കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽക്കുന്നവർക്കും വിതരണക്കാർക്കും കടുത്ത ശിക്ഷ നൽകാനുള്ള നിയമം ഉണ്ടാവുകയും അതു വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്നില്ലെങ്കിൽ ആസന്നഭാവിയിൽ ഓരോ വീട്ടിലും ഒരു ക്രിമിനലോ രക്ഷസാക്ഷിയോ ഉണ്ടാകുന്ന കാലം വിദൂരമല്ല.
നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾ ദാരുണമായി മരിച്ച സംഭവം. പോലീസ് ശരീരപരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനുള്ളിൽ നൂറിലേറെ കഞ്ചാവ് പൊതികൾ. ബൈക്കിന്റെ അറകളിലും നിറയെ കഞ്ചാവ്.
മരിച്ചും പരിക്കേറ്റും വെട്ടിക്കുത്തേറ്റും ആശുപത്രികളിൽ എത്തിക്കപ്പെടുന്നവരുടെ വസ്ത്രത്തിലും വാഹനത്തിലും കഞ്ചാവും മയക്കുമരുന്നും പതിവായിരിക്കുന്നു. പരിശോധനയിൽ ഇവരൊക്കെ ലഹരിയുടെ അടിമകളാണെന്നും തിരിച്ചറിയുന്നു. ലഹരി പകരുന്ന വിഭ്രാന്തിയുടെ ഇരകളായി മുതിർന്നവർ മാത്രമല്ല കൗമാരക്കാരും മാറിയെന്നതാണ് ഏറെ വേദനാകരം.
ഒടിവുചതവുകളും മുറിവുകളുമായി ആശുപത്രികളിൽ മരണാസന്നരായി കഴിയുന്ന പല യുവാക്കളും കഞ്ചാവിനും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പരിക്കിന്റെ വേദനയിൽ മാത്രമല്ല ലഹരി ലഭിക്കാതെവരുന്പോഴത്തെ ആസക്തികൊണ്ടുകൂടിയാണ് പലരും നിലവിളിക്കുന്നതും അക്രമാസക്തരാകുന്നതും.
മദ്യത്തേക്കാൾ വേഗത്തിൽ പുതിയ തലമുറയിൽ കത്തിപ്പടരുകയാണ് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമത്തം. കഞ്ചാവ് ലഹരിയിൽ യുവാവ് മാതാപിതാക്കളെയും സഹോദരങ്ങളെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിന്റെ നേർസാക്ഷ്യത്തിനു പിന്നാലെയാണ് ഈ ഓർമപ്പെടുത്തൽ.
വരുമാനം തികയാതെ വരുന്പോൾ വീടു കൊള്ളയടിച്ചും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും മോഷ്ടിച്ചും അക്രമിച്ചുമൊക്കെ ലഹരി വാങ്ങുന്നവർ ഏറെയാണ്. ഇത്തരക്കാരുടെ സംഘങ്ങളാണ് ഏറെയിടങ്ങളിലും ക്വട്ടേഷൻ സംഘങ്ങളായി പരിണമിക്കുന്നത്.
ഭ്രാന്തിനു സമാനമായി ലഹരിയുടെ ആസക്തി യുവതീയുവാക്കളെ കീഴടക്കുകയാണ്. നിശാപാർട്ടികളിൽ ലഹരിക്കും ലൈംഗികതയ്ക്കും ഇരകളായി ഒട്ടേറെ പെണ്കുട്ടികൾ നശിച്ചുകൊണ്ടിരിക്കുന്നു. പെണ്കുട്ടികളെ പ്രണയക്കുരുക്കിൽ വീഴിക്കാനും മാഫിയകൾ ലഹരി ഉപാധിയാക്കുന്നു.
കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടിയ വാർത്തകൾ ദിവസേന പത്രങ്ങളിൽ വായിക്കാറുണ്ടെങ്കിലും ശിക്ഷ ലഭിക്കുന്നതായി വളരെ കുറച്ചുമാത്രമേ കേൾക്കുന്നുള്ളു. നിയമം പാലിക്കേണ്ടവരും നിയമം നിർമിക്കുന്നവരുമൊക്കെ ലഹരി കേസുകൾ ഒതുക്കിത്തീർക്കുകയോ ദുർബലമാക്കുകയോ നടപടികൾ വൈകിക്കുകയോ ചെയ്യുന്നതായി സംശയിക്കണം.
സ്കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും വിദ്യാർഥികളെ മയക്കുമരുന്നിലേക്ക് ആകർഷിക്കാൻ റാക്കറ്റുകൾ വ്യാപകമാണിപ്പോൾ. ഇതിൽ പെണ്കുട്ടികളും ഉൾപ്പെടുന്നുവെന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്.
കർക്കശമായ നിയമങ്ങളും കടുത്ത ശിക്ഷയും നൽകാതെ ലഹരിമാഫിയയെ തൂത്തെറിയാവില്ല. ലഹരി വസ്തുക്കൾ വിൽക്കുന്നതിലെ കൊള്ളലാഭം മുന്നിൽകണ്ട് ഒട്ടേറെ യുവതീയുവാക്കൾ ഇതിന്റെ കാരിയർമാരായി മാറുകയാണ്.
ഒരു കാരിയർ നൂറുകണക്കിന് ചെറുപ്പക്കാരെയാണ് ലഹരിയിലേക്ക് ആകർഷിക്കുന്നതും അടിമകളാക്കുന്നതും. ലഹരി വസ്തുക്കൾ വ്യക്തിയുടെ മാത്രമല്ല നാടിനും വീടിനും സമൂഹത്തിനും തിൻമയും നാശവുമായി പരിണമിക്കുന്നു.
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽക്കുന്നവർക്കും വിതരണക്കാർക്കും കടുത്ത ശിക്ഷ നൽകാനുള്ള നിയമം ഉണ്ടാവുകയും അതു വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്നില്ലെങ്കിൽ ആസന്നഭാവിയിൽ ഓരോ വീട്ടിലും ഒരു ക്രിമിനലോ രക്ഷസാക്ഷിയോ ഉണ്ടാകുന്ന കാലം വിദൂരമല്ല.