2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേഗം നിറഞ്ഞ നാൾവഴികളും ലോകത്തെ വിസ്മയിപ്പിക്കുന്പോൾ ഇതിനു സാക്ഷ്യംവഹിച്ച ആമസോണ്‍ മഴക്കാടുകൾ വീണ്ടും ചർച്ചാവിഷയമാകുകയാണ്.
വന്യതയ്ക്ക് ആമസോണിനുമപ്പുറം ഒരു വിശേഷണമുണ്ടാകില്ല. ഇടതൂർന്ന ഘോരവനത്തിനുള്ളിൽ പട്ടാപ്പകൽപ്പോലും കാഴ്ച മറയ്ക്കുന്ന കൂരിരുട്ട്. കാട്ടരുവികളുടെയും ഹിംസ്രജന്തുക്കളുടെയും ശബ്ദങ്ങളാൽ സദാസമയവും മുഖരിതം. കൊടുംവിഷമുള്ള പാന്പുകളുടെയും തവളകളുടെയും സസ്യങ്ങളുടെയും കൂടാരം. വനത്തിൽ വീണുകിടക്കുന്ന പൂക്കളിൽനിന്നുപോലും വിഷസ്പർശമേൽക്കാം. കാരണം വിഷസസ്യങ്ങളും ധാരാളമുണ്ടെന്നതുതന്നെ. ഇതിനുപുറമെയാണ് പുറംലോകവാസികളെ ശത്രുക്കളായി കാണുന്ന ആദിമഗോത്രവിഭാഗങ്ങളുടെയും കാട്ടുകൊള്ളക്കാരുടെയും മയക്കുമരുന്ന്-അധോലോക സംഘങ്ങളുടെയും സാന്നിധ്യം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാം ജീവിക്കുന്ന പ്രകൃതിയും ശ്വസിക്കുന്ന വായുവുമെല്ലാം ആമസോണിനോടു കടപ്പെട്ടിരിക്കുന്നു. ആമസോണ്‍ വനാന്തരങ്ങൾക്ക് തീപിടിക്കുന്പോഴൊക്കെ പരിസ്ഥിതി സ്നേഹികളുടെ ഉള്ളുരുകുന്നു. കാരണം ലോകത്തിന്റെ നിലനില്പിന്റെ താളം ആമസോണിന്റെ ഹൃദയത്തിലാണെന്നതുതന്നെ. ഒന്‍പത് രാജ്യങ്ങളിലായുള്ള ആമസോണ്‍ മഴക്കാടുകളുടെ വിസ്തൃതി 6.7 ദശലക്ഷം കിലോമീറ്ററാണ്. അതായത് ഇന്ത്യയുടെ ഇരട്ടിയിലേറെ വലിപ്പം. ലോകം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനവും നൽകുന്നത് ആമസോണ്‍ ആയതിനാൽ ഭൂമിയുടെ ശ്വാസകോശമായും ഈ മഴക്കാടുകൾ അറിയപ്പെടുന്നു. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളിൽ പകുതി ആമസോണിലാണ്.
ഈ ഘോരവനാന്തരങ്ങളിൽ കാണപ്പെടുന്ന സസ്യ-ജന്തുജാല വൈവിധ്യത്തെക്കുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കാത്തത്ര വിഷയസന്പന്നമാണ്. ലോകത്ത് കണ്ടെത്തിയിട്ടുള്ള സസ്യ-ജന്തുജാലങ്ങളിൽ പത്തിലൊന്നും ഇവിടെയാണെന്നതുതന്നെ കാരണം.
ജീവജാലങ്ങളുടെ കലവറ
ജീവജാലങ്ങളുടെ അപൂർവ കലവറയാണ് ആമസോണ്‍ മഴക്കാടുകൾ. 25 ലക്ഷം ഇനം പ്രാണികൾ, 40,000 സസ്യ ഇനങ്ങൾ, 3000 ഇനം ശുദ്ധജല മത്സ്യങ്ങൾ, 1300 ഇനങ്ങളിൽപ്പെട്ട പക്ഷികൾ, 427 തരം സസ്തനികൾ, 378 ഇനം ഉരഗങ്ങൾ, 400 ഇനങ്ങളിൽപ്പെട്ട ഉഭയജീവികൾ, 16000 ഇനം മരങ്ങൾ, 4000 തരം പൂന്പാറ്റകൾ...ആമസോണിന്റെ ജീവജാല വൈവിധ്യം ഇനിയുമേറെയുണ്ട്.
