ഇന്നസെന്റ് ജയിൽപുള്ളിയായി
Saturday, April 15, 2023 5:24 AM IST
ഞാനെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് കറുത്തവെളിച്ചം. സിനിമാതാരം തൃശൂർ ഫിലോമിന, സി.ഐ. പോൾ, ഡോ. ഇമ്മട്ടി ലോനപ്പൻ, കൃഷ്ണവേണി, പി.പി. ചൊവ്വല്ലൂർ തുടങ്ങിയവർ അഭിനേതാക്കൾ. 1964 നവംബറിൽ കറുത്തവെളിച്ചം കോട്ടയം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധപ്പെടുത്തി. ആ നാടകത്തെക്കുറിച്ച് രസകരമായ ഒരനുഭവമുണ്ട്.
ചലച്ചിത്രതാരം ഇന്നസെന്റ് വർഷങ്ങൾക്കു മുന്‍പ് എന്നോടു പറഞ്ഞതാണത്.
അച്ചടിച്ച എന്റെ ആദ്യകാല നാടകങ്ങളിലെല്ലാം പ്രാരംഭപേജിൽ ഒരു വാചകമുണ്ടായിരുന്നു; “ഈ നാടകം അഭിനയിക്കാൻ ഗ്രന്ഥകർത്താവിന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങേണ്ടതാണ്.’’
അതിനു മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു.
ഞാൻ ജോലി ചെയ്തിരുന്നത് ഒരു ചിട്ടിക്കന്പനിയിലാണ്. അവിടേക്ക് ദിവസേന ധാരാളം കത്തുകൾ വരുന്നുണ്ട്. എനിക്കാണെങ്കിൽ സ്വന്തമായി കത്തു വരാൻ ബന്ധങ്ങളോ പ്രശസ്തിയോ ഇല്ല. ഇങ്ങനെയൊരു വാചകം കൊടുത്താൽ എന്റെ നാടകമെടുത്ത് അഭിനയിക്കുന്നവർ അനുമതി ചോദിച്ച് കത്തെഴുതും. കുറേ കത്തുകൾ വരട്ടെ എന്നതായിരുന്നു ഇതിനു പിന്നിൽ.
എന്തായാലും ആഗ്രഹം ഫലിച്ചു. അനുമതി ചോദിച്ച് കത്തുകളും കാർഡുകളും വന്നുതുടങ്ങി. ചില കലാസമിതികൾ അനുവാദം ചോദിക്കുന്നതോടൊപ്പം ചെറിയൊരു സംഖ്യയും അയയ്ക്കും.
ഇന്നസെന്റിന് 18 വയസ് പ്രായം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു കലാസമിതിയുണ്ടാക്കി ഒരു നാടകം അവതരിപ്പിക്കാൻ പ്ലാനിട്ടു. ഒടുവിൽ എന്റെ കറുത്തവെളിച്ചം തെരഞ്ഞെടുത്തു. അതിൽ ജയിൽ ചാടി വരുന്ന അന്പതുകാരനും രോഗിയുമായ ദേവസ്യ എന്ന കഥാപാത്രമുണ്ട്. ആ റോൾ അഭിനയിക്കുന്നത് ഇന്നസെന്റാണ്.
നാടകപ്പുസ്തകം തുറന്നപ്പോൾ അതിൽ നാടകകൃത്തിന്റെ അനുവാദം വാങ്ങേണ്ടതാണെന്ന വാചകം അവർക്കു കല്ലുകടിയായി. സി.എൽ.ജോസിനോട് അനുവാദം ചോദിച്ചാൽ നല്ലൊരു സംഖ്യ ആവശ്യപ്പെടും. ഒന്നുകിൽ നാടകം ഉപേക്ഷിക്കുക. അല്ലെങ്കിൽ പേരുമാറ്റി കളിക്കുക. ഒടുവിൽ തീരുമാനിച്ചു, കറുത്തവെളിച്ചത്തിന്റെ പേര് മാറ്റുക. അപ്രകാരം പേര് ജയിൽപുള്ളി എന്നാക്കി.
എന്നെ അറിയിക്കാതെ നാടകം അരങ്ങേറി.
അങ്ങനെയിരിക്കെ തൃശൂർ എടമുട്ടത്ത് ജയിൽപുള്ളിക്ക് ഒരു ബുക്കിംഗ് കിട്ടി.
നാടകം തുടങ്ങേണ്ട സമയമായി. ആദ്യം ഇരിങ്ങാലക്കുടയിൽ നാടകം അവതരിപ്പിച്ചപ്പോൾ സംവിധാനം ഇന്നസെന്റ് എന്നാണ് അനൗണ്‍സ് ചെയ്തത്. രചന സി.എൽ. ജോസ് എന്നു പറഞ്ഞാൽ പ്രശ്നമാവും. അങ്ങനെയൊരു നാടകം ജയിൽപുള്ളി എന്ന പേരിൽ അയാൾ എഴുതിയിട്ടില്ല. ഒടുവിൽ രചന, സംവിധാനം ഇന്നസെന്റ് എന്ന് ധൈര്യത്തോടെ അനൗണ്‍സ് ചെയ്തു.
എടമുട്ടത്ത് നാടകം തുടങ്ങി. തിങ്ങിനിറഞ്ഞ സദസ്. നാലഞ്ച് സീനുകൾ കടന്നുപോയി.
