മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന്റർ ഒന്നാമതാണ്. അര ലക്ഷത്തിലേറെ ഡോക്ടർമാരെയും മുക്കാൽ ലക്ഷത്തിലേറെ എൻജിനിയർമാരെയും വാർത്തെടുത്ത മഹാസ്ഥാപനം. 38 വർഷം മുന്പ് ചെറിയ തുടക്കത്തിൽ നിന്നുള്ള ബ്രില്യന്റിന്റെ വളർച്ച മഹാവിസ്മയമാണ്.
പാലാ അരുണാപുരത്ത് വാടകമുറിയിലെ ട്യൂഷൻ സെന്ററിൽനിന്നാണ് തുടക്കം. 1500 രൂപ മൂലധനവുമായി 38 വർഷം മുൻപ് മൂന്ന് യുവ അധ്യാപകർ ട്യൂഷനൊപ്പം തുടങ്ങിയ എൻട്രൻസ് പരിശീലനം. ഇവരുടെ ബ്രില്യന്റ് ഐഡിയ മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയുടെ നാഷണ് ബ്രാൻഡായി വളർച്ചയുടെ പടവുകൾ കയറി.
അര ലക്ഷത്തിലേറെ ഡോക്ടർമാരെയും മുക്കാൽ ലക്ഷത്തിലേറെ എൻജിനിയർമാരെയും മുൻനിര പ്രഫഷനിലേക്ക് കൈപിടിച്ചു കയറ്റിയ ബ്രില്യന്റ് സ്റ്റഡി സെന്റർ. എൻട്രൻസ് പരിശീലനം തുടങ്ങിയതു മുതൽ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, സന്തോഷ്കുമാർ ബി. എന്നീ നാൽവർ കൂട്ടായ്മയാണ് ബ്രില്യന്റ് ജേർണിയുടെ സാരഥികൾ. ബ്രില്യന്റിന് കരുത്തും കരുതലുമാണ് ഇവരുടെ കഠിനാധ്വാനവും കാഴ്ചപ്പാടുകളും.
1986ൽ പത്ത് ട്യൂഷൻ വിദ്യാർഥികൾക്ക് എൻട്രൻസ് പരീക്ഷ എഴുതാൻ അൽപം സ്പെഷൽ കോച്ചിംഗ് കൊടുത്താണ് തുടക്കം. കുട്ടികൾ ആവശ്യപ്പെട്ട സിലബസ് ഈ അധ്യാപകർ പഠിച്ചശേഷം പഠിപ്പിക്കുകയായിരുന്നു.
എൻട്രൻസ് പരീക്ഷ എഴുതിയതിൽ ഒരാൾ എംബിബിഎസിനും നാലു പേർ എൻജിനിയറിംഗിനും പ്രവേശനം നേടി. അടുത്ത വർഷവുമെത്തി കൂടുതൽ കുട്ടികൾ. നാലു വർഷം പിന്നിട്ടതോടെ അരുണാപുരം സി.ടി. കൊട്ടാരം കോളജ് വാടകയ്ക്കെടുത്തായി പരിശീലനം.
ഓരോ വർഷവും റാങ്കുകളുടെ തിളക്കത്തിൽ നേട്ടങ്ങൾ കൊയ്തതോടെ എൻട്രൻസ് എന്നാൽ ബ്രില്യന്റ് എന്ന നിലയിലേക്കുയർന്നു. 2000ൽ മുത്തോലിയിൽ വിപുലമായ സൗകര്യങ്ങളോടെ സ്ഥാപനം പുതിയ നിലകളും ഉയരങ്ങളും താണ്ടി.
ഇന്ന് 700 അധ്യാപകരും മൂവായിരം ജീവനക്കാരും നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും നൂറിൽപരം ഹോസ്റ്റലുകളും വാഹനങ്ങളും മറ്റ് സംവിധാനങ്ങളുമുള്ള മഹാപ്രസ്ഥാനമായിരിക്കുന്നു.
