വേരുകളുടെ പാട്ട്!
Saturday, March 4, 2023 11:07 PM IST
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ഇവരുള്ളത്. സന്താൾ വംശജരുടെ ഭാഷയാണ് സന്താലി. ഒൾചികി എന്ന ലിപിയിലാണ് സന്താലി എഴുതുന്നത്. ഇത്രയും പറഞ്ഞത് ഒൾചികി ഭാഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു വ്യക്തിയെ പരിചയപ്പെടുത്താനാണ്- ജാർഖണ്ഡിൽനിന്നുള്ള ദുർഗാപ്രസാദ് മുർമുവിനെ. രാജ്യത്തിന്റെ പ്രഥമവനിത ദ്രൗപതി മുർമുവിന്റെ അതേ ഗോത്ര വിഭാഗത്തിൽനിന്നുള്ള ദുർഗാ പ്രസാദിന് ഫോക് സംഗീതത്തിനുള്ള 2021ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിരിക്കുന്നു.
വേരുകളാണ് ഉറപ്പ്
ആദിവാസി സംസ്കാരം സംരക്ഷിക്കാനും സന്പുഷ്ടമാക്കാനും തുടർന്നും പരിശ്രമിക്കും. ആദിവാസികളെ അവരുടെ സംസ്കാരം സംരക്ഷിച്ചുമാത്രമേ നിലനിർത്താനാകൂ...- അക്കാദമി പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം ദുർഗാപ്രസാദ് മുർമു പറഞ്ഞ വാക്കുകളാണിത്. പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ജീവിതം തന്റെ ഗോത്രത്തിന്റെ സംരക്ഷണത്തിനും ഒപ്പം സംഗീതത്തിനും മാറ്റിവച്ചിരിക്കുകയാണ് ദുർഗാപ്രസാദ്. ബാല്യത്തിലുണ്ടായ ഒരു വാഹനാപകടത്തിൽ കാലിന്റെ സ്വാധീനം പൂർണമായി നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്കൂളിൽ ചേരാൻ വൈകിയിരുന്നു.
ഇന്ന് സന്താലി ഗായകനും ഭാഷാ വിദഗ്ധനും എഴുത്തുകാരനും സ്കൂൾ അധ്യാപകനും സംഗീതാധ്യാപകനുമെല്ലാമാണ് അദ്ദേഹം. പരന്പരാഗത വയലിൻ ബനാം കൈയിലും, മനോഹരമായൊരു സന്താലി ഗാനം ചുണ്ടിലുമില്ലാതെ അദ്ദേഹത്തെ കാണുക വിരളം.
ഗോത്രവിഭാഗത്തിന്റെ സംരക്ഷണത്തിനായി ആ സംസ്കാരം നഷ്ടമാകാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹം പതിറ്റാണ്ടുകളായി തുടരുന്ന ജീവിതരീതിയാണ്. ഒൾചികി ഭാഷയിൽ ഒട്ടേറെ പുസ്തകങ്ങൾ എഴുതി. രണ്ടായിരാമാണ്ടിൽ ഒരു പ്രൈമറി സ്കൂൾ തുടങ്ങി. പഠനച്ചെലവുകൾക്ക് പണംകണ്ടെത്താൻ നിവൃത്തിയില്ലാത്തവർക്കുവേണ്ടിയാണ് ഹിഹിരി പിപിരി ശിശു നികേതൻ എന്ന സ്കൂൾ സ്ഥാപിച്ചത്. സന്താലി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ് അവിടെ പഠിപ്പിക്കുന്നത്. ജാർഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിൽ ഹർതോപ എന്നയിടത്താണ് സ്കൂൾ.
സന്താൾ സമുദായത്തിന് അവരുടെ മാതൃഭാഷയിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നതായിരുന്നു ദുർഗാപ്രസാദിന്റെ ലക്ഷ്യം. വരുമാനമുണ്ടാക്കാനല്ല, ആത്മസംതൃപ്തിക്കുവേണ്ടിയാണ് തന്റെ പരിശ്രമമെന്ന് അദ്ദേഹം പറയുന്നു.
