മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യമായി.
ഓർമച്ചെപ്പിൽ പ്രത്യേകം പരാമർശിക്കേണ്ട വ്യക്തിയാണ് ഓച്ചിറ വേലുക്കുട്ടി. യുവാവായ വേലുക്കുട്ടി നാടകങ്ങളിൽ നടനായിരുന്നില്ല, നടിയായിരുന്നു. സ്ത്രീവേഷമണിഞ്ഞു മേക്കപ്പ് ചെയ്ത അയാളെ കണ്ടാൽ സ്ത്രീകൾ അസൂയപ്പെടും. പുരുഷന്മാർ മോഹിച്ചുപോകും.
വേലുക്കുട്ടിയുടെ നല്ലകാലത്തു സൗന്ദര്യത്തികവിൽ അദ്ദേഹത്തിന്റെ നാടകങ്ങളൊന്നുംതന്നെ എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്തു കേരളത്തിലും പുറത്തും ജൈത്രയാത്ര നടത്തിയ ഒരു നാടകമാണ് കരുണ. മഹാകവി കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതൻ രചിച്ച നാടകം. 1932ലാണ് കരുണ അരങ്ങേറിയതെന്നു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നു.
തമിഴ്നാടകങ്ങളുടെ ചുവടുപിടിച്ച് മലയാള സംഗീത നാടകങ്ങൾ അരങ്ങേറുന്ന കാലമായിരുന്നല്ലോ അത്. രാജാവും രാജ്ഞിയും മന്ത്രിയും പടനായകനും പട്ടുകുപ്പായങ്ങളും കിന്നരിത്തലപ്പാവും വാളും കുന്തവുമൊക്കെയായിരുന്നു അന്നത്തെ നാടകവേദിയിൽ വിലസിക്കൊണ്ടിരുന്നത്.
കഥകൊണ്ടും കഥാപാത്രങ്ങൾക്കൊണ്ടും അവയിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു കരുണ. നായകൻ മുണ്ഡനം ചെയ്ത ബുദ്ധഭിക്ഷു. നായിക വാസവദത്ത എന്ന അഭിസാരിക. ബുദ്ധഭിക്ഷുവിന്റെ വേഷത്തിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും വാസവദത്തയായി ഓച്ചിറ വേലുക്കുട്ടിയും. രണ്ടുപേരും ചെറുപ്പക്കാർ. അക്കാലത്തെ നടീനടന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വേലുക്കുട്ടിക്കായിരുന്നു.
കരുണ കാണാൻ കഴിയാത്തതിൽ നിരാശനായി കഴിയുന്ന കാലം. 1949ൽ സ്കൂൾ ഫൈനൽ പാസായി നിൽക്കുന്ന അവസരത്തിൽ അത്യധികം ആഹ്ലാദിപ്പിച്ചുകൊണ്ടു തൃശൂർ ടൗണ്ഹാളിൽ കരുണ വീണ്ടും വരുന്നു എന്ന പോസ്റ്റർ കണ്ടു.
പ്രധാന വേഷക്കാർ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലുക്കുട്ടിയുംതന്നെ. പതിനേഴ് വർഷം മുൻപ് അരങ്ങേറി ആയിരക്കണക്കിനു വേദികളിൽ അഭിനയിച്ചതും കുറേക്കാലമായി അവതരണം നിർത്തിവച്ചിരുന്നതുമായ കരുണ കണ്ടില്ലെന്ന കുറവു നികത്താൻ ടിക്കറ്റെടുത്തു ടൗണ്ഹാളിൽ നേരത്തെ സ്ഥലംപിടിച്ചു.
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യമായി.
എന്നെ അദ്ഭുതപ്പെടുത്തിയത് അതല്ല. വാസവദത്തയായ വേലുക്കുട്ടിയോടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാർഥ സ്ത്രീകൾ. അവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു അതുല്യ നടന്റെ അഭിനയപാടവം. ബുദ്ധഭിക്ഷുവായി അവിസ്മരണീയ അഭിനയം കാഴ്ചവച്ച കുഞ്ഞുകുഞ്ഞു ഭാഗവതരുടെ വേഷം മനസിലുണ്ട്. ഭാഗവതർക്കു ഡബിൾ റോളായിരുന്നു. ആ നാടകത്തിൽ ധീരശൂരനായ പോലീസ് ഇൻസ്പെക്ടറുടെ വേഷം ധരിച്ചതും ഭാഗവതർ തന്നെ.
വേലുക്കുട്ടി അഭിസാരികയുടെ റോളിൽ മാത്രമല്ല ശോഭിച്ചത്. സത്യവാൻ സാവിത്രിയിലെ പതിവ്രതയും മനസ്വിനിയുമായ സാവിത്രിയുടെയും വൈവിധ്യമാർന്ന മറ്റു കഥാപാത്രങ്ങളുടെയും ഭാഗങ്ങൾ അസൂയാർഹമായ വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ടത്രേ.