അരുണാപുരത്തെ ട്യൂഷൻ സെന്ററിൽ ഈ അധ്യാപകർ തനിയെ ബെഞ്ചും ഡെസ്കും പെയിന്റടിച്ച് കർട്ടൻ കെട്ടി നാലു മുറികൾ തിരിച്ച് തുടങ്ങിയ സംരംഭം അറിവിലും അധ്യാപനത്തിലും ആസ്തിയിലും മികവിന്റെ കേന്ദ്രമാണ്.
ഇതിനോടകം എത്ര ലക്ഷം വിദ്യാർഥികളെ ബില്യന്റ് പരിശീലിപ്പിച്ചു എന്നത് കണക്കുകൂട്ടുക എളുപ്പമല്ല. ഒരു വർഷം അര ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനം നൽകുന്നു. മെഡിക്കൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 23 ഒന്നാം റാങ്കുകാരും മറ്റ് പ്രവേശന പരീക്ഷകളിൽ അറുപതിൽപരം ഒന്നാം റാങ്കുകാരും ബ്രില്യന്റിൽ നിന്നുണ്ടായി.
ബ്രില്യന്റിന്റെ സ്ഥാപകരും സാരഥികളുമായ നാല് അധ്യാപകർക്കും 1989 ൽ സർക്കാർ ജോലി കിട്ടിയിരുന്നു. ജോർജ് തോമസും സ്റ്റീഫൻ ജോസഫും അധ്യാപകരായും സന്തോഷ്കുമാറിന് കെസ്എഫ്ഇയിലും സെബാസ്റ്റ്യന് ജി. മാത്യുവിന് സബ് ഇൻസ്പെക്ടറായി പോലീസിലും ജോലി കിട്ടി.
ഇവരില് മൂന്നുപേര് ജോലിക്ക് പോയെങ്കിലും ചില കാരണങ്ങളാൽ സെബാസ്റ്റ്യനു ജോലിക്ക് പോകാനായില്ല. തുടർന്ന് പത്തു വർഷം ബ്രില്ല്യന്റിനെ നയിച്ചത് സെബാസ്റ്റ്യനാണ്. രണ്ടായിരത്തിൽ ജോർജും സ്റ്റീഫനും ജോലി രാജിവച്ചു.
സന്തോഷ് അവധിയെടുത്തു. ഇവർ മുത്തോലിയിൽ ഒരുമിച്ചതോടെ ബ്രില്യന്റ് ഐഡിയയുടെ അടുത്ത കുതിപ്പ് തുടങ്ങുകയായി.
പാലാ, എറണാകുളം, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, തലശേരി സെന്ററുകളിലായി 375 ബാച്ച് വിദ്യാർഥികൾക്കാണ് ഒരു ദിവസം നിലവിൽ പരിശീലനം. കൂടാതെ 200 ബാച്ച് റിപ്പീറ്റേഴ്സ്. പുറമേ സ്കൂൾ ബാച്ചുകാർ.
ഇവിടെനിന്നുള്ള ഓൾ ഇന്ത്യ ഒന്നാം റാങ്ക് ജേതാവിന് ഓരോ കോടി രൂപയും സ്വർണമെഡലുമാണ് സമ്മാനം. രണ്ടാം റാങ്കുകാർക്ക് 50 ലക്ഷം. മൂന്നു മുതൽ അഞ്ചു വരെ റാങ്കുകാർക്ക് 25 ലക്ഷം. ഇതു കുറഞ്ഞു വന്ന് റാങ്കുകാർക്ക് 5000 രൂപ വരെ സമ്മാനവും മെഡലും നൽകും. നീറ്റ് കേരള ഒന്നാം റാങ്കുകാർക്ക് അടുത്ത വർഷം മുതൽ 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും സ്വർണമെഡലുമാണ് സമ്മാനം.
ബ്രില്ല്യന്റിലെ പരിശീലനം കൊണ്ടാണ് ഡോക്ടറും എൻജിനിയറും ആകാൻ സാധിച്ചതെന്നു പറയുന്ന ആയിരങ്ങളാണ് ഈ സ്ഥാപനത്തിന്റെ അഭിമാനം. ആത്മാർഥതയും സമർപ്പണമനോഭാവവും വിശ്വാസ്യതയുമാണ് ഈ വിജയഗാഥയുടെ പൊരുൾ.