ബനാമും തിരിയോയും
ഒരു പാട്ടുണ്ടാക്കുക, അതിനെക്കുറിച്ചു നൃത്തം ചെയ്യുക എന്നതാണ് ആദിവാസി സമൂഹത്തിന്റെ പൊതുവേയുള്ള രീതി. ജാർഖണ്ഡിലെ ഗോത്രസംഗീതത്തിന് വിവിധങ്ങളായ ഉപകരണങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ അവയിൽ പലതും ഓർമയിലേക്കു മറയുന്ന സ്ഥിതിയുണ്ട്. തിരിയോ എന്ന പരന്പരാഗത പുല്ലാങ്കുഴൽ വായിക്കാൻ അറിയാവുന്നവർ തീരെക്കുറഞ്ഞു. സന്താലി പാട്ടുകൾ കേൾക്കുന്നവർ അവരുടെ പുതു തലമുറയിൽ വളരെ ചുരുക്കമേയുള്ളൂ.
എന്റെ കുട്ടികൾക്ക് ഞങ്ങളുടെ പാട്ടുകൾ അറിയില്ല. തെറ്റ് ഞങ്ങളുടെതന്നെയാണ്. കുട്ടികൾക്ക് സന്താലി സംസാരിക്കാൻ അറിയില്ല എന്നതിൽ എനിക്കു വിഷമമുണ്ട്. കുട്ടികളെ ബംഗാളി പഠിപ്പിക്കാനായിരുന്നു ഏറെക്കാലമായി സമുദായത്തിലുള്ളവരുടെ ശ്രദ്ധ. അതോടെ ഭാഷയും പാട്ടുകളും അപരിചിതമായി- സന്താൾ ഗോത്രത്തിലെ ഒരു രക്ഷിതാവ് പറഞ്ഞതാണിത്. ഇതുപോലുള്ള തിരിച്ചറിവുകൾ ഉണ്ടാകുന്നു എന്നതാണ് പ്രതീക്ഷ.
അതിനു പിന്തുണയേകുന്നുണ്ട് ദുർഗാപ്രസാദ് മുർമു സ്വന്തം വീട്ടിൽ നടത്തുന്ന സംഗീതപഠന ക്ലാസുകൾ. ആദിവാസി സമൂഹത്തിന്റെ പരന്പരാഗത വയലിനായ ബനാമും പുല്ലാങ്കുഴലായ തിരിയോയും അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നു. സന്താലി ബനാമിന്റെ ഒറ്റക്കന്പിനാദം അതീവഹൃദ്യമാണ്. തുകൽകൊണ്ടുള്ള ഭാഗം അനുസ്വനമുണ്ടാക്കുന്ന ബനാം വയലിൻപോലെതന്നെ ബോ കൊണ്ടാണ് വായിക്കുന്നത്. ദുർഗാപ്രസാദ് മുർമുവിന്റെ ഗാനങ്ങളിൽ ഇതിനു സവിശേഷ സ്ഥാനമുണ്ട്.
തിരിയോ എന്ന പുല്ലാങ്കുഴൽ സന്താൾ സമൂഹത്തിന്റെ മറ്റൊരു പ്രിയപ്പെട്ട സംഗീതോപകരണമാണ്. പ്രണയത്തിന്റെ ചിഹ്നമായി കരുതുന്ന തിരിയോയ്ക്ക് ആത്മാക്കളുമായി ബന്ധമുണ്ടാക്കാൻ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
സന്താൾ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ഈണങ്ങൾ കൂടുതൽ കേൾക്കുന്നത്. സൊഹറേ എന്ന വിളവെടുപ്പുത്സവത്തിനു നൃത്തവും പാട്ടും ഏറെ സവിശേഷം.
പാട്ട് മുന്നോട്ട്...
ദുർഗാപ്രസാദ് മുർമുവിന്റെ ഗീതങ്ങൾക്ക് സോഷ്യൽമീഡിയയിൽ ആരാധകർ ഒട്ടേറെയുണ്ട്. സന്താൾ പാരന്പര്യത്തെക്കുറിച്ച് ഒട്ടും അറിവില്ലാത്തവർപോലും പാട്ടുകളോടുള്ള ഇഷ്ടമറിയിച്ച് യുട്യൂബിൽ കമന്റുകൾ ഇടുന്നു. പതിനായിരക്കണക്കിനുപേർ ആ പാട്ടുകൾ കേൾക്കുന്നു. ആകാശവാണിയിലൂടെയും അദ്ദേഹത്തിന്റെ പാട്ടുകൾ പതിവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്.
അറിയപ്പെടാതെപോകുന്ന, മറവിലേക്കു മായുന്ന സംഗീതത്തിന് ജീവവായുയേകുകയാണ് മുർമുവിനെപ്പോലുള്ള മഹാന്മാരായ കലാകാരന്മാർ. അവർ സമ്മാനിതരാകുന്നതോടെ ഒരു സംസ്കൃതിതന്നെയാണ് ആദരിക്കപ്പെടുന്നത്.
ഹരിപ്രസാദ്