സീംലെസ് ട്രാൻസ്ഫർ
Sunday, July 11, 2021 5:40 AM IST
നാലു ദിവസത്തെ തീവ്രപരിചരണത്തിനുശേഷം എന്നെ ഒരു വിശ്രമ പരിചരണസ്ഥാപനത്തിലേക്കു മാറ്റി. നല്ല വേദനയുള്ള സമയത്ത് മറ്റൊരു സ്ഥലത്തേക്കു മാറ്റുക എന്നത് എന്നെ തെല്ലൊന്ന് അസ്വസ്ഥയാക്കിയെങ്കിലും ഞാൻ പോലുമറിയാതെ ഒരു ആശുപത്രിയുടെ നാലാം നിലയിൽനിന്ന് ഒൻപതു കിലോമീറ്റർ ദൂരെയുള്ള മറ്റൊരു കെട്ടിടത്തിന്റെ ആറാം നിലയിലുള്ള കിടക്കയിൽ എത്തിയത് ഒരു സദ്വനുഭവംതന്നെയായിരുന്നു.സീംലെസ് ട്രാൻസ്ഫർ.
കിടക്കയോടെതന്നെ ലിഫ്റ്റിൽ താഴെ എത്തിച്ച് ആംബുലൻസിലേക്കു മാറ്റി. ഡ്രൈവറും ഒരു സഹായിയുംകൂടി അനായാസമായി പുതിയ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വഴിയിൽ സ്പീഡ് ബ്രേക്കർ വന്നപ്പോൾ അതിനും മുന്നറിവു തന്നു. രോഗിക്ക് ഒരു തരത്തിലുമുള്ള അസ്വസ്ഥതയോ പേടിയോ ഉണ്ടാകരുത്. ഇടയ്ക്കിടെ തമാശകൾ പറയാനും രണ്ടുപേരും മറന്നില്ല.
ഇവിടെ എത്തിയപ്പോഴോ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു വലിയ മുറിയിൽ ഒടിവും പൊട്ടലും പ്ലാസ്റ്ററുമൊക്കെയായി എത്തിയ മറ്റു മൂന്നുപേർകൂടി. അത്യന്താധുനിക സൗകര്യങ്ങളെല്ലാമുള്ള കിടക്ക. നഴ്സിനെ വിളിക്കാനുള്ള ബെൽ. ബെഡ് ലാംപ്, കിടക്ക തടസമില്ലാതെ ഉയർത്താനും താഴ്ത്താനുമുള്ള സംവിധാനം. ഇവയുടെയെല്ലാം സ്വിച്ചുകൾ കൈയെത്തുന്ന സൗകര്യത്തിൽ. അലമാര, മേശ, ചെറിയ ചെസ്റ്റ് ഓഫ് ഡ്രോയേഴ്സ്, കസേര, ഓരോ കിടക്കയ്ക്കും ഓരോ ടിവിയും റിമോട്ടും. പോരാ നല്ല മെത്തയും ധാരാളം തലയണകളും. (തലയണയും എന്നുംതന്നെ മാറ്റിത്തരും). ഇനിയുമുണ്ട് ഏറെ പറയാൻ.
ഇത് ഓസ്ട്രേലിയയിലെ ഒരു ഗവണ്മെന്റ് ആശുപത്രിയാണ്. എല്ലാം തീർത്തും സൗജന്യം! എത്ര വലിയ പദവിയിലുള്ളയാളായാലും പണമോ പഠിപ്പോ ഇല്ലാത്ത പാവപ്പെട്ടവരായാലും പരിചരണവും ചികിത്സയും ഒരേ മാതിരിതന്നെ.
സിസിലിയാΩ പെരുബ്ബനാനി
[email protected]