വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്പോൾ...
എസ്. മഞ്ജുളാ ദേവി
Saturday, October 18, 2025 9:24 PM IST
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് നടന്ന ഒരു കാബിനറ്റ് ബ്രീഫിംഗ് - മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ ഒരു പ്രധാന വകുപ്പിലെ സെക്രട്ടറി അടിയന്തരമായി അവധിയിൽ പ്രവേശിച്ചു. ബന്ധപ്പെട്ട വകുപ്പിലെ അധിക ചുമതലകൂടി... എന്ന് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങുന്നു. ചുറ്റുമിരുന്ന മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്കു മുന്പേ പറയുന്നു- കെ. ജയകുമാറിന് നൽകുന്നു! മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മാധ്യമപ്രവർത്തകരും ഒന്നിച്ചു ചിരിച്ച സംഭവമാണിത്.
ഏതു വകുപ്പിലെ സെക്രട്ടറി അവധിയെടുത്താലും, വിരമിച്ചാലും ആ വകുപ്പിന്റെ താൽക്കാലിക ചുമതലകൂടി കെ. ജയകുമാർ ഐഎഎസിന് നൽകുന്ന പതിവ് കേരളത്തിന്റെ ഭരണലോകത്ത് നിലനിന്നിരുന്ന ഒരു കാലയളവുണ്ടായിരുന്നു! എത്ര ജോലിഭാരവും ചുമലിലേറ്റുവാനുള്ള കെ. ജയകുമാറിന്റെ കഴിവു മാത്രമല്ല ഭരണാധിപന്മാർക്ക് ഈ ഐഎഎസ് ഉദ്യോഗസ്ഥനിലുള്ള വിശ്വാസംകൂടിയാണ് ഇതിലൂടെ വ്യക്തമായിരുന്നത്.
ഭരണപരമായ വലിയ ചുമതലകൾക്കൊപ്പം കെ. ജയകുമാറിന് സർഗാത്മകതയുടെ ഒരു അനന്തലോകവും സ്വന്തമായിരുന്നു. കവിതയുടെ, ഗാനങ്ങളുടെ, ചിത്രരചനയുടെ ഒരു ആർദ്രലോകം.
ഹിറ്റ് സിനിമകളുടെ ശില്പിയായ അച്ഛൻ എം. കൃഷ്ണൻ നായർ തുറന്നിട്ട സിനിമാ പ്രപഞ്ചം ബാല്യം മുതൽക്കുതന്നെ ജയകുമാറിന് ഒപ്പമുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയും. പിന്നീട് ഒരു വലിയ വിജ്ഞാനലോകം സ്വയം കീഴടക്കി. ജീവിതത്തിന്റെ സമസ്തതയും ആശ്ലേഷിക്കുന്ന ഒരു മികച്ച പ്രഭാഷകൻ കൂടിയാണ് കെ. ജയകുമാർ. 2024ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം കെ. ജയകുമാറിന്റെ "പിംഗളകേശിനി' എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. കവിതാസമാഹാരങ്ങൾ, ജീവചരിത്രം, വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ നാല്പത്തിയേഴ് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ ഐഎംജിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന കെ. ജയകുമാർ ഇന്നും എഴുത്തിന്റെ ലോകത്തും ഭരണലോകത്തും ഒരുപോലെ സജീവമാണ്. കഴിഞ്ഞ ആറിന് 73-ാം ജന്മദിനം ആഘോഷിച്ച കെ. ജയകുമാർ സംസാരിക്കുന്നു.
ആരോപണങ്ങളുടെ കറപുരളാതെയുള്ള ഒൗദ്യോഗിക ജീവിതം, ഭരണാധികാരികളിൽനിന്നും ജനങ്ങളിൽനിന്നും ഒരുപോലെ ലഭിച്ച സ്വീകാര്യത- ഇതെല്ലാം കെ. ജയകുമാർ എന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. എങ്കിലും ബോധപൂർവമായ ഒരു പരിശ്രമം ഇതിനു പിന്നിലുണ്ടോ?
