മഹാനുഭാവന് മന്മോഹന്
Sunday, September 25, 2022 12:33 AM IST
കർമമേഖലകളിലെ വൈഭവം കൊണ്ട് പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത വ്യക്തിത്വമായി മാറിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. നവതിയിലെത്തുന്ന ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ അപൂർവ താളുകളിലൂടെ.....
ആകാശ നീലയ്ക്കു താഴെ പഞ്ഞിമേഘം പോലൊരു മനുഷ്യൻ. ഡോ. മൻമോഹൻ സിംഗ് എന്ന മഹാനുഭാവനെ ഏറെ ആദരവോടെ ഇങ്ങനെ വിശേഷിപ്പിക്കുന്പോൾ ഒട്ടും അതിശയോക്തി തോന്നുന്നില്ല.
തൂവെള്ള താടിക്കും മീശയ്ക്കും ഇടയിലൊളിപ്പിച്ച പുഞ്ചിരിക്കും നിറഞ്ഞ ബുദ്ധിക്കും മീതെ പതിവായി അണിയുന്ന തലപ്പാവിന്റെ നിറം ആകാശ നീലയിൽ നിന്നൊരിക്കലും മാറാറില്ല. വാക്കുകളിൽ മിതത്വം പാലിച്ചും അധികപ്രസംഗങ്ങളിൽനിന്നകന്നും ജീവിക്കു ന്ന മൻമോഹന്റെ മൗനംപോലും മോഹനമാണ്.
സാന്പത്തിക ഭരണരംഗങ്ങളിലെ വൈഭവംകൊണ്ട് ശിരസുയർത്തി നിൽക്കുന്ന ഡോ. മൻമോഹൻ സിംഗ് നവതിയിലേക്കു കടക്കുകയാണ്. സൗമ്യത, മാന്യത, സത്യസന്ധത, ബൗദ്ധികത തുടങ്ങിയവയുടെ ആൾരൂപമായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് നാളെ 90 വയസു തികയും.
മക്കളും കൊച്ചുമക്കളും എത്തുമെന്നതല്ലാതെ വലിയ പിറന്നാൾ ആഘോഷങ്ങളൊന്നുമില്ല. അമേരിക്കയിലുള്ള ഇളയ മകൾ അമൃത് സിംഗ് പത്തു ദിവസത്തെ അവധിയെടുത്തു ഡൽഹിയിലെത്തിയിട്ടുണ്ട്. മൻമോഹന്റെ 86 കാരി ഭാര്യ ഗുർഷരണ് കൗറും ഡൽഹിയിൽതന്നെയുള്ള മക്കളായ ഉപീന്ദർ സിംഗും ദമൻ സിംഗും കൊച്ചുമക്കളും നവതിവേളയിൽ മൻമോഹന്റെ അടുക്കലുണ്ടാകും.
സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചു വളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ അമൃത്സറിലേക്കു കുടിയേറുകയായിരുന്നു മൻമോഹന്റെ കുടുംബം.
വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലനെ മുത്തശ്ശിയാണു വളർത്തിയത്. ജനിച്ച ഗ്രാമത്തിൽനിന്നു വിട്ടുപോരുംവരെ അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ എത്തിയിട്ടില്ലായിരുന്നു. മൈലുകൾ നടന്നു സ്കൂളിൽ പോയി.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നു പഠിച്ചു. ആ കഠിനാധ്വാനം പിന്നീട് കേംബ്രിഡ്ജിലെ മെർക്കുറി വെളിച്ചത്തിൽ ഇരുന്നു നൂതന സാന്പത്തിക ശാസ്ത്രത്തിന്റെ കടുകട്ടി സമവാക്യങ്ങൾ ആവാഹിച്ചെടുക്കുന്ന വിദ്യാർഥി ജീവിതം വരെയത്തി. വളർച്ചയുടെ തുടർപടവുകൾ പിന്നെയും ഉയരങ്ങളിലേക്കായിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്നു പേരെടുത്തു. റിസർവ് ബാങ്ക് ഗവർണർ പദവി വരെ ഉയർന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന കീർത്തിയും നേടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ സിക്ക് തലപ്പാവുകാരനായി. അതും തുടർച്ചയായി രണ്ടു തവണ.
