മങ്ങാതെ മായാതെ രവിവർമ ചിത്രങ്ങൾ
Sunday, April 23, 2023 12:14 AM IST
രാജാ രവിവർമയുടെ അമൂല്യമായ സൃഷ്ടികളാണ് തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിലുള്ളത്. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രവിവർമ്മ. ലോകോത്തര ചിത്രങ്ങളെഴു തിയ രവിവർമയുടെ 175-ാം ജന്മവാർഷികവേളയാണിത്.
കേരളം, ലോകത്തിന്റെ നിറുകയിൽ എടുത്തുവച്ച മഹാചിത്രകാരനാണ് രാജാ രവിവർമ. യൂറോപ്യൻ ചിത്രകലയുടെ യഥാർഥ ശൈലിയെ ഭാരതീയ ചിത്രകലയിൽ സന്നിവേശിപ്പിച്ച് അനശ്വരത തീർത്ത കലാവൈഭവം.
1848 ഏപ്രിൽ 29നു തിരുവനന്തപുരം കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാ രവിവർമയുടെ 175-ാം ജന്മവാർഷികം കലാകേരളം കൊണ്ടാടുകയാണ്.
ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് അംഗീകരിക്കപ്പെട്ടിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും ഇദ്ദേഹം വഴിതെളിച്ചു.
ചിത്രകലാവിദഗ്ധർ പറയുന്നതുപോലെ ചിത്രകലാ സന്പ്രദായത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പ്രതിഭയാണ് രാജാ രവിവർമ. ഇന്ത്യയിലാദ്യമായി എണ്ണച്ചായ ചിത്രം വരച്ച ചിത്രകാരൻമാരിലൊരാൾ രവിവർമ തന്നെ. തിരുവനന്തപുരം ശ്രീചിത്രാ ആർട്ട് ഗാലറിയിൽ രാജാ രവിവർമയുടെ 43 ഒറിജിനൽ പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
1935 സെപ്റ്റംബറിൽ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ മഹാരാജാവാണ് ചിത്രാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഓരോ പെയിന്റിംഗിലും രവിവർമയുടെ ഹൃദയമുദ്രയും സർഗാത്മകതയും പതിഞ്ഞുകിടക്കുന്നു. ആസ്വാദകരെ എക്കാലവും വിസ്മയിപ്പിക്കുന്ന ചില രവിവർമ ചിത്രങ്ങളിലൂടെ...
ഭാരതീയ ദേവതാ സങ്കൽപ്പത്തിന് മാനുഷിക മുഖം നൽകിയ കലാകാരനാണ് രവിവർമ. പാണ്ഡവരുടെ അജ്ഞാതവാസക്കാലം. വിരാടരാജാവിന്റെ കൊട്ടാരത്തിൽ രാജ്ഞി സുദേഷ്ണയുടെ ദാസിയായി ജീവിക്കുകയാണ് ദ്രൗപദി.
വിരാടരാജാവിന്റെ ഭാര്യാസഹോദരനും സ്ത്രീലന്പടനുമായ കീചകൻ, പലവിധത്തിലും സൈരന്ധ്രിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. രാജാവിന്റെ സ്യാലന്റെ പരമാധികാരം ഉപയോഗിച്ച് കീചകൻ ദ്രൗപദിയെ തന്റെ അന്തപ്പുരത്തിലേക്കു വരുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്.
അജ്ഞാതവാസക്കാലമാണ്, പാണ്ഡവരുടെ യഥാർഥരൂപം കൗരവർ കണ്ടുപിടിച്ചാൽ വീണ്ടും വനവാസത്തിനു പോകണം. അതിനാൽ എപ്പോഴും മറഞ്ഞിരിക്കണം പാണ്ഡവർ. വീരയോദ്ധാക്കളായ പാണ്ഡവശ്രേഷ്ഠരായ അഞ്ചു ഭർത്താക്കന്മാർ ഉണ്ടെങ്കിലും തന്റെ അഭിമാനത്തിന് ഏൽക്കുന്ന ക്ഷതത്തിൽ പരിക്ഷീണയാകുന്നു ദ്രൗപദി.