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസിൽ അറിയേണ്ടതെന്തെല്ലാം. ബ്രില്യന്റിന്റെ വിജയരഹസ്യം എന്താണ്. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് സംസാരിക്കുന്നു.
ആഗ്രഹം, അധ്വാനം പ്രധാനം
എനിക്കു നേടണം, ഞാൻ നേടും എന്ന് തീരുമാനമുള്ള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ എൻട്രൻസിന് അയയ്ക്കാവൂ. ആഗ്രഹവും അഭിരുചിയുമില്ലാത്തവരെ കഠിനശ്രമം അടിച്ചേൽപ്പിക്കരുത്. പഠിക്കാനുള്ള മനസ് അടിസ്ഥാന ഘടകമാണ്.
സ്കൂൾ പരീക്ഷയിലെ ഉന്നതവിജയം എൻട്രൻസിൽ ഏറെ ബാധകമല്ല. പ്ലസ് ടുവിന് 90 ശതമാനം വരെയാണ് വിജയശതമാനം. എന്നാൽ എൻട്രൻസിലെ വിജയസാധ്യത ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ്.
22 ലക്ഷം പേർ എൻട്രൻസ് എഴുതിയാൽ കാൽ ലക്ഷം പേരാണ് ജനറൽ ക്വാട്ടയിൽ കടന്പ കടക്കുന്നത്. അത്രയുംതന്നെ റിസർവേഷൻ സീറ്റുകളുമുണ്ട്. കൂടാതെ സ്വകാര്യസ്ഥാപനങ്ങളിൽ അര ലക്ഷത്തോളം സീറ്റുകളും.
എങ്ങനെ പഠിക്കണം
ബ്രില്യന്റിൽ പരിശീലനത്തിനു ചേരുന്ന എല്ലാ വിദ്യാർഥികളെയും രക്ഷിതാക്കളെയും പരീക്ഷാഘടനയും പഠനരീതിയും പരിചയപ്പെടുത്തി ബോധവത്കരിക്കും. ക്ലാസിലെ പഠനം ഉൾപ്പെടെ ദിവസം 14 മണിക്കൂറെങ്കിലും പഠിക്കാൻ മനസുള്ളവരേ ഇതിലേക്ക് വരാവൂ.
എൻട്രൻസ് ഗൈഡുകളും ടെസ്റ്റ് ബുക്കുകളും ഒരുപാട് വാങ്ങിയിട്ടു കാര്യമില്ല. എൻസിഇആർടി പാഠപുസ്തകങ്ങളോളം വരില്ല ഗൈഡുകൾ. പുസ്തകത്തിലെ ഓരോ വരിയും ആവർത്തിച്ചു വായിച്ച് നോട്ടുകുറിച്ച് പഠിക്കുന്നതാണ് ഏറ്റവും മെച്ചം.
എൻട്രൻസ് പരിശീലനം ഓഫ് ലൈനോ ഓണ്ലൈനോ ആവട്ടെ, ഒരു ക്ലാസ് പോലും നഷ്ടപ്പെടുത്താൻ പാടില്ല. മാർക്ക് കുറഞ്ഞാൽപോലും ക്ലാസ് ടെസ്റ്റ് പേപ്പറുകൾ എഴുതാതിരിക്കരുത്. തെറ്റു തിരുത്തി ശരി മനസിലാക്കാൻ തുടർപരീക്ഷകൾ സഹായിക്കും.
പഠിക്കാൻ കഴിവില്ലാത്തവർക്ക് ഈ പരിശീലനം മാനസിക പിരിമുറുക്കത്തിനും പരാജയത്തിനും ഇടവരുത്തിയേക്കാം. അവർ അനുയോജ്യമായ മറ്റ് കോഴ്സുകളിൽ ചേരുക.
