2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന പേരിൽ എത്തിയ ഇക്കൂട്ടത്തിൽ മിക്കവരും മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു വനിതകൾ ഉൾപ്പെടെ.
ഇവരിൽ കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ യുസ്രാ മർദീനിയും അവളുടെ സഹോദരി സാറയും സിറിയയിലെ ഭീകരമായ ആഭ്യന്തര യുദ്ധത്തിന്റെ നടുവിൽനിന്ന് ജീവനുംകൊണ്ട് ഓടിപ്പോന്നവരാണ്.
ദമാസ്കസിനു പുറത്തുള്ള ഒരു ചെറുപട്ടണത്തിൽ അഞ്ചംഗങ്ങളുള്ള ഒരു സുന്നി മുസ്ലിം കുടുംബത്തിൽ മുഹമ്മദ് ഇസാദ് മർദീനി എന്ന സിറിയൻ ഒളിംപിക്സ് നീന്തൽ താരത്തിന്റെ മക്കൾ. മുഹമ്മദ് ഇസാത്തിന് തനിക്കു നേടാൻ കഴിയാതെപോയ ഒളിംപിക് സ്വർണം മക്കൾ നേടണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പെണ്മക്കളെ നീന്തൽ പരിശീലനം കൊടുത്തു ദേശീയതലത്തിൽ എത്തിച്ചു.
അപ്പോഴാണ് 2010-ൽ ‘മുല്ലപ്പൂ വിപ്ലവം’ ഇസ്ലാമിക രാജ്യങ്ങളിൽ പടർന്നത്. ടുണീഷ്യയിൽ തുടങ്ങി ഈജിപ്തുവഴി അതു സിറിയയിലുമെത്തി. മുല്ലപ്പൂമണമല്ല പകരം വെടിമരുന്നിന്റെയും മനുഷ്യരക്തത്തിന്റെയും രൂക്ഷഗന്ധമാണ് വിപ്ലവത്തിന്റെ ബാക്കിപത്രം. ബാഷർ ആസാദിനെതിരേ ഉയർന്ന സായുധകലാപം രൂക്ഷമായപ്പോൾ റഷ്യൻ ഇടപെടൽ കാര്യങ്ങൾ കൂടുതൽ വഷളാക്കി. എങ്കിലും ഒളിംപിക് സ്വപ്നം കൈവിടാതെ മർദീനി സഹോദരിമാർ നീന്തൽ പരിശീലനം തുടർന്നു.
എന്നാൽ, ഒരു ദിവസം റഷ്യൻ വ്യോമാക്രമണത്തിൽ അവരുടെ വീടു തകർക്കപ്പെട്ടതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. മുഹമ്മദ് തന്റെ ഒളിംപിക്സ് സ്വപ്നം ഉപേക്ഷിക്കാൻ തയാറായതുമില്ല. കുടുംബം കൂട്ടായ ഒരു തീരുമാനത്തിലെത്തി. പലായനമല്ലാതെ മറ്റൊരു മാർഗവുമില്ല. ഒന്നിച്ചു നാടുവിടുക എളുപ്പമല്ല. അതുകൊണ്ട് യുസ്രയും സാറയും യൂറോപ്പിലെത്താൻ ശ്രമിച്ചു. നാടുവിട്ടോടുന്ന ഒരു സംഘം അഭയാർഥികൾക്കൊപ്പം അവരും ചേർന്നു.
അങ്ങനെ മർദീനി സഹോദരിമാർ അഭയാർഥി സംഘത്തോടൊപ്പം സിറിയൻ അതിർത്തി കടന്നു ടർക്കിയിലെത്തി. തുടർന്നുള്ള യാത്ര ജീവൻ പണയംവച്ചുള്ള കളിയായിരുന്നു. കടൽ കടന്ന് ഗ്രീസിലെത്തുകയാണു ലക്ഷ്യം. മനുഷ്യക്കടത്തുകാർ ആറുപേർക്കു മാത്രം ചെറിയ ദൂരം സഞ്ചരിക്കാവുന്ന റബർ ബോട്ടിൽ പതിനെട്ടുപേരെ കയറ്റി.