കാമാസക്തനായി കടന്നാക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന കീചകനിൽ നിന്നു തന്റെ മാനം രക്ഷിക്കുവാനുള്ള അപേക്ഷയുമായെത്തുന്ന സൈരന്ധ്രി വിരാട രാജാവിനു മുന്നിൽ വീണ് കരയുകയാണ്.
ഈ ഒരു പതനം രവിവർമയുടെ ദ്രൗപദി വിരാട സദസിൽ എന്ന പെയിന്റിംഗ് ഒപ്പിയെടുത്തിരിക്കുകയാണ്.
ചുവന്ന സാരിയാണ് ദ്രൗപദി ധരിച്ചിരിക്കുന്നത്. മുടി അഴിഞ്ഞുലഞ്ഞ് കിടക്കുന്നു. ദ്രൗപദിയുടെ മുഖം കാണാൻ കഴിയാത്ത വിധത്തിലാണ് നിലത്ത് കമിഴ്ന്നു വീണുകിടക്കുന്നത്. താടിക്കു കൈകൊടുത്തിരിക്കുന്ന വിരാടരാജാവിന്റെ മുഖത്ത് ധർമസങ്കടത്തിന്റെ കടലുണ്ട്. കൊട്ടാരഗുരുവും ഭടന്മാരും അന്തപ്പുര സ്ത്രീകളും പകച്ചും വേദനിച്ചും നില്ക്കുകയാണ്.
കാലത്തിനു പോറൽ ഏൽപിക്കുവാൻ കഴിയാത്ത ഈ ചിത്രത്തിൽ ദീർഘദർശിയായ ഒരു ചിത്രകാരന്റെ വിരൽപ്പാടുകൾ പതിഞ്ഞുകിടപ്പുണ്ട്.
പകുതി മറഞ്ഞ രീതിയിൽ വരച്ചിട്ടുള്ള ദ്രൗപദിയുടെ മുഖം ഒരു സത്യംകൂടി വിളിച്ചു പറയുകയാണ്. നൂറ്റാണ്ടുകൾക്കു മുന്പ് മഹാരാജാവിനു മുന്നിൽ മാനത്തിനുവേണ്ടി യാചിക്കുന്നത് ദ്രൗപദിയെങ്കിൽ പുതിയ കാലത്തെ ഭരണാധികാരിക്കു മുന്നിൽ തന്റെ അഭിമാനത്തിനു വിലവേണം എന്ന് യാചിക്കുന്ന സ്ത്രീയുടെ പേരു മറ്റൊന്നാണ്. 2023-ലും സ്ത്രീയുടെ അവസ്ഥ മാറുന്നില്ല.
സീതാപഹരണം എന്ന പെയിന്റിംഗും ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ ചിത്രമാണ് പുഷ്പകവിമാനത്തിൽ സീതയെ അപഹരിച്ച് ലങ്കയിലേയ്ക്കു കൊണ്ടുപോകുന്ന രാവണനെ തടയുന്ന ജടായുവും ജാടു എന്ന പക്ഷിരാജന്റെ ചിറകുകൾ വെട്ടി അരിയുന്ന രാവണനും കാൻവാസിൽ ജീവിക്കുന്നു. രാവണന്റെ കണ്ണുകളിലെ ക്രൗര്യം, കാമാതുരനായ പുരുഷന്റെ ചിരി എല്ലാം പെയിന്റിംഗിൽ ഉണ്ട്.