അപൂർവം ഈ ആത്മബന്ധം
ഇതുവരെ പറഞ്ഞതൊക്കെയും മൻമോഹൻ സിംഗ് എന്ന അതിവിശിഷ്ട വ്യക്തിയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ, അധികം ആർക്കുമറിയാത്ത ചില വ്യക്തി വിശേഷങ്ങൾ കൂടിയുണ്ട് ഇദ്ദേഹത്തിന് .
കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആത്മ ബന്ധം എക്കാലത്തും പുലർത്തിപ്പോരുന്ന വ്യക്തിയാണ് മൻമോഹൻ സിംഗ്. വിദഗ്ധ പരിശോധനകൾക്കായി അടുത്തിടെ വിദേശത്തു പോകുന്നതിനു മുന്പും മൻമോഹന്റെ വീട്ടിലെത്തി സോണിയ സംസാരിച്ചു.
മൂന്നു മാസത്തിലൊരിക്കലെങ്കിലും മൻമോഹന്റെ വസതിയിലെത്തി സോണിയാ ഗാന്ധി സംസാരിക്കുന്നത് പതിവാണ്. വർക്കിംഗ് കമ്മിറ്റിക്കും മറ്റു പ്രധാന കോണ്ഗ്രസ് യോഗങ്ങൾക്കും എഐസിസിയിലും സോണിയയുടെ വസതിയിലും മൻമോഹൻ മുടക്കം വരുത്താതെ പോകും.
പ്രധാനമന്ത്രി ആയിരുന്നപ്പോൾ എല്ലാ ആഴ്ചയിലും നടന്നിരുന്ന കോർ കമ്മിറ്റി യോഗത്തിനായി സോണിയ ഇദ്ദേഹത്തിന്റെ വസതിയിലെത്തുമായിരുന്നു. പ്രണാബ് മുഖർജി, എ.കെ. ആന്റണി, പി. ചിദംബരം, അഹമ്മദ് പട്ടേൽ തുടങ്ങിയവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്.
യുപിഎ സർക്കാരിന്റെ നയപരമായ കാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും ആയിരുന്നു ചർച്ച. സർക്കാർ ഫയലുകൾ ഈ യോഗത്തിലേക്കു കൊണ്ടുവരുമായിരുന്നില്ല. ഇക്കാര്യത്തിൽ മുൻ മാധ്യമ ഉപദേഷ്ടാവ് എഴുതിയതു തീർത്തും അവാസ്തവമാണെന്ന് മൻമോഹൻ തറപ്പിച്ചു പറയും.
രാഹുൽ ഗാന്ധിയുമായും നല്ല ബന്ധം പുലർത്താൻ മൻമോഹൻ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയായിരിക്കെ ഇടയ്ക്കെല്ലാം മൻമോഹനെ രാഹുൽ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ചേരാൻ പലതവണ രാഹുലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.
യുപിഎ സർക്കാരിന്റെ ഒരു ബില്ല് ഡൽഹി പ്രസ് ക്ലബിൽ വച്ച് വലിച്ചുകീറിയ സംഭവം മൻമോഹന്റെ മനസ് നോവിച്ചു.
പക്ഷേ അതൊന്നും ഒരിക്കലും നീരസമായി പ്രകടിപ്പിച്ചില്ല. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷവും രണ്ടോ, മൂന്നോ തവണ മൻമോഹനെ വീട്ടിൽ ചെന്നു രാഹുൽ കണ്ടിരുന്നു. എന്നാൽ സോണിയയുമായുള്ള ആത്മബന്ധം ഇരുവർക്കുമിടയിൽ ഉണ്ടായില്ല.
ദിനചര്യകൾ
അതിരാവിലെ ഉണരും. മിക്ക ദിവസങ്ങളിലും പുൽത്തകിടിയിലൂടെയുള്ള പ്രഭാത നടത്തം മുടക്കാറില്ല. പ്രധാനമന്ത്രി ആയപ്പോൾ രാവിലെ ഏഴിനുതന്നെ ജോലിക്ക് റെഡി. പ്രഭാതഭക്ഷണത്തിനിടയിൽ സമയം ലാഭിക്കാൻ പലരുമായും ചർച്ച നടത്തും.
മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ രാവിലെ ഒൻപതിനു തുടങ്ങും. രാത്രി വൈകിയും ജോലിയിൽ മുഴുകിയിരിക്കാൻ മടിയില്ല. പ്രായത്തിന്റെയും രോഗത്തിന്റെയും പിടിയിലായപ്പോഴും ദിനചര്യകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
സ്വകാര്യ ജീവിതത്തിലും ഒൗദ്യോഗിക ജീവിതത്തിലും സുതാര്യതയും സത്യസന്ധതയും ലാളിത്യവും സൗമ്യതയുമാണ് മൻമോഹന്റെ തനതുശൈലി. ഉപചാരങ്ങളും കൃത്യനിഷ്ഠയും കഠിനാധ്വാനവും ഏകാഗ്രതയും അതിവിശിഷ്ടമാണ്. അച്ചടക്കവും സമതുലിതയുമാണ് മറ്റു സവിശേഷതകൾ. എല്ലാവരോടും മര്യാദയും മാന്യതയും ഉറപ്പാക്കും. രാഷ്ട്രീയ കോളിളക്കങ്ങളിലും അക്ഷോഭ്യൻ.
വായന
ചെറുപ്പത്തിൽ തുടങ്ങിയ വായനാശീലം ഇപ്പോഴും തുടരുന്നു. ദിനപത്രങ്ങളും മാസികകളും പുസ്തകങ്ങളും വായിക്കാതെ ഒരു ദിവസവും കടന്നുപോകാറില്ല. എന്തു വായിച്ചാലും നോട്ട്പാഡിൽ അതിലെ പ്രധാന കാര്യങ്ങൾ കൈപ്പടയിൽ കുറിച്ചിടും.
പത്രവാർത്തകളും മുഖപ്രസംഗങ്ങളും മുതൽ പുസ്തകങ്ങൾ വരെയുള്ള വായനയ്ക്കിടെ ഇപ്പോഴും സ്ഥിരമായി കുറിപ്പെഴുതും. ജോലിക്കാർ മുറിയും മേശയും വൃത്തിയാക്കുന്പോൾ തന്റെ കടലാസുകളും ബുക്കുകളും മാറ്റി വയ്ക്കരുതെന്നതിൽ നിർബന്ധമുണ്ട്. എല്ലാം എവിടെയെന്ന് നല്ല നിശ്ചയമാണ്. ഓരോ കാര്യത്തിലും സൂക്ഷ്മ പഠനം ആണ് മറ്റു പ്രധാനമന്ത്രിമാരിൽനിന്നു മൻമോഹനെ വ്യത്യസ്തനാക്കിയത്.
തൂവെള്ള വസ്ത്രങ്ങളോടാണു പ്രിയം. വെള്ള കോട്ടണ് പൈജാമയും കുർത്തയുമാണു പതിവു വേഷം. അത് പശമുക്കി തേച്ചുമിനുക്കണം. സിക്ക് തലപ്പാവിനും (ടർബൻ) ഇദ്ദേഹത്തിന് ഒറ്റ നിറമേയുള്ളൂ ആകാശ നീല.
പ്രധാനമന്ത്രി ആയിരുന്നപ്പോഴും തന്നെയാണു തലപ്പാവു കെട്ടുക. വീട്ടിനുള്ളിൽ മിക്കവാറും വെള്ള അരക്കൈയൻ ഷർട്ടും പൈജാമയുമാണ് ധരിക്കുക. തീർത്തും മൃദുവായത് വേണമെന്നു മാത്രം. ഒൗദ്യോഗിക യാത്രകളിലും യോഗങ്ങളിലും സഫാരി കോട്ട് ധരിക്കും. വസ്ത്രധാരണത്തിൽ വൃത്തിയും വെടിപ്പും നിർബന്ധമാണ്.