ജാഗ്വാറുകൾ, ഹാർപി ഈഗിൾസ്, പിങ്ക് റിവർ ഡോൾഫിനുകൾ എന്നിവയുടെ ലോകത്തിലെ അവസാനത്തെ അഭയകേന്ദ്രമാണിവിടം. ഇനിയും തിരിച്ചറിയാനാകാത്ത നൂറുകണക്കിന് ജീവജാലങ്ങളും ആമസോണിലുണ്ട്.
ഇരപിടിയന്മാരിൽ കരയിലെ വലിയവർ കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാകോണ്ട എന്നിവയും വെള്ളത്തിൽ ഇരയെ വൈദ്യുതാഘാതമേൽപ്പിച്ച് ബോധം കെടുത്താനും കൊല്ലാനും ശേഷിയുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ചുകൊല്ലാനും തിന്നാനും ശേഷിയുള്ള പിരാനകളുമുണ്ട്. കൊടിയ വിഷമുള്ള തവളകൾ യഥേഷ്ടമുണ്ട്. ഇവ ശരീരത്തിൽനിന്ന് മാരകമായ ആൽക്കലോയ്ഡ് സ്രവിപ്പിച്ചുകൊണ്ടിരിക്കും.
പേവിഷബാധ പരത്താൻ കഴിവുള്ള വാന്പയർ വവ്വാലുകളും ഇവയിൽപ്പെടുന്നു. വനാന്തരങ്ങളിൽ അകപ്പെട്ടാൽ മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നിവ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. ലോകത്ത് കാണപ്പെടുന്ന അഞ്ചുതരം പക്ഷികളിലൊന്ന് ആമസോണ്‍ മഴക്കാടുകളിലുണ്ട്. അതുപോലെതന്നെ അഞ്ചിലൊന്ന് ഇനം മത്സ്യങ്ങള്‍ ഈ നദികളിലും കാട്ടരുവികളിലും കാണാം.
പുരാതനകാലം മുതൽ ആമസോണ്‍ വനങ്ങളിൽ മനുഷ്യർ താമസിച്ചിരുന്നതായാണ് പര്യവേക്ഷണങ്ങൾ വ്യക്തമാക്കുന്നത്.
60 ശതമാനവും ബ്രസീലിൽ
ഒന്‍പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ വനമേഖലയുടെ 60 ശതമാനവും ബ്രസീലിലാണ്. 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും. ഈ രാജ്യങ്ങൾ കൂടാതെ ബൊളീവിയ, ഇക്വഡോർ, ഗയാന, സുരിനാം, വെനസ്വേല എന്നീ രാജ്യങ്ങളിലും ഫ്രഞ്ച് അധീന മേഖലയായ ഫ്രഞ്ച് ഗയാനയിലും ആമസോണ്‍ കാടുകൾ വിസ്തൃതമാണ്. നരഭോജികളായ കുലിന മുതൽ 350 വ്യത്യസ്ത ഗോത്രവിഭാഗങ്ങളിലുള്ളവർ ഉൾപ്പെടെ 30 ദശലക്ഷം ജനങ്ങളാണ് ഈ മഴക്കാടുകളോടു ചേർന്ന് അധിവസിക്കുന്നത്. ഇതിൽ ഒന്‍പത് ശതമാനം ജനങ്ങൾ വനാന്തരങ്ങളിൽ കഴിയുന്ന ഗോത്രവിഭാഗക്കാരാണ്. ആമസോണ്‍ വനം അതിർത്തിപങ്കിടുന്ന വിവിധ രാജ്യങ്ങൾക്കു കീഴിൽ 3,344 ഗോത്ര വിഭാഗ പ്രദേശങ്ങളുണ്ട്.
ആമസോണിന്റെ നാശം
അനധികൃത ഖനനം, വനനശീകരണം, വന്യമൃഗവേട്ട, കാട് വെട്ടിയുള്ള കൃഷിയും കന്നുകാലി വളർത്തലും, ഉൾക്കാടുകളിലെ കഞ്ചാവ് കൃഷി, റിയൽ എസ്റ്റേറ്റ് ബിസിനസ്, അധോലോക-വിഘടനവാദികളുടെ പ്രവർത്തനം എന്നിവയെല്ലാം ആമസോണിന്റെ ഭൂപ്രകൃതിയെ തകർക്കുന്ന ഘടകങ്ങളാണ്. വിവിധ രാജ്യങ്ങളുടെ ജലവൈദ്യുത പദ്ധതികളും ഈ മഴക്കാടുകളുടെ നാശത്തിന് കാരണമാകുന്നു. പല പദ്ധതികളുടെയും ജലസംഭരണികൾ പരിസ്ഥിതി സംതുലിതാവസ്ഥയ്ക്കും ജീവജാലങ്ങളുടെ നിലനില്പിനും ഭീഷണിയാണ്.