വിജയരഹസ്യം
അൻപതിനായിരത്തിലേറെ ഡോക്ടർമാരെയും എഴുപത്തയ്യായിരത്തിലേറെ എൻജിനിയർമാരെയും ഉന്നത രംഗത്ത് എത്തിക്കാനായിട്ടുണ്ട്. ആഗ്രഹവും കഴിവുമുള്ള മിടുക്കരാണ് ബ്രില്യന്റിലേക്കു വരുന്നത്. അവർ അച്ചടക്കമുള്ളവരായതിനാൽ ഒരാളും സ്ഥാപനത്തിന് തലവേദനയാകുന്നില്ല.
പ്രവേശനത്തിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഞങ്ങളുടെ നിർദേശങ്ങൾ പാലിക്കുന്ന ഏറെപ്പേരും കടന്പ കടക്കുന്നുണ്ടുതാനും. ഒരാളെയും വഴക്കുപറയുകയോ ശിക്ഷിക്കുകയോ ആധിക്ഷേപിക്കുകയോ ചെയ്യരുതെന്ന് അധ്യാപകർക്ക് നിർദേശമുണ്ട്. ഓരോ വിദ്യാർഥിയെയും ശ്രദ്ധിച്ചും നിരീക്ഷിച്ചും നിർദേശം നൽകിയുമാണ് പരിശീലനം.
കൃത്യമായ ആസൂത്രണം
ഞങ്ങളുടെ ചെറിയ സംരംഭമാണ് ഇത്രയും വളർന്നത്. ഞങ്ങൾ നടത്തിയിരുന്ന ട്യൂഷൻ സെന്ററിലെ ഏതാനും കുട്ടികളുടെ താൽപര്യത്തിലാണ് 38 വർഷം മുൻപ് എൻട്രൻസ് പരിശീലനം തുടങ്ങിയത്. ഇന്ന് എല്ലാ സെന്ററുകളിലുമായി 700 അധ്യാപകരുണ്ട്. അധ്യാപകരെ തെരഞ്ഞെടുക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. വിദ്യാർഥികളിൽനിന്ന് അധ്യാപകരെക്കുറിച്ച് ഇവാല്യുവേഷൻ എഴുതി വാങ്ങും.
രക്ഷിതാക്കൾ ചെയ്യേണ്ടത്
എൻട്രൻസ് പരിശീലനകാലത്ത് കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം. ക്ലാസ് ഓഫ് ലൈനിലോ ഓണ്ലൈനിലോ ആണെങ്കിലും ശ്രദ്ധിക്കണം. എല്ലാ ആഴ്ചയും ഓണ്ലൈനിൽ രക്ഷിതാക്കൾക്ക് ഞങ്ങൾ ക്ലാസ് കൊടുക്കുന്നുണ്ട്.
പഠനകാര്യത്തിൽ ഇവാല്യുവേഷനും നൽകും. അവരെ ശാസിക്കുകയോ സമ്മർദം കൊടുക്കുകയോ ചെയ്യരുതെന്ന് രക്ഷിതാക്കളോടു പറയും. കൃത്യമായി പഠനം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം.
ജീവിതനേട്ടം
ബ്രില്യന്റിലെ പരിശീലനം ഇവിടെയെത്തുന്ന ഓരോ വിദ്യാർഥിക്കും പുതിയ അനുഭവം പകരും. കഠിനാധ്വാനത്തിന്റെ മനസ് അവരിലുണ്ടാകും. എൻട്രൻസ് കടന്നില്ലെങ്കിൽ പോലും ഞങ്ങളുടെ പരിശീലനം ഉപരിപഠനത്തിലും മത്സരപരീക്ഷകളിലും പിന്നീട് നേട്ടമാകുമെന്ന് തീർച്ചയാണ്.
