അന്ത്യത്താഴം ആദ്യം
ബെന്നി ചിറയില്‍
Saturday, July 12, 2025 10:05 PM IST
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയധികം അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തിയാക്കിയ ചിത്രകാരൻമാരുണ്ടോയെന്നു പോലും സംശയം.
ക്രിസ്തുവിന്റെ അന്ത്യത്താഴം... എപ്പോൾ ചിത്രം വരയ്ക്കാനിരുന്നാലും ആർട്ടിസ്റ്റ് സിബിയുടെ ബ്രഷിന് ആദ്യം തോന്നുന്നത് അന്ത്യത്താഴം വരയ്ക്കണമെന്നാണ്. അങ്ങനെ വരച്ചുവരച്ച് ഇതിനകം 350 അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു ചങ്ങനാശേരി വെരൂര്‍ വലിയപറമ്പില്‍ സിബി എന്ന ആര്‍ട്ടിസ്റ്റ്.
അന്ത്യത്താഴ ചിത്രത്തിലെ ഒാരോ കണികപോലും ഇന്നു സിബിക്കു മനഃപാഠം. ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയധികം അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തിയാക്കിയ ചിത്രകാരൻമാരുണ്ടോയെന്നു പോലും സംശയം.
ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വലിയകുളത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ പാത്തിക്കല്മുക്കിലെ വലിയപറന്പിൽ വീട്ടുവളപ്പിലേക്കു കയറുന്പോൾത്തന്നെ ഇതൊരു ചിത്രകാരന്റെ വീടാണെന്ന് ഏവർക്കും തോന്നും. വീടും സമീപത്തെ ചിത്രപ്പുരയും നിറയെ നിറക്കൂട്ടുകൾ.
പതിനഞ്ചാം വയസിൽ തുടങ്ങിയ വരയിൽ എത്ര ചിത്രങ്ങൾ പൂർത്തിയാക്കിയെന്നു ചോദിച്ചാൽ അദ്ദേഹത്തിനുമറിയില്ല. എന്നാല്‍, പ്രാര്‍ഥനാപൂര്‍വം വരച്ചെടുത്ത അന്ത്യത്താഴ ചിത്രങ്ങൾ 350 കഴിഞ്ഞെന്ന് 64കാരനായ ഇദ്ദേഹം കൃത്യമായി പറയും.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പള്ളികൾ, കോണ്‍വന്റുകള്‍, ധ്യാനമന്ദിരങ്ങള്‍, ആതുരാലയങ്ങള്‍ എന്നു വേണ്ട ന്യൂജെന്‍ വീടുകളുടെ ഡിസൈനിംഗ് റൂമുകളില്‍ വരെ സിബിയുടെ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. പന്ത്രണ്ട് ശ്ലീഹന്മാരുടെ വ്യത്യസ്ത ഭാവങ്ങളും വിഭിന്ന പശ്ചാത്തലങ്ങളും കോര്‍ത്തിണക്കി മൂന്നു തരത്തിലുള്ള തിരുവത്താഴ ചിത്രീകരണമാണ് സിബി അവലംബിക്കാറുള്ളത്.
വര വളരുന്നു
ചെറുപ്രായത്തിൽ തുടങ്ങിയ വര സി.എ. ആന്റണി ചെന്നിത്തലയുടെ ശിക്ഷണത്തിൽ കൂടുതൽ മെച്ചപ്പെട്ടു. 1979ല്‍ കറുകച്ചാല്‍ എ.പി ആര്‍ട്സില്‍നിന്ന് ചിത്രകലയിൽ ഡിപ്ലോമ. ഇതോടെ ബ്രഷുകൾ പ്രഫഷണൽ ശൈലിയിൽ ചലിച്ചുതുടങ്ങി.
1980ല്‍ സിബി കോഴിക്കോട് അത്തോളിയിലുള്ള സിഎംഎം ഹൈസ്കൂളില്‍ ചിത്രകലാധ്യാപകൻ. നാലു വര്‍ഷത്തിനു ശേഷം 1984ല്‍ ആലപ്പുഴ തലവടി ഗവ.വിഎച്ച്എസ്എസില്‍ അധ്യാപകൻ. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കു ചായക്കൂട്ടുകളുടെ രഹസ്യങ്ങൾ പകർന്നുകൊടുത്തു.
33 വര്‍ഷം ഇവിടെ ചിത്രകല പഠിപ്പിച്ചു. സ്വന്തം ചെലവില്‍ ഒരു ആര്‍ട്ട് ഗാലറിതന്നെ ഇവിടെ നിർമിച്ചതു വാർത്തയായിരുന്നു. 2005ല്‍ ഡോ.ജോര്‍ജ് പടനിലത്തിനാണ് സിബി ആദ്യമായി തിരുവത്താഴ സ്മരണയുടെ ചിത്രം വരച്ചു നല്‍കിയത്.
തിരുവനന്തപുരം പട്ടം മലങ്കര ബിഷപ്സ് ഹൗസിലാണ് സിബി വരച്ച ഏറ്റവും വലിയ തിരുവത്താഴ ചിത്രമുള്ളത്. പത്തടി നീളവും അഞ്ചടി വീതിയുമുണ്ട് ഈ ചിത്രത്തിന്.
