ഹൃദയഹാരിയായ സൗഹൃദഭാവം
Sunday, January 24, 2021 3:52 AM IST
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊതുജീവിതത്തിലും പ്രായോഗികമാക്കുന്നവരാണു പാശ്ചാത്യർ. എല്ലാ പ്രവൃത്തിമണ്ഡലങ്ങളിലും ജോലിക്കാർ കാഴ്ചവയ്ക്കുന്നു പ്രിയങ്കരമായ പെരുമാറ്റം.
പെർത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ലൈബ്രറി. അതിനുള്ളിൽ കടന്നാൽ ഒരു പ്രാർഥനാലയത്തിലെ ശുചിത്വവും ചിട്ടയും നിശബ്ദതയും. കുറെ ഏറെപ്പേരുണ്ട് ജീവനക്കാർ. അവരുടെയെല്ലാം പെരുമാറ്റം കണ്ടാൽ നാമെല്ലാം ചിരകാലസുഹൃത്തുക്കളാണെന്നു തോന്നും. ഒരിക്കൽ ഞാൻ ’അമാൻ’ എന്ന പുസ്തകം അവിടെയുണ്ടോ എന്നു തിരക്കി. ഗ്രന്ഥകാരന്റെയോ പ്രസാധകരുടെയോ പേരെനിക്കറിയില്ല. എങ്ങനെയെങ്കിലും ആ ഗ്രന്ഥം കണ്ടുപിടിക്കാനായി അവരുടെ ശ്രമം. ഒരു അഫ്ഗാൻകാരി വനിതയെപ്പറ്റിയുള്ളതാണെന്നു പറഞ്ഞപ്പോൾ അവർ കംപ്യൂട്ടറിൽ നോക്കി അവിടെയില്ലെന്നു മനസിലാക്കി.
അടുത്തുള്ള മറ്റു ലൈബ്രറികളിൽ അന്വേഷിച്ച് എവിടെനിന്നെങ്കിലും പുസ്തകം എത്തിച്ചുതരാമെന്നായി അവർ. ഞാൻ ആ സേവനം നിരസിച്ചപ്പോൾ അവർ മറ്റു മൂന്നു കൃതികൾ എടുത്തുതന്നു. മൂന്ന് അഫ്ഗാൻ സ്ത്രീകളെപ്പറ്റിയുള്ള കഥകൾ! തത്സമയം അവിടെ, ഇല്ലാത്ത പുസ്തകം ഒരാൾ ബുക്ക് ചെയ്താൽ അതു കിട്ടിയാലുടൻ അയാളെ ഫോണിൽ അറിയിക്കും. അടുത്ത തവണ ചെല്ലുന്പോൾ അതു ഷെൽഫിൽ ആവശ്യപ്പെട്ടയാളുടെ പേരെഴുതിയ കാർഡോടെ പ്രദർശിപ്പിച്ചിരിക്കും.
കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് സ്വസ്ഥമായിരുന്നു വായിക്കാൻ കുട്ടികളെ മറ്റൊരു മുറിയിൽ കൊണ്ടുപോയി കളിപ്പാട്ടങ്ങളും കഥകളുമൊക്കെയായി വച്ചുകൊണ്ടിരിക്കാൻ പരിശീലനം സിദ്ധിച്ച ജീവനക്കാരികളുണ്ട്.
ലൈബ്രറികൾ മാത്രമല്ല ഏതാണ്ട് എല്ലാ പൊതുസ്ഥാപനങ്ങളും സൗഹൃദം പകരുന്നവയാണ്. കച്ചവടസ്ഥലങ്ങൾപോലും അവയെപ്പറ്റി അടുത്തയാഴ്ച നമുക്കു സംസാരിക്കാം.