മെഡിക്കൽ, എൻജിനിയറിംഗ് പരീക്ഷ ഇന്ത്യയിലെയും ലോകത്തിലെയുംതന്നെ ഏറ്റവും വലിയ പ്രവേശന പരീക്ഷയാണ്. ഇതിൽ ഏറ്റവും മിടുക്കരാണ് മത്സരിക്കുന്നത്. റിസർവേഷൻ ക്വാട്ടയിൽ ഒഴികെ മാർക്ക് മാത്രമാണ് മാനദണ്ഡം.
നീറ്റ് നേടുന്നവരിൽ ദേശീയതലത്തിൽ ഏഴു ശതമാനം വിദ്യാർഥികൾ ബ്രില്യന്റിൽ നിന്നാണെന്നതാണ് ഞങ്ങളുടെ അഭിമാനം. ആദ്യ പതിനായിരത്തിൽ എഴുനൂറു പേർ ഇവിടെ നിന്നാണ്. നാഷണൽ എൻജിനിയറിംഗ് വിജയത്തിൽ രണ്ടു ശതമാനത്തോളമാണ് ഞങ്ങളുടെ സംഭാവന.
സ്കോളർഷിപ്പ്
പഠനത്തിൽ മുന്നിലുള്ള വിദ്യാർഥി പണമില്ലാത്തതിനാൽ എൻട്രൻസ് ആഗ്രഹം മുടങ്ങിപ്പോകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. സ്റ്റുഡന്റ് മൈത്രി സ്കീമിൽ സാന്പത്തികമായി പിന്നിലുള്ള മൂവായിരത്തോളം കുട്ടികൾക്ക് 15 കോടി രൂപയുടെ ഫീസ് ഇളവ് ഓരോ വർഷവും നൽകുന്നുണ്ട്. കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടെ എൻട്രൻസ് പരിശീലനത്തിനു വന്ന് കടന്പ കടന്ന വിദ്യാർഥികളുടെ അനുഭവങ്ങൾ ഓർമയിലുണ്ട്.
കേരളത്തിനു പുറത്ത്
കേരളത്തിന് പുറത്ത് ദുബായിയിൽ സെന്ററുണ്ട്. കോയന്പത്തൂരിൽ സെന്റർ ആലോചനയിലാണ്. എന്നാൽ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലും വിദ്യാർഥികളുടെ എണ്ണം ഏറുന്നതിനാലും മറ്റ് സംസ്ഥാനങ്ങളിൽ സെന്ററുകളെക്കുറിച്ച് ഇപ്പോൾ ആലോചനയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തി പഠിക്കുന്നുണ്ട്.
ഒരുങ്ങണം, ഒരുക്കണം
സേവനമനോഭാവവും ശുശ്രൂഷിക്കാനുള്ള മനസുമില്ലാത്തവർ മെഡിക്കൽ രംഗത്തേക്കു വരരുത്. വരുമാനത്തേക്കാൾ സേവന മനസാണ് പ്രധാനം. വ്യക്തിപരമായ കാര്യങ്ങൾപോലും മാറ്റിവച്ച് ശുശ്രൂഷ ചെയ്യുന്നവനാണ് ഏറ്റവും നല്ല ഡോക്ടർ.
കുട്ടികളെ ചെറിയ പ്രായത്തിൽതന്നെ എൻട്രൻസിലേക്ക് പാകപ്പെടുത്തുക എന്നതാണ് ഇക്കാലത്തേക്കുള്ള മറ്റൊരു നിർദേശം. ആറാം ക്ലാസ് മുതലെങ്കിലും എൻട്രൻസ് ഫൗണ്ടേഷൻ നൽകണം. മൊബൈൽ ഫോണിൽ ഗെയിം കണ്ടും കളിച്ചും കുട്ടികൾ നശിക്കാതിരിക്കാൻ പഠനം ഗെയിമാക്കി മാറ്റണം.
പഠനം ഹരമാകുന്പോൾ ക്ലാസിൽ ഒന്നാമനാകും. ചൈനക്കാർ ഒളിന്പിക്സിൽ സ്വർണം വാരുന്നതിന്റെ രഹസ്യം അറിയണം. അവർ ചെറിയ പ്രായത്തിൽതന്നെ താരങ്ങളെ കണ്ടെത്തി ഒളിന്പിക്സ് ലക്ഷ്യമാക്കി പരിശീലനം നൽകുന്നു.