അധിനിവേശക്കാരനായ തുഗ്ലക്കിൽനിന്നും തന്റെ ആത്മാഭിമാനം രക്ഷിക്കുവാൻ ചിതയിലേക്കു എടുത്ത് ചാടുന്ന റാണി പദ്മാവതിയുടെ പെയിന്റിംഗ് ആയ ജോഹർ അഗ്നി ജ്വാലപോലെ കത്തുന്ന ചിത്രമാണ്. മുല്ലപ്പൂ ചൂടിയ നായർ വനിത, പാൽക്കാരി തുടങ്ങിയ സ്ത്രീ ചിത്രങ്ങൾ കാൻവാസിൽ പകർത്തിയ രാജാ രവിവർമ തന്നെയാണ് ദ്രൗപദിയെയും സീതയേയും പദ്മാവതിയേയും വരച്ചിരിക്കുന്നത്.
തടവറയിലെ സ്ത്രീ എന്ന പെയിന്റിംഗിനും അർഥതലങ്ങൾ വളരെയുണ്ട്. വെള്ള സാരിയുടുത്ത്, അഴിഞ്ഞുലഞ്ഞ മുടിയുമായി വിദൂരതയിലേക്കെങ്ങോ നോക്കി നില്ക്കുന്ന യുവതിയുടെ തടവറ പലതിന്റെയും സൂചനയാണ്. സ്വന്തം വീടുതന്നെ തടവറയായി മാറുന്നതും കാലത്തിനു മുന്പേ സഞ്ചരിച്ച ചിത്രകാരന്റെ ചിത്രത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്.
മുലക്കച്ചയണിഞ്ഞ് കഴുത്തിൽ രുദ്രാക്ഷം കെട്ടിയ മാലയും നെറ്റിയിൽ ഭസ്മക്കുറിയും അണിഞ്ഞുനില്ക്കുന്ന മാവേലിക്കര അമ്മ തന്പുരാന്റെ പെയിന്റിംഗ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആഢ്യത്വമാർന്ന മുഖമാണ്. തിരുവിതാംകൂറിലെതന്നെ റാണി ലക്ഷ്മി ഭായിയെ ആകട്ടെ തന്റെ ഭാവനയുടെ വർണങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് ചിത്രകാരൻ.
2023ലെ ഫാഷൻ തരംഗമായ കോണ്ട്രാസ്റ്റ് സാരിയും ബ്ലൗസുമാണ് വേഷം. ഉടുത്തിരിക്കുന്നത് മുന്തിരിപ്പഴത്തിന്റെ നിറത്തിലെ പട്ടുസാരിയാണ്. കടുംനീല നിറമാണ് ബ്ലൗസിന്. സ്ത്രീകളുടെ ആടയാഭരണങ്ങൾ, കോസ്റ്റ്യൂം, തലമുടി കെട്ടുന്ന രീതികൾ ഇങ്ങനെ ഓരോ അംശത്തിലും ചിത്രകാരൻ ചെലുത്തുന്ന ജാഗ്രത ശ്രദ്ധേയമാണ്.
കാലം കൊത്തിവച്ച ഹംസ ദമയന്തി ചിത്രം എന്ന് വയലാർ പാടിപ്പോയ ഹംസദമയന്തി പെയിന്റിംഗ് കാലത്തെ വെല്ലുന്ന സൗന്ദര്യമായി നിലകൊള്ളുന്നു. അതുപോലെ ദുഷ്യന്ത മഹാരാജാവിനെ വീണ്ടും ഒരുനോക്കു കാണുവാനായി കാലിൽ ദർഭമുന കൊണ്ടുവെന്നു ഭാവിക്കുന്ന ശകുന്തളയുടെ പെയിന്റിംഗും.
തിരുവിതാംകൂർ രാജകുടുംബത്തിലെ ആസ്ഥാന ചിത്രകാരനും രവിവർമയുടെ അമ്മാവനുമായ രാജരാജവർമയുടെ പോർട്രെയിറ്റും സവിശേഷമാണ്. ഈ സാങ്കേതിക യുഗത്തിലെ അതിനൂതന കാമറകൾ ഒപ്പുന്നതിനെക്കാൾ സൂക്ഷ്മതയോടെയാണ് അമ്മാവന്റെ ചിത്രം രാജാ രവിവർമ വരച്ചിട്ടിരിക്കുന്നത്. കണ്ണുകളിലെ ഒരു പ്രത്യേക ഭാവവും, ക്ഷത്രിയ തേജസും ചിത്രത്തിനു മിഴിവേകുന്നു.