ഭക്ഷണം
ലളിത ആഹാരമാണു പ്രിയം. എരിവും പുളിയും മസാലകളും ഇല്ലാത്തതോ തീരെ കുറച്ചതോ ആയ ഭക്ഷണമാണു കഴിക്കുന്നത്. മസാലകളും എരിവുമില്ലാതെ മീൻ ഗ്രിൽ ചെയ്തതോ വറുത്തതോ കഴിക്കാറുണ്ട്. കോഴിയിറച്ചിയും കഴിക്കും. സന്തത സഹചാരിയായ ഭാര്യ ഗുർഷരണ് സന്പൂർണ വെജിറ്റേറിയനാണ്.
പ്രഭാത ഭക്ഷണത്തിനു രണ്ടു കഷണം ബ്രഡ് ടോസ്റ്റു ചെയ്തതും മുട്ട വെള്ളയിലുള്ള ഓംലറ്റുമാണ് മിക്ക ദിവസങ്ങളിലും. മസാലകളിടാറില്ല. ചെറു കഷണങ്ങളാക്കിയ കപ്പളങ്ങ, ആപ്പിൾ തുടങ്ങിയ പഴങ്ങളും കഴിക്കാറുണ്ട്. പ്രമേഹം ഉള്ളതിനാൽ മധുരം പൊതുവേ ഒഴിവാക്കും.
ഉച്ചഭക്ഷണവും അത്താഴവും ഏതാണ്ട് ഒരേ പോലെയാണ്. രണ്ടു ചപ്പാത്തി, പരിപ്പു കറി, പച്ചക്കറികൾ പുഴുങ്ങിയത് എന്നിവയാണ് ആഴ്ചയിൽ നാലോ, അഞ്ചോ ദിവസം. ഒന്നോ, രണ്ടോ ദിവസം വെള്ളച്ചോറ് കഴിക്കാറുണ്ട്. മിക്ക ദിവസങ്ങളിലും അൽപം തൈരും കഴിക്കും. വൈകുന്നേരം ഒരു കപ്പ് കാപ്പി. ബിസ്കറ്റോ മിക്സ്ചർ പോലുള്ള നംകീനുകളോ കൂടെയുണ്ടാകും. മദ്യവും ലഹരികളും ഉപയോഗിക്കാറേയില്ല.
സ്വത്ത്
മൻമോഹന് സ്വന്തമായി ഭൂസ്വത്തില്ല. ഡൽഹി വസന്ത് കുഞ്ചിലും ചണ്ഡിഗഡിലും ഓരോ വീടുണ്ട്. ഡൽഹി വികസന അഥോറിറ്റിയിൽനിന്നു അലോട്ട്മെന്റ് നേടി ആറു ലക്ഷം രൂപയ്ക്ക് 1984ൽ വാങ്ങിയതാണു ഡൽഹിയിലെ ഫ്ളാറ്റ്. രണ്ടു വീടുകളും വാടകയ്ക്കു നൽകിയിരിക്കുന്നു.
ശന്പളം, വിരമിക്കൽ ആനുകൂല്യം, പെൻഷൻ തുടങ്ങിയവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നു. റിസർവ് ബാങ്കിലെ നിക്ഷേപ സാധ്യത നിർത്തലാക്കിയ ശേഷമാണ് എസ്ബിഐയിലേക്ക് ഈ തുക ടേം ഡെപ്പോസിറ്റുകളായി മാറ്റിയത്. മുൻകൂറായി നികുതി നൽകും. കൃത്യമായും സത്യസന്ധമായും നികുതി അടയ്ക്കുന്നതിൽ ചെറിയ വീഴ്ചപോലും വരുത്താറില്ല.
സാന്പത്തിക വിദഗ്ധനാണെങ്കിലും പഴയ തലമുറക്കാരൻ ആയതിനാൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താറില്ല. പരിചയക്കുറവുതന്നെ കാരണം. ബാങ്ക് എടിഎം കാർഡ് ഉണ്ടെങ്കിലും സ്വയം ഉപയോഗിച്ചിട്ടില്ല.