പക്ഷേ, ഒരു കാര്യം ഓർക്കുന്പോൾ ദുഃഖം തോന്നുന്നു. അനിയന്ത്രിതമായ ജീവിതംമൂലം വേലുക്കുട്ടിയുടെ അവസാനകാലം ദയനീയമായിരുന്നുവെന്നും കലശലായ പ്രമേഹരോഗം മൂലമാണ് അന്ത്യം സംഭവിച്ചതെന്നും അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന് സന്താനഭാഗ്യമുണ്ടായിരുന്നില്ല.
വേലുക്കുട്ടിയുടെ നിര്യാണത്തോടെ മലയാള പ്രഫഷണൽ നാടകവേദിയിൽ സ്ത്രീവേഷത്തിന്റെ യുഗം അവസാനിച്ചു.
സംഗീതനാടകങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന ഇതേ കാലഘട്ടത്തിലാണ് പാട്ടുപാടാനറിയാത്ത തിക്കുറിശി സുകുമാരൻനായർ നാടകവുമായി രംഗത്തുവന്നത്. മലയാള നാടകവേദിയെ സംബന്ധിച്ചിടത്തോളം അതൊരു പുതുമയും പരീക്ഷണവുമായിരുന്നു.
തിക്കുറിശിയുടെ ആദ്യ നാടകം ഒരക്ഷമുള്ള സ്ത്രീ. അടുത്തത് രണ്ടക്ഷരമുള്ള മായ. തുടർന്ന് ഓരോ അക്ഷരം വർധിപ്പിച്ച് മാതൃക, ബ്രഹ്മചാരി, ജീവിതയാത്ര എന്നിങ്ങനെ നാടകങ്ങൾ അദേഹം കാഴ്ചവച്ചു. ഇവയിൽ മൂന്നെണ്ണം ഞാൻ കണ്ടിട്ടുണ്ട്. സംഭാഷണത്തിന്റെ ശക്തിയും മൂർച്ചയും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവും ഈ നാടകങ്ങളിൽനിന്നാണ് എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അഭിനയവും ഗംഭീരമായിരുന്നു.
തൃശൂർ ജോസ് തിയറ്ററിൽ ഞാൻ അദ്ദേഹത്തിന്റെ മായ നാടകം കണ്ടുകൊണ്ടിരിക്കയാണ്. നാടകത്തിനിടയിൽ പതിവുപോലെ പ്രേക്ഷകർ നായകൻ പാടണം എന്ന് വിളിച്ചുപറഞ്ഞു. തിക്കുറിശി കുഴങ്ങിപ്പോയി. പാടിയില്ലെങ്കിൽ നാടകം തുടരാൻ ജനം സമ്മതിക്കില്ല.
ഒരുവിധം ആ സീൻ തീർന്നപ്പോൾ തിക്കുറിശി സ്റ്റേജിനു മുന്നിലേക്കു കടന്നുവന്നു വിനയപൂർവം പറഞ്ഞു. “ഞാൻ ഒരു സംഗീതജ്ഞനല്ല. പാടി നിങ്ങളെ രസിപ്പിക്കാൻ എനിക്കു കഴിയില്ല. പകരം ഞാനൊരു കവിത പാടാം’’ .
അദ്ദേഹത്തിന്റെ വീർപ്പുമുട്ടലും വിനയസ്വരവും ജനം കണക്കിലെടുത്തു. തുടർന്ന് അദ്ദേഹംതന്നെ രചിച്ച സുന്ദരവും അർഥസന്പുഷ്ടവുമായ ഒരു കവിത അക്ഷരസ്ഫുടതയോടെ ചൊല്ലി. സദസ് കൈയടിച്ചു കവിതയ്ക്ക് പാസ്മാർക്കു കൊടുത്തതോടെ തിക്കുറിശിയുടെ ആശങ്ക തീർന്നു. നാടകം തുടർന്നു.
പക്ഷേ, അഭിനയിക്കുന്നിടത്തെല്ലാം തിക്കുറിശി പാടണമെന്ന് കാണികളുടെ ഭാഗത്തുനിന്ന് ശല്യമുണ്ടായി. സഹികെട്ടിട്ടാകണം തിക്കുറിശി ഉറച്ച ഒരു തീരുമാനമെടുത്തു. പാട്ടുപാടാനറിയാത്ത നായകനും നാടകം അഭിനയിക്കണമല്ലോ. സ്റ്റേജിൽ ആദ്യന്തം ഇരിക്കുന്ന പാട്ടുകാരനായ ഹാർമോണിസ്റ്റ് മേലിൽ രംഗത്തിരിക്കേണ്ട.
അയാളെയും പക്കമേളക്കാരെയും തിക്കുറിശി അണിയറയിലേക്കു മാറ്റി. രംഗത്തു നാടകവും നടീനടന്മാരും മാത്രം മതിയെന്നു നിശ്ചയിച്ചു. അത് ധീരമായ ഒരു തീരുമാനമായിരുന്നു. സ്റ്റേജിൽ അള്ളിപ്പിടിച്ചിരുന്ന ഒരു വിഭാഗത്തെ അദ്ദേഹം അങ്ങനെ ഉള്ളിലേക്കു തള്ളി. നാടകവേദിയിലെ വിപ്ലവകരമായ ഈ പരിഷ്കാരവും പരിവർത്തനവും തിക്കുറിശിക്കു മാത്രം അവകാശപ്പെട്ടതാണ്.
സി.എൽ. ജോസ്