ങ​നെ​യാ​ണെ​ന്ന് അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് കാ​ണാ​റു​ള്ള​ത്. അ​ച്ച​നെ കാ​ണു​ന്പോ​ൾ ലോ​കം ത​ന്ന​തെ​ല്ലാം ലോ​ക​ത്തി​ന് തി​രി​കെ കൊ​ടു​ത്ത് പ്ര​കൃ​തി​യി​ൽ ല​യി​ച്ച അ​സീ​സി​യി​ലെ ഫ്രാൻസീസ് പു​ണ്യ​വാ​നെ​യാ​ണ് ഓ​ർ​മ​ വ​രി​ക.’
ചി​ല​രു​ടെ വ​ഴി​ത്താ​ര​ക​ൾ ഇ​ങ്ങ​നെ​യാ​ണ്. ജീ​വി​ത​ത്തി​ലും മ​ര​ണ​ശേ​ഷ​വും ലോ​ക​ത്തി​ന് ന​ൻ​മ​ക​ളെ സ​മ്മാ​നി​ക്ക​ണം. അ​വ​ധൂ​തൻമാ​രെ​പ്പോ​ലെ എ​വി​ടെ​നി​ന്നോ ഇ​ങ്ങ​നെ​യു​ള്ള ന​ല്ല മ​നു​ഷ്യ​ർ വ​രു​ന്നു. ന​ൻ​മ​യു​ടെ സ​ന്ദേ​ശം ജീ​വി​ത​ത്തി​നു കാ​ണി​ച്ചു​ത​രു​ന്നു. ല​ക്ഷ്യം നേ​ടി​യ ശേ​ഷം കൃ​താ​ർ​ത്ഥ​ത​യോ​ടെ അ​വ​ർ കാ​ല​യ​വ​നി​യ്ക്കു പി​ന്നി​ൽ മ​റ​യു​ന്നു. വി​ള​ക്ക​ണ​ഞ്ഞാ​ലും വെ​ളി​ച്ചം നി​ല​നി​ൽ​ക്കും എ​ന്നു പ​റ​യും​ പോ​ലെ അ​വ​ർ തെ​ളി​യിക്കുന്ന പ്രകാശം ന​റും നി​ലാ​വാ​യും ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മായും നി​ല​നി​ൽ​ക്കു​ം.

ജോ​ണ്‍ മാ​ത്യു