അതിൽ ഒരു അമ്മയും കൈക്കുഞ്ഞും ഒപ്പം കൊച്ചുകുട്ടിയും വേറെയുണ്ട്. ടർക്കിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് ഈജിയൻ കടലിലൂടെ സഞ്ചരിച്ച് 800 മൈൽ ദൂരെയുള്ള ലെസ്ബോസ് ദ്വീപിലേക്കാണ് യാത്ര. യാത്രക്കാരിൽ നീന്തലറിയാവുന്ന രണ്ടുപേർ യുസ്രയും സാറയുമായിരുന്നു.
കുറേദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോൾ വഞ്ചിക്കുള്ളിൽ വെള്ളം കയറാൻ തുടങ്ങി. പരിഭ്രാന്തരായ അഭയാർഥികൾക്കു ധൈര്യം പകർന്നുകൊണ്ട് മർദീനി സഹോദരിമാർ കടലിൽ ചാടി വഞ്ചി നിയന്ത്രിച്ച് അതിസാഹസികമായി ഏറെ ദൂരം താണ്ടി കരയിലെത്തിച്ചു.
പരദേശികളെ സംശയദൃഷ്ടിയോടെ കണ്ടിരുന്ന നാട്ടുകാർ അവരോടിടപെട്ടത് കരുണയോടെയായിരുന്നില്ല. അവിടെനിന്ന് അധികം വൈകാതെ അവർ കരമാർഗം കിഴക്കൻ യൂറോപ്പിലെ ഹംഗറിയിലെത്തി. ലക്ഷ്യം ജർമനിയാണ്.
അവർ കാൽനടയായി ആയിരം കിലോമീറ്ററോളം സഞ്ചരിച്ച് സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ജർമൻ അതിർത്തി കടന്നു. അഭയാർഥികൾ എന്ന നിലയിൽ അവർ സ്വീകരിക്കപ്പെടുകയും ബർലിനിലുള്ള അഭയാർഥിക്യാന്പിൽ അന്തേവാസികളാകുകയും ചെയ്തു. ഒളിംപിക് സ്വപ്നം അപ്പോഴും അവർ കൈവിട്ടില്ല. പ്രത്യേകിച്ച് യുസ്ര.
ജർമൻ ഒളിംപിക് നീന്തൽ പരിശീലകൻ സ്വെൻ സ്പാർ ക്രെബിന് യുസ്രയുടെ കഴിവിൽ മതിപ്പുതോന്നി അവളെ ബട്ടർഫ്ളൈ സ്ട്രോക് പരിശീലിപ്പിച്ചു. 2016 മാർച്ചിൽ ഒരു പ്രത്യേക തീരുമാനപ്രകാരം ചരിത്രത്തിലാദ്യമായി ഒളിംപിക്സിൽ മത്സരിക്കാൻ അഭയാർഥികളായ കായികതാരങ്ങൾക്ക് അവസരമുണ്ടായി. യൂറോപ്പിലെ കുടിയേറ്റപ്രശ്നങ്ങൾ ലോകദൃഷ്ടിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു. അങ്ങനെ യോഗ്യത നേടിയ യുസ്ര മത്സരവേദിയിൽ എത്തുകയുംചെയ്തു.
100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫൈനലിലെത്താൻ അവൾക്കു സാധിച്ചില്ല. എന്നിരുന്നാലും അഭയാർഥിപ്രശ്നം ലോകദൃഷ്ടിയിൽ കൊണ്ടുവരാൻ ഈ സാന്നിധ്യം സഹായിച്ചു. പിന്നീട് ഐക്യരാഷ്ട്രസംഘടനയുടെ കീഴിൽ UNCHRനുവേണ്ടി ഗുഡ്വിൽ അംബാസഡറായി യുസ്ര നിയമിക്കപ്പെട്ടു. സഹോദരി സാറ അഭയാർഥികളെ സഹായിക്കുന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുന്നു.
പ്രതിസന്ധികളെ അതിജീവിക്കുന്ന നിശ്ചയദാർഢ്യത്തിന്റെയും സഹനശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും കഥയാണ് സംവിധായിക ഈ സഹോദരിമാരുടെ കഥയിലൂടെ അവതരിപ്പിക്കുന്നത്.
ഒളിംപിക്സ് ഉൾക്കൊള്ളുന്ന സ്പോർട്സ്മാൻ സ്പിരിറ്റിനൊപ്പം സ്ത്രീത്വത്തിന് ഒരു ബിഗ് സല്യൂട്ടും ഈ ചിത്രം കാഴ്ചവയ്ക്കുന്നു.
ജിജി ജോസഫ്
കൂട്ടുമ്മേൽ