ഇതു നദികളുടെ സംയോജനം ഇല്ലാതാക്കുന്നു. തത്ഫലമായി റിവർ ഡോൾഫിനുകൾ, ചില അപൂർവയിനം മത്സ്യങ്ങൾ എന്നിവയുടെ വംശനാശത്തിനും ഇത് കാരണമാകുന്നു. അനധികൃത ഖനന പ്രവർത്തനങ്ങൾ മണ്ണൊലിപ്പിനും ജലമലിനീകരണത്തിനും ഇടയാക്കുന്നു. നദികളോടു ചേർന്നും ഉൾക്കാടുകളിലും അനധികൃത എണ്ണ, സ്വർണ ഖനനം വ്യാപകമാണ്.
ആമസോണ്‍ ഇൻസ്റ്റിറ്റ്യട്ട് ഫോർ മാൻ ആൻഡ് എൻവയോണ്‍മെന്റ് എന്ന സംഘടന നടത്തിയ പഠനം പറയുന്നത് അനധികൃത ഖനികളുടെയും അതിലെ ജോലിക്കാരുടെയും സാന്നിധ്യം ആമസോൺ നദികളോടു ചേർന്നുള്ള വന്യജീവി സന്പത്തിനെ ഇല്ലാതാക്കുന്നുവെന്നാണ്. വനാന്തരങ്ങളിലെ നിരവധിയിടങ്ങളിലാണ് മരങ്ങൾ വെട്ടിനീക്കി കൃഷിയിറക്കുകയും പുൽമേടുകളുണ്ടാക്കി കന്നുകാലി വളർത്തൽ വർധിച്ചുവരികയും ചെയ്യുന്നത്. സാധാരണ കർഷകരല്ല, മറിച്ച് സർക്കാരുകളുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന വൻകിട കുത്തകകളാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതെന്നത്. കൊളംബിയ പോലുള്ള രാജ്യങ്ങളിൽ വിമത സായുധ സംഘടനകൾ പ്രവർത്തിക്കുന്നത് ആമസോണ്‍ വനാന്തരങ്ങൾ കേന്ദ്രീകരിച്ചാണ്.
2000 മുതൽ ആമസോണിലെ 69 ശതമാനം പ്രദേശങ്ങളിലും മഴയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. നിലവിലെ വനനശീകരണ തോത് കണക്കിലെടുത്താൽ 2030 ആകുന്പോഴേയ്ക്കും ഈ മഴക്കാടുകളിലെ 27 ശതമാനം പ്രദേശവും ഇല്ലാതാകുമെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടന മുന്നറിയിപ്പ് നൽകുന്നു.
ആമസോൺ വനവൈവിധ്യത്തിന്റെ 20 ശതമാനമെങ്കിലും ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മഴക്കാടുകളെ സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്നുമാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയുടെ നിർദേശം. ആമസോണിനുണ്ടാകുന്ന ഓരോ ഭീഷണിയും ഭൂമിയുടെ സംതുലിതാവസ്ഥയെ തകിടംമറിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ആഗോളതാപനം മനുഷ്യന്റെ നിലനില്പിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ആമസോണിലെ വനനശീകരണത്തിനെതിരേയും ജീവജാലങ്ങളുടെ സംരക്ഷണത്തിനുമായും ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുളള യുണൈറ്റഡ് നേഷൻസ് എൻവയോണ്‍മെന്റ് പ്രോഗ്രാമും(യുഎൻഇപിയും) ആഗോള പരിസ്ഥിതി സംഘടന വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറും(ഡബ്യുഡബ്യുഎഫ്) രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീൻപീസുമെല്ലാം ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്.