അക്കാദമിക് ടീം
ബ്രില്യന്റിൽ പഠനനോട്ടുകൾ തയാറാക്കാൻ പ്രഗത്ഭരുടെ അക്കാദമിക് ടീമുണ്ട്. അവർ ഒരുമിച്ചിരുന്ന് റഫറൻസ് നടത്തി നോട്ടുകൾ തയാറാക്കുന്നു. 27 ടെക്സ്റ്റ് ബുക്കുകൾ ഇത്തരത്തിൽ തയാറാക്കിയിട്ടുണ്ട്. ജെഇ എൻട്രൻസ് പരീക്ഷയിൽ മുൻവർഷങ്ങളിലെ ഒരു ചോദ്യംപോലും ആവർത്തിക്കില്ല.
നീറ്റിന് ചോദ്യം ആവർത്തിക്കാറില്ലെങ്കിലും സമാനഘടനയിലുള്ള ചോദ്യങ്ങൾ വരാറുണ്ട്. ഒരു പാഠഭാഗത്തിൽ നിന്ന് ആയിരം ചോദ്യങ്ങൾ ചെയ്തു പഠിക്കണമെന്നാണ് ഞങ്ങൾ നിർദേശിക്കാറുള്ളത്.
ഒരുമയുടെ വിജയം
ഞങ്ങൾ നാലുപേർ 23-ാം വയസിൽ തുടങ്ങിയ ശ്രമങ്ങളുടെ വിജയമാണിത്. തുടക്കത്തിലെ ഒരുമയും കഠിനാധ്വാനവും ഇപ്പോഴും ഞങ്ങൾ തുടരുന്നു. നടത്തിപ്പിൽ നാലു പേർക്കും കൃത്യമായ ചുമതലയുമുണ്ട്.
ഇന്നേവരെ കടം വാങ്ങാതെയും ലോണെടുക്കാതെയും സ്ഥാപനം നടത്തുന്നതിനാൽ ഞങ്ങൾക്ക് ടെൻഷനില്ല. ഒരു പൈസ പോലും ധൂർത്തില്ല. അത്യാഗ്രഹവുമില്ല. പരിശീലനമാണ് ഞങ്ങളുടെ ലക്ഷ്യം. അധ്വാനമാണ് ഞങ്ങളുടെ ആരാധന.
പാലായുടെ വിലാസം
മുത്തോലി ബ്രില്യന്റ് പാലായുടെ വിലാസമായി മാറിയിരിക്കുന്നു. ഈ പ്രദേശത്തിന്റെ ഗതാഗതം, വാണിജ്യം, വ്യാപാരം എല്ലാം ബ്രില്യന്റിനെ ആശ്രയിച്ചുകൂടിയാണ്. നൂറു കണക്കിന് വ്യാപാരസ്ഥാപനങ്ങൾ ഈ സ്ഥാപനത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നു. പന്തീരായിരം വിദ്യാർഥികൾ സമീപപ്രദേശങ്ങളിൽ താമസിച്ചു പഠിക്കുന്നു. ഇതിൽ അയ്യായിരം പേർ ഇവിടെയുള്ള വീടുകളിലും ഹോസ്റ്റലുകളിലുമാണ് താമസം.
ബ്രില്യന്റിലെ വിദ്യാർഥികൾ എവിടെ താമസിക്കുന്നവോ അവിടെ ജനറേറ്ററും വൈ ഫൈയും ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കണമെന്നത് നിർബന്ധമാണ്. വൈദ്യുതിയും വെള്ളവും ഒരു നിമിഷംപോലും മുടങ്ങാൻ പാടില്ലെന്നാണ് നിർദേശം. ഹോസ്റ്റലുകളുടെയും ഹോംസ്റ്റേകളുടെയും മേൽനോട്ടവും ഞങ്ങൾ നേരിട്ട് നടത്തുന്നു.
റെജി ജോസഫ്