വൈദ്യുതി ബില്ലും മറ്റും അടയ്ക്കാനായി മലയാളിയായ പ്രൈവറ്റ് സെക്രട്ടറി പാലാക്കാരൻ മുരളീധരൻപിള്ളയാണു വല്ലപ്പോഴും എടിഎം കാർഡ് കൈകാര്യം ചെയ്യുന്നത്.
മൻമോഹൻ സിംഗ് ദൈവവിശ്വാസിയാണ്. അന്ധവിശ്വാസങ്ങൾ തീരെയില്ല. ഗുരുദ്വാരകളിൽ പതിവ് പ്രാർഥനയ്ക്കു പോകാറില്ല. അമൃത്സറിലെത്തിയാൽ സുവർണ ക്ഷേത്രത്തിൽ പോകും. വിശേഷ അവസരങ്ങളിൽ ഡൽഹിയിലെ ഗുരുദ്വാരകളിലും പോയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ സിക്ക് സംഗീതം ടേപ് റിക്കോർഡറിൽ ചെറിയ ശബ്ദത്തിൽ കേൾക്കാറുണ്ട്.
എല്ലാ മതങ്ങളോടും ബഹുമാനവും ആദരവും പുലർത്തുന്നു. ഹിന്ദു അല്ലാത്ത ഇന്ത്യയുടെ ഏക പ്രധാനമന്ത്രി ആയിരുന്നെങ്കിലും ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളോടു പ്രത്യേക കരുതലുണ്ട്.
ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായതിനു ശേഷം ആരോഗ്യപരമായ വിഷമതകളുണ്ട്. ഏറെക്കാലമായി പ്രമേഹം കൂടെയുണ്ട്. അടുത്ത കാലത്ത് അൽഷിമേഴ്സ് ലക്ഷണങ്ങൾ തുടങ്ങിയെങ്കിലും എല്ലാക്കാര്യങ്ങളും ഇപ്പോഴും തനിയെ ചെയ്യുന്നു. ഓർമശക്തിക്കും കാര്യമായ കുറവില്ല. വായനയും കുറിപ്പെഴുത്തുകളുമാകാം തലച്ചോറിനെ ഉൗർജസ്വലമാക്കാൻ പ്രേരകമായതെന്നാണു കരുതുന്നത്.
കുടുംബം
പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഗാഹിൽ 1932 സെപ്റ്റംബർ 26നു ജനനം. ഏക മകനായിരുന്നു. ഉർദു ഭാഷയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോഴും ഉർദു നന്നായി വഴങ്ങും. ഹിന്ദി വായിക്കാനറിയില്ല, പക്ഷേ നന്നായി പ്രസംഗിക്കാനും സംസാരിക്കാനും കഴിയും.
ഇന്ത്യാ വിഭജനത്തെത്തുടർന്ന് കുടുംബം അമൃത്സറിലേക്കു താമസം മാറ്റി. പിതാവ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാനമ്മയിലുണ്ടായ സഹോദരങ്ങളുമായും മൻമോഹന് അടുപ്പമുണ്ട്.
ഗുർഷരണ് കൗറിനെ 1958ലാണ് വിവാഹം ചെയ്തത്. ഇവർക്ക് മൂന്നു പെണ്മക്കളാണ്. ഉപീന്ദർ സിംഗ്, ദമൻ സിംഗ്, അമൃത് സിംഗ്. മൂത്ത മകൾക്ക് രണ്ട് ആണ്മക്കളും രണ്ടാമത്തെ മകൾക്ക് ഒരാണ്കുട്ടിയുമാണ്. ഇളയ മകൾക്ക് കുട്ടികളില്ല. കൊച്ചുമക്കളിൽ രണ്ടു പേർ ജോലിക്കാരായി. ഇവരിലൊരാൾ വിദേശത്താണ്. മൂന്നാമത്തെ കൊച്ചുമകൻ ഡൽഹിയിൽ അഭിഭാഷകൻ. ‘സ്ട്രിക്റ്റിലി പേഴ്സണൽ’ എന്ന പേരിൽ മകൾ ദമൻ സിംഗ് മാതാപിതാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനവും പടവുകളും
പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം കേംബ്രിഡ്ജിലും ഓക്സ്ഫഡിലുമായിരുന്നു മൻമോഹന്റെ ഉന്നതപഠനം. ഓക്സ്ഫഡിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷം ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്തു.