തുടർന്ന് അവിടെ സംഭവിച്ച കാര്യങ്ങൾ ഇന്നസെന്റ്് എന്നോടു പങ്കുവച്ചത് അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ കുറിക്കുന്നു.
എന്റെ ജോസേട്ടാ, ഇടവേളയിൽ രണ്ടു യുവാക്കൾ സ്റ്റേജിലേക്കു കയറിവന്നു. മുട്ടാളന്മാരെപ്പോലെ രണ്ടുപേർ. ഒരാൾ കൈചുരുട്ടി തനി ചട്ടന്പിയെപ്പോലെ മുന്നിലേക്കു വന്നിട്ട് ഒരു ചോദ്യം.
“ടാ ഏതാണ്ടാ ഈ നാടകം?”
“ജയിൽപ്പുള്ളി”, തന്റേടത്തോടെ ഇന്നസെന്റിന്റെ മറുപടി.
ഇരുവരും കുറേക്കൂടി മുന്നോട്ടു വന്നിട്ട് രൂക്ഷതയോടെ ചോദിച്ചു.
“ഇതു സി.എൽ. ജോസിന്റെ കറുത്തവെളിച്ചം അല്ലേടാ?’’
രണ്ടു പേരുടെയും നിൽപും ഭാവവും കണ്ടപ്പോൾ അവർ കൈവയ്ക്കുമെന്നു തോന്നി.
“അല്ലാന്ന് ഞാൻ പറഞ്ഞോ?’’ തന്ത്രപൂർവം എന്റെ മറുപടി.
അതിലൊരുത്തന്റെ ഗീർവാണം, “കഴിഞ്ഞ മാസം ഇവിടത്തെ കലാസമിതി പിള്ളേര് ഇതേ നാടകം ഇതിലും ഭംഗിയായിട്ടു കളിച്ചു. എന്നിട്ട് കറുത്ത വെളിച്ചത്തെ ജയിൽപുള്ളിയാക്കി ബുക്കിംഗ് എടുത്തു വന്നിരിക്കുന്നു.’’
“പോടാ, മതി കളിച്ചത്.’’
നാടകം നടന്നില്ല. കാശും തന്നില്ല. തല്ലുകൊള്ളാതെ പോന്നതു ഭാഗ്യം.
ഇതു കേട്ട് ചിരിച്ച ഞാൻ പറഞ്ഞു, “ഗുരുക്കന്മാരുടെ അനുഗ്രഹവും അനുവാദവുമില്ലാതെ പോയാൽ ഇങ്ങനെയിരിക്കും.’’
“ജോസേട്ടാ ചെത്തുതൊഴിലാളികളുടെ നാടാണത്. കയറിവന്നവരുടെ അരയിൽ ചെത്തുകത്തിയുണ്ടായിരുന്നോ എന്നറിയില്ല. ശരിക്കും ഞാൻ പതറി.’’
പിന്നെ വളരെ കൂളായിട്ട് ഇന്നസെന്റ് എന്നോടു ചോദിച്ചു, “അല്ല ജോസേട്ടാ, അന്നു ഞാൻ ചോദിച്ചിരുന്നെങ്കിൽ ഫ്രീയായിട്ട് നാടകം കളിക്കാൻ അനുവാദം തരുമായിരുന്നോ?’’
“പിന്നെന്താ, വെറുതേ ഒരു കാർഡിട്ടാൽ മതിയായിരുന്നു.’’
“അയ്യോ. അങ്ങനെ മതിയായിരുന്നു. ധനനഷ്ടവും മാനഹാനിയും ഒഴിവാക്കാമായിരുന്നു.’’
2013ൽ രോഗമുക്തനായി വിശ്രമിക്കുന്ന കാലത്ത് ഇന്നസെന്റിനെ കാണാൻ ഇരിങ്ങാലക്കുടയിലെ വീട്ടിൽ ചെന്നപ്പോൾ പഴയ ജയിൽപുള്ളി കഥ വീണ്ടും പറഞ്ഞു ഞങ്ങൾ ചിരിച്ചു.
അപ്പോഴേക്കും ഇന്നസെന്റിന്റെ ഭാര്യ ആലീസ് ചായയുമായി വന്നു.
“ആലീസേ...ഇതാരാണെന്നറിയ്യോ?’’
“ജോസേട്ടനെ എനിക്കറിയാം.’’ ആലീസിന്റെ മറുപടി.
“ജോസേട്ടാ, ഇവള് ജോസേട്ടന്റെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. ജീവിതം കൊടുങ്കാറ്റെന്നോ മറ്റോ. അതില്‍ ഇവളു പാട്ടു പാടിയിട്ടുണ്ടെന്ന്...’’
“ഓ! പാടാനറിയാമോ?’’
അതിനു മറുപടി പറഞ്ഞത് ഇന്നസെന്റാണ്. “പിന്നേ...നന്നായി പാടും. എസ്. ജാനകിയാകേണ്ട ആളാ. എന്നെ കല്യാണം കഴിച്ച് ഇതിന്റെ ഭാവി കളഞ്ഞു.’’
അങ്ങനെ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇന്നസെന്റ് ഇന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം പരലോകം പൂകി. പരലോകത്ത് ചെന്ന് ഇന്നസെന്റ് ദൈവത്തെയും ചിരിപ്പിക്കട്ടെ.
സി.എൽ. ജോസ്