പൊതുവിദ്യാഭ്യാസത്തിന് ഒരു മാതൃകാ മാർഗരേഖ
ഡോ. തോമസ് മൂലയിൽ
പേജ്: 160; വില: ₹200
ജീവൻ ബുക്സ്
ഭരണങ്ങാനം
ഫോൺ: 04822-237474
മലയാള ഭാഷാപോഷണം ലക്ഷ്യമിട്ടുള്ള ഗവേഷണഗ്രന്ഥം. മലയാള അക്ഷരമാലയെ പാഠപുസ്തകങ്ങളിലേക്കു തിരിച്ചുപിടിച്ച് ഉറപ്പാക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ ഡോ. തോമസ് മൂലയിലിന്റെ ഭാഷാസ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് ഈ പുസ്തകം.
മാതൃഭാഷയെ സ്നേഹിക്കുന്നവർ നെഞ്ചോടു ചേർത്തുപിടിക്കേണ്ട ആശയങ്ങളാണ് ഈ പുസ്തകത്തെ സന്പന്നമാക്കുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ രീതിയും ശൈലിയും ചട്ടക്കൂടും എങ്ങനെയായിരിക്കണമെന്നതിൽ വ്യക്തമായ കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ കുറിപ്പുകളും പുസ്തകത്തെ കൂടുതൽ ഈടുറ്റതാക്കുന്നു.
തീയിൽ കുരുത്തത്
ഗ്ലോറി മാത്യു അയ്മനം
പേജ്: 144; വില: ₹200
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
ജീവിതയാത്രയിൽ കണ്ടുമുട്ടിയവരെയും അവരൊക്കെ നേരിട്ടുന്ന തീക്ഷ്ണമായ അനുഭവങ്ങളെയും കഥയുടെ ചാലിലേക്കുകൊണ്ടുവന്നിരിക്കുകയാണ് ഈ ചെറുകഥാസമാഹാരത്തിൽ. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥകളിലെ വനിതകളെല്ലാംതന്നെ തീയിൽ കുരുത്തവരാണ്.
പതിന്നാല് കഥകൾ വായിക്കുന്പോഴും നമുക്കു ചുറ്റുപാടുമുള്ള ചിലരെയെങ്കിലും നമുക്കും ഒാർമ വരും. ജമീലയും ശകുന്തളാദേവിയും കൊച്ചുറാണിയും വരലക്ഷ്മി ടീച്ചറും ഭവാനിയമ്മയും മാർഗരറ്റുമൊക്കെ കണ്ടുമറന്ന ചില ജീവിതങ്ങളെ നമ്മുടെ മുന്നിലേക്കു കൊണ്ടുവരുന്നു. പ്രതിസന്ധികളിലും വാടാതെ നിൽക്കാനുള്ള പ്രചോദനമായി ഇതിലെ ചില വരികൾ മാറുന്നു.
ചെറുപുഷ്പ രചനകൾക്ക് ഒരാമുഖം
ഫാ. ജസ്റ്റിൻ അവണൂപറന്പിൽ ഒസിഡി
പേജ്: 212; വില: ₹250
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 -2327253
കത്തോലിക്ക സഭയിലെ വിശുദ്ധരുടെ ഗണത്തിൽനിന്ന് ആദ്യമായി യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ വിശുദ്ധയാണ് ലിസ്യുവിലെ കൊച്ചുത്രേസ്യ. വിവിധ വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമെല്ലാം അതീതമായിട്ടാണ് വിശുദ്ധയ്ക്ക് ആഗോളതലത്തിൽ ഈ അംഗീകാരം ലഭിച്ചത്.
അത് അവൾ ജീവിച്ച ആദർശത്തിനുള്ള അംഗീകാരം കൂടിയാണ്. അവളുടെ ജീവിതത്തിൽനിന്ന് യുനെസ്കോ ഉൾക്കൊണ്ട ആദർശങ്ങളും മൂല്യങ്ങളും എന്താണെന്നറിയാൻ ഈ ഗ്രന്ഥം സഹായിക്കും.
കൊച്ചുത്രേസ്യയുടെ വിവിധ രചനകൾക്ക് ഒരാമുഖമാണ് ഈ പുസ്തകം. വിശുദ്ധയുടെ ആത്മകഥ, കത്തുകൾ, പ്രാർഥനകൾ, അന്തിമ വചസുകൾ, നാടകങ്ങൾ, ലഘുകൃതികൾ എന്നിവയെല്ലാം ഇവിടെ പഠനവിധേയമാക്കുന്നു. കൊച്ചുത്രേസ്യ വരച്ച ചിത്രങ്ങൾ അടക്കമുള്ളവ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു.