സോഷ്യൽ മീഡിയയിലെ താരമല്ല ഞാൻ. ലൈക്കുകളിലൂടെ പ്രശസ്തനാകാം എന്നൊന്നും വ്യാമോഹമില്ല. ജീവിതത്തിലെ ഏതൊക്കെയോ ഘട്ടങ്ങളിൽ പ്രശ്നങ്ങളിലേക്ക് ഒരുദ്യോഗസ്ഥനെ നയിക്കാൻ സാധ്യതയുള്ള ചില സ്വഭാവങ്ങളിൽനിന്ന് പിന്മാറാൻ ബോധപൂർവമായ തീരുമാനമെടുത്തിട്ടുണ്ട്. അത് ഇമേജ് ബിൽഡിംഗിനല്ല, വിശ്വാസങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാനുള്ള പ്രലോഭനങ്ങളിലും പ്രേരണകളിലും ചെന്നുചാടാതിരിക്കാനാണ്.
അങ്ങനെ മദ്യപാനം, പാർട്ടികൾ, ധാരാളിത്തം, അമിതമായ ആഗ്രഹങ്ങൾ, ആവശ്യമില്ലാത്ത ചങ്ങാത്തങ്ങൾ എന്നിവയുടെ മേലൊക്കെ സ്വയം കർശന വിലക്കുകൾ ഏർപ്പെടുത്തി. ജീവിതശൈലി ലളിതവും ശുദ്ധവുമാക്കി, അത് സ്വജീവിതം വിമലീകരിക്കാനാണ്. പ്രതിച്ഛായ നന്നാക്കാനല്ല. ഛായ നന്നായാൽ പ്രതിച്ഛായ താനേ നന്നാവും.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കേ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് തയാറാക്കിയ പ്ലസ്ടു സ്കൂളുകളുടെ അന്തിമ പട്ടിക അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒപ്പിട്ട സംഭവം താങ്കൾതന്നെ പറയാറുണ്ട്. ഡൽഹിയിലേക്ക് പുറപ്പെടുംമുന്പ് വിമാനത്താവളത്തിൽവച്ച് മുഖ്യമന്ത്രി ഫയൽ ഒപ്പിട്ടത് മറിച്ചുപോലും നോക്കാതെയാണ്. കെ. ജയകുമാർ എന്ന ഉദ്യോഗസ്ഥനിലുള്ള ഉറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രി അതിനു തയാറായത്. ഇത്തരം വിശ്വാസം ആർജിക്കലിനു പിന്നിലും പരിശ്രമത്തിന്റെ ഒരംശം ആവശ്യമാണോ?
ഒൗദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ മൂല്യം ഇന്റഗ്രിറ്റി ആണെന്ന് ഞാൻ വിശ്വസിക്കുന്നു. വിചാരവും വാക്കും വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇന്റഗ്രിറ്റി (സത്യസന്ധത എന്നു പറഞ്ഞാൽ ഈ അർഥവൈപുല്യം വെളിവാകുന്നില്ല.) ഈ പൊരുത്തമുണ്ടെങ്കിൽ അത് കൃത്യമായി രാഷ്ട്രീയനേതൃത്വം മനസിലാക്കും.
നാട്യങ്ങൾകൊണ്ട് ആരെയും കബളിപ്പിക്കാൻ കഴിയില്ല. പിആർ ഏജൻസികൾക്കുമാവില്ല സഹായിക്കാൻ. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമൂഹത്തിന്റെയും വിശ്വാസം ഇന്റഗ്രിറ്റി കൊണ്ടേ നേടാനാവൂ. പെട്ടെന്നൊരു ദിവസംകൊണ്ടോ അതിനായുള്ള അധ്വാനംകൊണ്ടോ നേടാനാവുന്നതല്ല അത്.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ നിരപരാധിയായ യുവാവിന് വിവാഹത്തിനായി പരോൾ അനുവദിച്ചതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത് ഒൗദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലുകളാണ്. തിരിഞ്ഞുനോക്കുന്പോൾ അതിൽ വലിയൊരു സാഹസികത അനുഭവപ്പെടാറുണ്ടോ?