കറുകച്ചാല്‍ പനയമ്പാല സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിയിലെ ഏബ്രഹാമിന്റെ ബലി, എസ്തഫാനോസിന്റെ രക്തസാക്ഷിത്വം, യേശുവും തോമ്മാശ്ലീഹയും എന്നിവ സിബിയുടെ ചായക്കൂട്ടിൽ വിരിഞ്ഞതാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വിഭാഗത്തിന്റെ പ്രധാന കവാടത്തിലെ മാലാഖയും കുട്ടികളും അമ്മയും കുഞ്ഞും പെയിന്റിംഗുകളും സിബിയുടേതു തന്നെ.
ചിരിക്കുന്ന ഈശോയുടെ ചിത്രം വരച്ചിട്ടുള്ളവർ ചുരുക്കമാണ്. ഈശോ ചിരിക്കുന്ന ചിത്രം വരച്ച് യേശുവിനൊപ്പം നമുക്കും ചിരിക്കാം എന്നെഴുതി കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.തോമസ് പ്ലാപ്പറമ്പിലിനു സമ്മാനിച്ചു.
ബാവയുടെ പ്രോത്സാഹനം
ചിത്രരചനയില്‍ എന്നും പ്രോത്സാഹനവും കരുതലും പകര്‍ന്നത് മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണെന്നു സിബി നന്ദിയോടെ ഒാർക്കുന്നു. സിബിയുടെ വെരൂരുള്ള വീട്ടില്‍ പലപ്രാവശ്യമെത്തി ക്ലീമിസ് ബാവ വിവിധ പള്ളികളിലേക്കുള്ള നിരവധി ചിത്രങ്ങള്‍ വരപ്പിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ അളവും കൃത്യതയും പിതാവ് നിർദേശിക്കും.
ദൈവദാസന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ രൂപവവും ഭാവവും ബാവ പറഞ്ഞുകൊടുത്ത് സിബിയെകൊണ്ടു വരപ്പിച്ചു. എട്ടടി ഉയരമുള്ള ചിത്രംകണ്ട് ജീവൻ തുടിക്കുന്ന ചിത്രമെന്നു കൈകൂപ്പി പറഞ്ഞത് തനിക്കുള്ള വലിയ അഭിനന്ദനമാണെന്നു സിബി പറയുന്നു.
സിബിയുടെ ചിത്രങ്ങള്‍
സിബി വരച്ച ചിത്രങ്ങളിൽ ഒന്നെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ്, മേജർ ആർച്ച് ബിഷപ്സ് ഹൗസ് പട്ടം, മാവേലിക്കര ബിഷപ്സ് ഹൗസ്, ചെത്തിപ്പുഴ തിരുഹൃദയ പള്ളി, വെരൂര്‍ സെന്റ് ജോസഫ് പള്ളി, മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രം, തിരുവല്ല ശാന്തിനിലയം, പത്തനംതിട്ട സെന്റ് തോമസ് മൈനര്‍ സെമിനാരി, ളായിക്കാട് മേരിറാണി സ്കൂള്‍, വാഗമണ്‍ കുരിശുമല ആശ്രമം, തിരുവല്ല ശാന്തിനിലയം, പത്തനാപുരം സെന്റ് സേവ്യേഴ്സ് പള്ളി, മണര്‍കാട് മാലം മേരി മൗണ്ട് സ്കൂള്‍, കാരിച്ചാല്‍ സെന്റ് ജോര്‍ജ് പള്ളി കൂടാതെ യുകെ, അമേരിക്ക, ബഹറിൻ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ സിബിയുടെ ചിത്രങ്ങള്‍ ആളുകളെ ആകർഷിക്കുന്നു. വിശുദ്ധരുടെ ഐക്കണുകളും ക്രൈസ്തവ മ്യൂറല്‍ പെയിന്റിംഗുകളും ശ്രദ്ധേയം.
പോർട്രേറ്റുകള്‍
പോർട്രേറ്റുകള്‍ ചെയ്യുന്നതിൽ സിബിയുടെ പ്രാവീണ്യം എടുത്തുപറയണം. വിശുദ്ധ ചാവറയച്ചന്, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ മദര്‍ തെരേസ, ബെനഡിക്ട് 16ാമന്‍ പാപ്പ, ഫ്രാന്‍സിസ് മാര്‍പാപ്പ, പരിശുദ്ധ പരുമല തിരുമേനി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, റവ.ഡോ.പ്ലാസിഡ് ജെ.പൊടിപാറ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, ഡോ.എസ്. രാധാകൃഷ്ണന് തുടങ്ങിയ ചിത്രങ്ങളും ആകർഷണീയം.
കെസിബിസി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ചിത്രകാരികൂടിയായ ആനിക്കാട് പിച്ചളക്കാട്ട് മോളിയാണ് ഭാര്യ. ആസാമില്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ ചിത്രകലാ അധ്യാപികയായിരുന്നു. മക്കള്‍: ആന്‍സ്, അല്ഫ.