സനാരി
മാനുവൽ ജോർജ്
പേജ്: 300; വില: ₹390
മനോരമ ബുക്സ്
ഫോൺ: 9447046749
മിസ്റ്ററി ത്രില്ലർ എന്ന വിശേഷണവുമായി പുറത്തിറങ്ങിയിരിക്കുന്ന നോവലാണ് സനാരി. പത്രപ്രവർത്തകനായ മാനുവൽ ജോർജ്, മുപ്പതു വർഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹക്ഷണക്കത്തിലെ ദുരൂഹതകളിൽനിന്നു തുടങ്ങുന്ന അന്വേഷണത്തിൽ സനാരി എന്ന നാട്ടിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഒരു വ്യാഴവട്ടം മുന്പ് തൃശൂരിലെ ഹോട്ടലിനു മുന്നിലാണ് സനാരിയിലെ ആദ്യ കഥാപാത്രത്തെ കണ്ടുമുട്ടുന്നതെന്ന് എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നു. സനാരി എന്ന നാട്ടിൽ മറഞ്ഞിരിക്കുന്നതു കുറ്റവാളിയല്ല, കുറ്റം തന്നെയാണെന്നു കണ്ടെത്തുകയാണ് അന്വേഷണം. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവുമെല്ലാം ഇഴചേർന്നാണ് നോവൽ മുന്നോട്ടുനീങ്ങുന്നത്. ലളിതമായ ഭാഷാശൈലി വായന ആയാസരഹിതമാക്കുന്നു. ഒപ്പം ത്രില്ലർ ചേരുവകൾകൂടിയാകുന്പോൾ നോവൽ പ്രേമികൾക്കു നല്ല വായനാനുഭവം പ്രതീക്ഷിക്കാം.
ബാബേൽ ഗോപുരം
ഐസക് കുരുവിള
പേജ്: 88; വില: ₹120
ജീവൻ ബുക്സ്
ഭരണങ്ങാനം
ഫോൺ: 04822-237474
സംവാദങ്ങൾ സംവധങ്ങളാവുകയും പറയുന്ന കാര്യങ്ങൾ പരസ്പരം മനസിലാകാതെ വരികയുംചെയ്യുന്ന കാലഘട്ടത്തിൽ ഭാഷകളുടെ രൂപപ്പെടലും അവയുടെ ശരിയായ വിനിയോഗവും പ്രസക്തിയുള്ള വിഷയമാണ്.
സൃഷ്ടിപരമല്ലാത്ത ഭാഷകൾ എങ്ങനെയുണ്ടാകുന്നുവെന്ന് എഴുത്തുകാരൻ അന്വേഷിക്കുന്നു. അതുപോലെ വാക്കുകളുടെ പേരിലുളള കലഹങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനുള്ള ചില പ്രായോഗിക നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. മറ്റുള്ളവരുമായി ഫലപ്രദമായ കമ്യൂണിക്കേഷൻ എങ്ങനെ സാധ്യമാക്കാമെന്നതിലേക്കും കടന്നുചെല്ലുന്നു.
The Kindled Tales
കാരൂർ സോമൻ
പേജ്: 56 വില: ₹90
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
കേരളത്തിലെയും ഗൾഫിലെയും വിവിധ പ്രസിദ്ധീകരണങ്ങളിൽ കാരൂർ സോമൻ എഴുതിയ കഥകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ഈ പുസ്തകം. സച്ചൻ ജോൺ തോമസ് ആണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. 14 കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിത്യജീവിതത്തിൽ മനുഷ്യർ നേരിടുന്ന അനീതികളെയും അതിക്രമങ്ങളെയും കഥകളിൽ അനാവരണം ചെയ്യുന്നു. യുവതലമുറ നേരിടുന്ന പ്രശ്നങ്ങളും കഥകൾക്കു വിഷയമാകുന്നു. ഈ പ്രതിസന്ധികൾക്കിടയിലും എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാമെന്ന അന്വേഷണമാണ് ഈ കൃതി ലക്ഷ്യം വയ്ക്കുന്നത്.