ഒൗദ്യോഗിക ജീവിതത്തിലെ തീരുമാനങ്ങളിൽ മനുഷ്യത്വപൂർണമായ സമീപനമാണ് എന്റെ വഴി.
അത് നിയമംവിട്ട വഴിയല്ല. നിയമങ്ങളെയും ചട്ടങ്ങളെയും ജനോപകാരപ്രദമായി വ്യാഖ്യാനിക്കുന്നതും സാധാരണ മനുഷ്യർക്കു മുന്നിൽ ആരോ തീർത്ത തടസങ്ങൾ ഒഴിവാക്കി ലക്ഷ്യത്തിലെത്തിക്കുന്നതുമാണ് എന്റെ കർമം എന്ന തിരിച്ചറിവ് എന്നെ വലിയ അപകടത്തിലൊന്നും ഇതുവരെ കൊണ്ടുചെന്നെത്തിച്ചില്ല. ചില്ലറ അലോസരങ്ങളൊക്കെ ഉണ്ടാകും. ബ്യൂറോക്രസിയുടെ ശിലാമുഖം കാണിക്കാനല്ല, മനുഷ്യമുഖം കാണിക്കാനാണ് ഞാൻ ഈ സർവീസിൽ പ്രവേശിച്ചതെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.
ചലച്ചിത്ര നടനാണെന്ന സാക്ഷ്യപത്രമില്ലാത്തതിന്റെ പേരിൽ അനുഗൃഹീത നടൻ ബഹദൂറിന് സഹായധനം നിരസിക്കാനുള്ള സാധ്യത നിലനിന്ന കാലത്ത് അദ്ദേഹത്തിനുവേണ്ടി സ്വന്തമായി സാക്ഷ്യപത്രം എഴുതി നല്കിയിട്ടുണ്ട് താങ്കൾ. നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ് എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് ഉദ്യോഗസ്ഥസമൂഹത്തെ എത്തിക്കേണ്ടതും താങ്കളെപ്പോലുള്ളവരുടെ കർത്തവ്യമല്ലേ?
ബഹദൂറിനുവേണ്ടി ഞാൻതന്നെ സാക്ഷ്യപത്രം എഴുതിയതിൽ നിയമലംഘനമില്ല. കാരണം സത്യമേ സാക്ഷ്യപ്പെടുത്തിയുള്ളൂ. ചട്ടങ്ങളുടെ അന്തഃസത്തയിലേക്കു പോകണം, അവയെ ലംഘിക്കരുത്, വ്യാഖ്യാനിക്കാം. ഇന്ന് ഭരണനിർവഹണത്തിൽ വലിയ മാറ്റങ്ങൾ നടക്കുകയാണ്. ഇനിയും മാറാത്ത, അവശ്യം മാറേണ്ട ഇന്നലെയുടെ കുറേ മനോഭാവങ്ങളുണ്ട്.
അവകൂടി മാറണം. ആശാൻ പറഞ്ഞതുപോലെ ചട്ടങ്ങൾ മാറ്റിയില്ലെങ്കിൽ അവ നിങ്ങളെ മാറ്റും എന്നതിൽ പ്രവചനാത്മകതയുണ്ട്. നിർമിതബുദ്ധി വ്യാപകമായിക്കഴിയുന്പോൾ ബ്യൂറോക്രസി ശീലിച്ച താമസിപ്പിക്കൽ തന്ത്രങ്ങളൊക്കെ തകരും. ഇപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുന്ന തീരുമാനങ്ങൾ മണിക്കൂറിനകം സാധ്യമാകും. അഴിമതി അസാധ്യമായിത്തീരും. ജനങ്ങൾ പെട്ടെന്ന് തീരുമാനം ആവശ്യപ്പെടും.
(ശേഷം അടുത്ത ലക്കത്തിൽ)