അകപ്പെട്ടവർ നിരവധി, തിരിച്ചുവരാത്തവരും
ആമസോണ്‍ വനാന്തരത്തിൽ അകപ്പെട്ടു ദിവസങ്ങൾക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നവർ നിരവധിയാണ്. ഇവരിലൊരാളാണ് 30 കാരനായ ജോനത്താൻ അകോസ്റ്റ. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാലംഗ വേട്ടസംഘത്തോടൊപ്പം ബൊളീവിയൻ വനാന്തരത്തിൽ ജോനത്താൻ ഒറ്റപ്പെട്ടുപോയത്. ഷൂസിനുള്ളിൽ മഴവെള്ളം ശേഖരിച്ചു കുടിച്ചും മണ്ണിരകളെയും കാട്ടുപഴങ്ങളുമൊക്കെ ഭക്ഷിച്ചാണു ജീവൻ നിലനിർത്തിയത്. നിരവധി തവണ വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടിവന്നു. തെരച്ചിലിൽനിന്നു സൈന്യം പിൻമാറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘമാണ് 31 ദിവസത്തിനുശേഷം അവശനിലയിൽ ജോനത്താനെ കണ്ടെത്തിയത്.
അന്റോണിയോയുടെ ക്രാഷ് ലാൻഡിംഗ്
സാങ്കേതിക തകരാറിനെത്തുടർന്ന് ചെറുവിമാനം ക്രാഷ് ലാൻഡിംഗ് നടത്തിയതിനെത്തുടർന്നു 38 ദിവസം ബ്രസീലിലെ ആമസോണ്‍ വനത്തിൽ അകപ്പെട്ട കഥയാണ് പൈലറ്റ് അന്റോണിയോ സെനയ്ക്കു പറയാനുള്ളത്. ബ്രസീലിയൻ സംസ്ഥാനമായ പരായിലെ ഒരു അനധികൃത സ്വർണഖനിയിലേക്കു പറക്കവെയാണു അന്റോണിയോ പറത്തിയ ചെറുവിമാനം ക്രാഷ് ലാൻഡിംഗ് നടത്തിയത്. 2021 ജനുവരി 28നായിരുന്നു സംഭവം.
പരിക്കുകളോടെ രക്ഷപ്പെട്ട ഇദ്ദേഹം കൈവശമുണ്ടായിരുന്ന റൊട്ടി കുറേശെ ഭക്ഷിച്ച് ഏതാനും ദിവസങ്ങൾ വിശപ്പടക്കി. മഴവെള്ളവും കുടിച്ചു. പിന്നീട് രക്ഷയുടെ തുരുത്തുതേടി നടത്തമാരംഭിച്ചു.ഒരു നദി നീന്തിക്കയറിയതോടെ രക്ഷയുടെ പടിവാതിൽക്കലെത്തി. വനത്തിനുള്ളിൽ കാട്ടുകിഴങ്ങുകൾ ശേഖരിക്കുകയായിരുന്ന ഗ്രാമവാസികൾ രക്ഷപ്പെടുത്തി.
കുടുങ്ങി കുരുന്നുസഹോദരങ്ങൾ
ഉൾക്കാട്ടിൽ പക്ഷികളെ പിടിക്കാൻ പോയി വനത്തിൽ കുടുങ്ങിയ അനുഭവമാണ് ബ്രസീലുകാരായ എട്ടുവയസുകാരൻ ഗ്ലോകോയ്ക്കും സഹോദരൻ ആറുവയസുകാരനായ ഗ്ലെയ്സണും പറയാനുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം. ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തിൽപ്പെട്ട മാനികൊരെയിൽനിന്നു വനത്തിലേക്കു പോയതായിരുന്നു ഇരുവരും. സൈന്യം എട്ടുദിവസം തെരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ 26 ദിവസത്തിനുശേഷം അവശനിലയിലായിരുന്ന കുട്ടികളെ കണ്ടെത്തി. മഴവെള്ളം കുടിച്ചാണു കുട്ടികൾ അത്രയുംനാൾ ജീവിച്ചത്.
ഇരുവര്‍ക്കും ദാരുണ മരണം
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ഡോം ഫിലിപ്സിനും ബ്രസീലുകാരനായ ഗോത്രകാര്യ ഗവേഷകൻ ബ്രൂണോ പെരേരയ്ക്കുമുണ്ടായ ദുരന്തത്തെ തുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. 2022 ജൂണിൽ പെറു-കൊളംബിയ അതിർത്തിയിലെ ആമസോണ്‍ വനത്തിലാണ് ഇരുവരെയും കാണാതായത്. തെരച്ചിലിനൊടുവിൽ ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാവുകയും ചെയ്തു. ഉൾക്കാട്ടിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവരായിരുന്നു കൊലയ്ക്കു പിന്നിൽ. ആമസോണ്‍ വനത്തിലെ അനധികൃത പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഡോം ഫിലിപ്സും സുഹൃത്ത് ബ്രൂണോയും.
ടി.എ. ജോർജ്