മറ്റൊരു അനശ്വര കുടീരം
Saturday, April 16, 2022 8:31 PM IST
അതുല്യ പ്രണയത്തിന്റെ സ്നേഹസ്മരണ എന്നാൽ ലോകാദ്ഭുതങ്ങളിൽ ഇടം പിടിച്ച താജ്മഹൽ ആണ് ആദ്യം ഓർമയിൽ വരിക. എന്നാൽ, ഷാജഹാന്റെയും മുംതാസിന്റെയും കാലത്തിനും മുൻപ് തീവ്രപ്രണയത്തിന്റെ പ്രതീകമായി പണിതീർത്ത ഒരു സ്മാരകം ഡൽഹിയിലുണ്ട്. നിസാമുദീനിലെ ഖാൻ-ഇ-ഖാനാന്റെ ശവകുടീരം.
അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മഹ്ഭാനുവിനു വേണ്ടി 1589ൽ നിർമിച്ചതെന്നു കരുതപ്പെടുന്ന ഈ സ്മാരകത്തിൽ തന്നയാണ് അബ്ദുർ റഹീം ഖാൻ എന്ന ഖാൻ-ഇ-ഖനാനെയും അടക്കം ചെയ്തിരിക്കുന്നത്. ഈ സ്മാരകവും ഹുമയൂണ്‍ ശവകുടീരവുമാണു താജ്മഹലിനു പ്രചോദനമായതെന്നു പ്രവേശന കവാടത്തിലെ ശിലാ ഫലകത്തിൽ വ്യക്തമായി കുറിച്ചു വെച്ചിട്ടുണ്ട്.
നിസാമുദീനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കു തിരിയുന്നിടത്ത് ചതുരാകൃതിയിലാണ് സ്മാരകം നിൽക്കുന്നത്. ഖാൻ-ഇ-ഖാനാന്റെ ശവകുടീരമായാണ് ഇത് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയെ അടക്കം ചെയ്യാൻ വേണ്ടിയാണു നിർമിച്ചതെന്നു ചരിത്രം. ജഹാംഗീർ ചക്രവർത്തിയുടെ അധ്യാപകനായിരുന്നു അബ്ദുർ റഹീം ഖാൻ. ദോഹെകളിലൂടെ (ഈരടി കവിതകൾ) പ്രശസ്തനായ കവി.
1556 മുതൽ 1627 വരെയായിരുന്നു അബ്ദുർ റഹീമിന്റെ ജീവിതകാലം. പിതാവ് ബൈറാം ഖാൻ അക്ബറിന്റെ റീജന്റായിരുന്നു. ഹുമയൂണിന്റെ വലംകൈയും. ഹുമയൂണ്‍ മരിച്ചപ്പോൾ വെറും പന്ത്രണ്ടു വയസായിരുന്ന അക്ബറിനെ ചക്രവർത്തിയായി പ്രഖ്യാപിച്ച്, എതിർത്ത പ്രഭുക്കൻമാരെയെല്ലാം പരാജയപ്പെടുത്തി അക്ബറിന്റെ റീജന്റായി ഭരണം നടത്തിയ ബൈറാം ഖാൻ. ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു റഹീം എന്ന പേരിൽ കവിതകളെഴുതിയ അബ്ദുർ റഹീം ഖാൻ. അക്ബർ പ്രായപൂർത്തിയായപ്പോഴേക്കും കൊട്ടാരത്തിലെ ചിലർ ബൈറാം ഖാനെക്കുറിച്ച് ചില അപവാദങ്ങൾ പറഞ്ഞുപരത്തി. പിന്നാലെ അദ്ദേഹത്തെ മക്കയിലേക്ക് തീർഥാടനത്തിന് പറഞ്ഞയച്ചു അക്ബർ.
എന്നാൽ ബൈറാം ഖാന്റെ എതിരാളികളിലാരോ അദ്ദേഹത്തെ പിന്തുടർന്നു ചെന്നു വധിച്ചു. അന്നു റഹീമിനു പ്രായം നാലു വയസാണ്. പിന്നീട് റഹീമിന്റെ സംരക്ഷണം അക്ബർ ഏറ്റെടുത്തു. മികച്ച പണ്ഡിതരുടെ കീഴിൽ വിദ്യാഭ്യാസം നൽകി. ശേഷം തന്റെ പുത്രൻ സലീമിനെ (പിന്നീട് ജഹാംഗീർ ചക്രവർത്തി) പഠിപ്പിക്കാനുള്ള ചുമതലയും ഏൽപ്പിച്ചു.
1584ൽ ഖാൻ-ഇ-ഖാനാൻ പദവി അംഗീകരിച്ചു നൽകിയെന്നാണു കഥ. രാമായണവും മഹാഭാരതവും ചിത്രങ്ങൾ ഉൾപ്പെടുത്തി പേർഷ്യനിലേക്കു പരിഭാഷ ചെയ്തതിന്റെ ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്.
നിസാമുദ്ദീനിൽ ഇന്നു കാണുന്ന ’ഖാൻ-ഇ-ഖാനാന്റെ ശവകുടീരം’ യഥാർഥത്തിൽ റഹീം അദ്ദേഹത്തിന്റെ പത്നിക്കു വേണ്ടി നിർമിച്ചതാണെന്നാണു ചരിത്രം. 1598ൽ അംബാലയിലാണു റഹീമിന്റെ ഭാര്യ മഹ്ഭാനു മരിച്ചത്. അതിനു ശേഷമാണു നിസാമുദ്ദീനിൽ ശവകുടീരം നിർമിച്ചത്.
ഒരു സ്ത്രീയുടെ ഓർമയ്ക്കു വേണ്ടി മുഗൾകാലത്തു നിർമിച്ച ആദ്യ സ്മാരകമായിരുന്നു ഇത്. യമുനയുടെ തീരത്ത്, നിസാമുദ്ദീൻ ദർഗയുടെ സമീപത്ത് ഈ സ്മാരകമുയർന്നു. 1627ൽ ലാഹോറിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ച അബ്ദുർ റഹീമിനെയും ഭാര്യയ്ക്കൊപ്പം ഇവിടെ സംസ്കരിച്ചു. സമീപകാലത്തു രാജ്യം കണ്ട ഏറ്റവും വലിയ നവീകരണ പദ്ധതിയിലൂടെയാണു ഈ സ്മാരകം ഇന്നത്തെ രൂപത്തിലേക്കു മാറ്റിയെടുത്തത്.
കൊത്തുപണിക്കാരും മറ്റും ഉൾപ്പെടെ മൂവായിരത്തിലേറെ വിദഗ്ധർ ആറു വർഷത്തോളം നീണ്ട അധ്വാനത്തിലൂടെയാണു ഈ സ്മാരകത്തിന്റെ പ്രൗഢി വീണ്ടെടുത്തത്.
സെബി മാത്യു