വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
Saturday, March 4, 2023 10:55 PM IST
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്ന വിധത്തിൽ കിടക്കുന്ന ഒരു ഉദ്ഖനന പ്രദേശമാണ് ഒരിക്കൽ ദാവീദിന്റെ തലസ്ഥാനമായിരുന്ന ‘ഇർ ദാവീദ്’ (ദാവീദിന്റെ നഗരം - 1 സാമു. 5:9). ഇവിടെയുള്ള ചരിത്രശേഷിപ്പുകളിൽ പലതും ദാവീദിന്റെ കാഘട്ടത്തിൽനിന്നുള്ളതാണ് എന്നു കരുതപ്പെടുന്നു.
പ്രത്യേകിച്ചും ഇവിടെയുള്ള മതിലിന്റെ ചില ഭാഗങ്ങൾ. ബിസി ആയിരാമാണ്ടോടെ ദാവീദ് രാജാവ് ജറൂസലെം കീഴടക്കി, 33 കൊല്ലം ഇവിടം ആസ്ഥാനമാക്കി ഭരിച്ചു എന്നാണല്ലോ ബൈബിൾ പറയുന്നത്. ജറൂസലെം പഴയനഗരത്തിന്റെ (ഓൾഡ് സിറ്റി) തെക്കായി പുറത്തേക്കു തള്ളിനിൽക്കുന്ന ഒരു കുന്നിൻ മുനന്പാണ് ഇന്നിത്. പഴയ നഗരത്തിലെ ചവറ്റുവാതിലിൽ (ഡംഗ് ഗേറ്റ്)കൂടി ഇങ്ങോട്ടു സഞ്ചരിക്കാം. ഗീഹോണ് ഉറവയും സീലോഹാക്കുളവും ഈ കുന്നിനോടു ബന്ധപ്പെട്ടാണ്.
വിശുദ്ധനാട്ടിൽ ഏറ്റവുമധികം ഉദ്ഖനനം നടന്നിട്ടുള്ള ഒരു പ്രദേശമാണിവിടം. ബൈബിളിൽ പരാമർശിച്ചിട്ടുള്ള ഒഫേലിന്റെ (2 ദിന. 27:3, 33:14, നെഹ. 3:26-27) തുടർച്ചയായിട്ടാണ് ദാവീദിന്റെ നഗരം കിടക്കുന്നത്. ഹെസക്കിയാ നിർമിച്ചതായി ബൈബിൾ പറയുന്ന ടണൽ തുടങ്ങുന്നത് ദാവീദിന്റെ നഗരത്തിലാണ് (2 രാജാ. 20 :20). ഇപ്പോഴും ജലപ്രപവാഹമുള്ള ടണലാണിത്.
കിഴക്കൻ ജറൂസലെമിൽപെടുന്ന ഈ സ്ഥലം ഇപ്പോൾ പലസ്തീനികൾ താമസിക്കുന്ന സിൽവാൻ ഗ്രാമത്തിന്റെ ഭാഗമാണ്. ഏകദേശം ഒന്നേകാൽ ഏക്കറാണ് ഈ നഗരത്തിന്റെ വലിപ്പം.