മടങ്ങിയെത്തി കേന്ദ്രസർക്കാരിന്റെ വിദേശവ്യാപാര ഉപദേശകനായിരുന്നു. തുടർന്ന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രഫസറായിരിക്കെ 1972ൽ കേന്ദ്ര ധനമന്ത്രാലയത്തിലെ ഉപദേഷ്ടാവ്. 1976ൽ കേന്ദ്ര ധന സെക്രട്ടറിയായി. 1980ൽ ആസൂത്രണ കമ്മീഷനിലെത്തി.
റിസർവ് ബാങ്ക് ഗവർണറായി 1980ൽ മൻമോഹനെ നിയമിച്ചത് അന്നത്തെ ധനമന്ത്രി പ്രണാബ് മുഖർജി ആയിരുന്നു. ഇതേ പ്രണാബ് പിന്നീട് മൻമോഹന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായി.
പ്രധാനമന്ത്രിയാകാൻ മോഹിച്ച പ്രണാബ് രാഷ്ട്രപതിയായി. അപ്പോഴും പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ. എക്കാലവും പ്രണാബിനെ ബഹുമാനിക്കാൻ മൻമോഹൻ മടിച്ചില്ല.
1985ൽ റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി പൂർത്തിയാക്കിയപ്പോൾ മൻമോഹൻ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനായി.
കാലാവധി കഴിഞ്ഞപ്പോൾ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായ സാന്പത്തിക നയങ്ങളുടെ തിങ്ക് ടാങ്ക് ആയ സൗത്ത് കമ്മീഷനിൽ സെക്രട്ടറി ജനറലായി. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സാന്പത്തിക ഉപദേഷ്ടാവായാണ് 1990ൽ ഇന്ത്യയിൽ മടങ്ങിയെത്തിയത്. പിറ്റേ വർഷം യുജിസി ചെയർമാനായി.
ജീവിത രേഖ മാറ്റി വരച്ച ഫോണ് കോൾ
പി.വി. നരസിംഹ റാവു പ്രധാനമന്ത്രി ആയതാണ് മൻമോഹന്റെയും ഇന്ത്യയുടെയും ഭാഗധേയം തിരിച്ചത്. ധനമന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ ചേരാൻ 1991ൽ ജൂണിലാണ് മൻമോഹനു ക്ഷണമെത്തിയത്. പി.സി അലക്സാണ്ടറാണ് റാവുവിനു വേണ്ടി ആദ്യം ക്ഷണിച്ചത്. ഇതേക്കുറിച്ച് മൻമോഹൻ പറഞ്ഞു.
‘രാത്രി അലക്സാണ്ടർ വിളിച്ചു.... ഞാനതു കാര്യമായെടുത്തില്ല. രാഷ്ട്രീയക്കാർ എന്തെല്ലാം സൃഷ്ടിക്കും. ഒരുതരം പ്രതിബദ്ധതകൾ... പിറ്റേന്നു രാവിലെ പതിവുപോലെ യുജിസിയിലേക്കു ജോലിക്കു പോയി. അവിടെയെത്തിയപ്പോൾ നരസിംഹ റാവു വിളിച്ചു. വരൂ, എനിക്കു നിങ്ങളെ ധനമന്ത്രിയായി വേണം.
സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിലേക്കു വരാനും നിർദേശം. വീട്ടിൽ പോയി വേഷം മാറ്റിയാണു സത്യപ്രതിജ്ഞയ്ക്കു പോയത്. അവിടെ അപ്രതീക്ഷിതമായി എന്നെ കണ്ട് പലരും ഞെട്ടി.’
ധനമന്ത്രിയായി ചുമതലയേൽക്കുന്നതിനു മുന്പു പ്രധാനമന്ത്രിയെ കണ്ടു. ‘പൂർണ പിന്തുണ ലഭിച്ചാൽ മാത്രമേ ഞാൻ ഈ പദവി സ്വീകരിക്കൂ’ എന്നു പറഞ്ഞപ്പോൾ പകുതി തമാശയിലായിരുന്നു റാവുവിന്റെ മറുപടി .