ഹംസ - ദമയന്തി, സീതാസ്വയംവരം, സീതാപഹരണം, സീതാഭൂപ്രവേശം, ശ്രീരാമപട്ടാഭിഷേകം, വിശ്വമിത്രനും മേനകയും, ശ്രീകൃഷ്ണ ജനനം, രാധാമാധവം, അർജുനനും സുഭദ്രയും തുടങ്ങിയവയാണ് രവിവർമ്മയുടെ പ്രധാന പുരാണ ചിത്രങ്ങൾ. സ്നാനം കഴിഞ്ഞ സ്ത്രീ, നർത്തകി, വിദ്യാർഥി, ഇന്ത്യയിലെ സംഗീതജ്ഞർ, അച്ഛൻ, ഉദയപ്പൂർ കൊട്ടാരം തുടങ്ങി അനേകം ചിത്രങ്ങളും രചിച്ചിട്ടുണ്ട്.
മുല്ലപ്പൂ ചൂടിയ നായർ വനിത, ദർഭമുന കൊണ്ട ശകുന്തള, ഹംസദമയന്തീ സംവാദം, അമ്മകോയിതന്പുരാൻ, മലബാർ മനോഹരി, കിണറ്റിൻ കരയിൽ, മാർത്ത് മറിയവും ഉണ്ണി ഈശോയും തുടങ്ങി വേറേയും ചിത്രങ്ങൾ.
രവിവർമ ചിത്രങ്ങൾക്ക് ഇക്കാലത്തും ഒട്ടേറെ ആസ്വാദകരും ആവശ്യക്കാരുമുണ്ട്. പൊന്നും വില കൊടുത്താണ് യഥാർഥ ചിത്രങ്ങൾ പലരും ലേലത്തിൽ വാങ്ങിയത്. തിലോത്തമ എന്ന ചിത്രം 7,95,000 ഡോളറിനാണ് (അഞ്ച് കോടി രൂപ) ന്യൂയോർക്കിൽ ലേലത്തിൽ പോയത്്. രവിവർമയുടെ ദമയന്തി 1.2 മില്യണ് ഡോളറിന് വിറ്റിരുന്നു. നിലാവിൽ നിൽക്കുന്ന രാധ (രാധ ഇൻ ദ മൂണ്ലൈറ്റ്) 23 കോടി രൂപയ്ക്ക് വിറ്റു. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾക്കാണ് ലക്ഷങ്ങളും കോടികളും വിലയിട്ടിരിക്കുന്നത്.
കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ കോയിൽ തന്പുരാനായാണ് രാജാ രവിവർമ ജനിച്ചത്. ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമയാംബ തന്പുരാട്ടിയുടെയും പുത്രൻ. സി. ഗോദവർമ, സി. രാജരാജവർമ, മംഗളഭായി തന്പുരാട്ടി എന്നിവരായിരുന്നു രാജാ രവിവർമയുടെ സഹോദരങ്ങൾ.
മാവേലിക്കരയിലെ രാജകുടുംബമായ പുരുരുത്തി നതി ഭാഗീരഥി അമ്മ തന്പുരാനെ (കൊച്ചു പാംഗി) രവിവർമ്മ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് ആണ്കുട്ടികളും രണ്ട് പെണ്കുട്ടികളും ജനിച്ചു. ചിത്രരചനയിൽ അത്ഭുതങ്ങൾ കാഴ്ചവച്ച അനശ്വര കലാകാരൻ 1906 ഒക്ടോബർ രണ്ടിന് കിളിമാനൂരിൽ അന്തരിച്ചു.
എസ്. മഞ്ജുളാദേവി