‘‘നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കും. നയങ്ങൾ വിജയിച്ചാൽ ഞങ്ങളെല്ലാവരും ക്രെഡിറ്റ് എടുക്കും. പരാജയപ്പെട്ടാൽ നിങ്ങൾക്കു പോകേണ്ടി വരും’’.
പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വരില്ലെന്നത് ഒരു ബോധ്യമായിരുന്നു. സാന്പത്തിക പരിഷ്കാരങ്ങൾ കൂടിയേ തീരൂവെന്നും അതു വിജയിക്കുമെന്നും തനിക്കു പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്ന് മൻമോഹൻ പറഞ്ഞു. വായ്പാ പലിശപോലും അടയ്ക്കാനില്ലാത്ത കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നു അക്കാലത്ത് ഇന്ത്യ.
പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി സാന്പത്തികസ്ഥിതി വിശദീകരിച്ചെങ്കിലും ബിജെപിയും സിപിഎമ്മും അടക്കമുള്ളവർ ഗൗരവം മനസിലാക്കിയില്ല. രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള വിദേശനാണ്യംപോലും രാജ്യത്തിന് ഇല്ലായിരുന്നു.
അന്ന് വെറും 10 ലക്ഷം ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യ ശേഖരം 2022ൽ 8.28 കോടി ഡോളറായി (ഏഴു ലക്ഷം കോടി രൂപ) ഉയര്ന്നു. ‘നരസിംഹ റാവുവിന് എന്നെ നേരത്തേ അറിയാമായിരുന്നു. മുന്പു പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സ്വിറ്റ്സർലണ്ടിലെ സൗത്ത് കമ്മീഷനിൽ സെക്രട്ടറി ജനറൽ ആയിരുന്നപ്പോൾ വിദേശകാര്യമന്ത്രിയായിരുന്ന റാവു ലണ്ടനിലെത്തിയ വേളയിൽ എന്നെ കാണാൻ അദ്ദേഹം ആഗ്രഹിച്ചു. 1988ലാണിത്.
ജനീവയിൽ നിന്നു ലണ്ടനിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. എല്ലാത്തരത്തിലും ഒരു ചാണക്യനായിരുന്നു റാവു. എതിരാളികളെ വേദനിപ്പിക്കാനും അദ്ദേഹം മടിച്ചിട്ടില്ല.’ ഇന്ത്യയുടെ സാന്പത്തിക വളർച്ചയും ഉൗർജ പ്രതിസന്ധി തരണം ചെയ്യാൻ ദൃഢനിശ്ചയത്തോടെ നടപ്പാക്കിയ ഇന്ത്യ അമേരിക്ക ആണവോർജ കരാറും മാത്രം മതിയാകും മൻമോഹൻ സിംഗിനെ ഭാവിതലമുറകളുടെ രക്ഷകനായി കണക്കാക്കാൻ.
ലോകം അറിയപ്പെടുന്ന ഇക്കണോമിസ്റ്റ്, സമർപ്പിതനായ അക്കാഡമിഷ്യൻ, നലം തികഞ്ഞ ബ്യൂറോക്രാറ്റ്, പ്രധാനമന്ത്രി വരെയെത്തിയ രാഷ്ട്രീയ നേതാവ് തുടങ്ങിയവയൊക്കെ ചെറിയ വിശേഷണങ്ങളാകും.
യുപിഎ സർക്കാരിന്റെ പത്തു വർഷക്കാലം പ്രധാനമന്ത്രിയെന്നനിലയിൽ നടപ്പാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി മുതൽ വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ആധാർ കാർഡും മുതൽ വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 2012ൽ പാസാക്കിയ നിയമവും ദാരിദ്ര്യ നിർമാർജന പദ്ധതികളും വിദേശ രാജ്യങ്ങളുമായുണ്ടാക്കിയ നല്ല ബന്ധങ്ങളുമെല്ലാം തൊപ്പിയിലെ തൂവലുകളാകും.
ജോർജ് കള്ളിവയലിൽ