വേറിട്ട വേഷങ്ങൾ പകർന്നാടി
Sunday, September 10, 2023 4:43 AM IST
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ് ലീഡ്. ഉല്ലാസ് ചെമ്പന്‍ സിനിമയില്‍ ലുക്മാന്റെ പെയര്‍. മെറിൻ ഫിലിപ്പിന്റെ സിനിമാവിശേഷങ്ങൾ...
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്റര്ടെയ്നർ വാതില്‍, റാഹേല്‍ മകന് കോര, വടക്കന്‍ , ഉല്ലാസ് ചെമ്പന്‍ സിനിമ എന്നിവയിലാണ് മെറിന്റെ പുതിയ വേഷപ്പകർച്ചകൾ. വാതിലില്‍ വിനയ്ഫോര്ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ് ലീഡ്. ഉല്ലാസ് ചെമ്പന്‍ സിനിമയില്‍ ലുക്മാന്റെ പെയര്‍. മെറിന് ഫിലിപ് സംസാരിക്കുന്നു.
പൂമരക്കാലം
പഠിച്ചതും വളര്‍ന്നതും അബുദബിയിലാണ്. ഒമ്പതാം ക്ലാസുമുതല്‍ ബാബു അന്നൂര്‍, സുവീരന് കെ.പി, ജെയിംസ് ഏലിയാ എന്നിവര്‍ സംവിധാനം ചെയ്ത നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പതിനാലാം വയസു മുതല്‍ അഭിനയം ഒരാഗ്രഹമായി ഉള്ളില്കയറി. പന്ത്രണ്ടാം ക്ലാസു കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് പൂമരത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്.
സാധാരണ കലോത്സവവേദികളിൽ സംഭവിക്കുന്ന കാര്യങ്ങളൊക്കെ റെഡി സ്ക്രിപ്റ്റില്ലാതെ സെറ്റിൽ പുതുമുഖങ്ങളെക്കൊണ്ട് ഇംപ്രോവൈസ് ചെയ്യിച്ചാണ് എബ്രിഡ് ഷൈൻ സീനുകളൊരുക്കിയത്. ഐറിനുശേഷം പൂമരത്തിൽ ശ്രദ്ധിക്കപ്പെട്ടത് എന്റെ കഥാപാത്രം പ്രിറ്റിയാണ്. കാളിദാസുമായി കോംബിനേഷനില്ലായിരുന്നു. ഹാപ്പി സര്‍ദാറിൽ കാളിദാസിന്റെ നായികയായി. അതിലെ മുഴുനീള വേഷത്തിലുമേറെ അംഗീകാരം കിട്ടിയതു പൂമരത്തിലാണ്.
വാതില്‍
സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലർ വാതിലിന്റെ ചിത്രീകരണം 2021ലായിരുന്നു. സ്ക്രിപ്റ്റിൽ മാറ്റം വന്നതോടെ കമല എന്ന റോളിലേക്കു നിശ്ചയിച്ച നടിയെയും മാറ്റി. അങ്ങനെയാണ് എനിക്കു മുന്നിൽ ‘വാതിൽ’ തുറന്നത്. ഒരു കുടുംബത്തിനുള്ളിലും പുറത്തും നടക്കുന്ന സംഭവങ്ങൾ എങ്ങനെയാണ് ആ കുടുംബത്തെ ബാധിക്കുന്നതെന്നു പറയുന്ന സിനിമ.
ജീവിതപങ്കാളി എത്രത്തോളം വിഷമിപ്പിച്ചാലും ദ്രോഹിച്ചാലും അയാളെ താന്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും എന്ന ആശയം ഉൾച്ചേർന്ന കഥ. കമലയുടെ വരവോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. വിനയ് ഫോര്‍ട്ട്, അനു സിതാര, കൃഷ്ണശങ്കര് എന്നിവർ നിർണായക വേഷങ്ങളിൽ.
റാഹേല്‍ മകന് കോര
സ്ത്രീകേന്ദ്രീകൃതസിനിമയാണ് ഉബൈനി സംവിധാനം ചെയ്ത ഫാമിലി കോമഡി എന്റര്ടെയ്നര് റാഹേല്‍ മകന് കോര. റാഹേലായി സ്മിനുവും കോരയായി ആന്‍സണ്‍ പോളും. ഗൗതമി എന്ന എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണു കഥാസഞ്ചാരം. കോരയുടെ വരവോടെ ഗൗതമിയുടെ ജോലി നഷ്ടമാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു സിനിമ.
അല്‍ത്താഫ് സലീം, മനു പിള്ള തുടങ്ങിവർ മറ്റു വേഷങ്ങളില്‍. അമ്മ-മകൻ ആത്മബന്ധത്തിനൊപ്പം അച്ഛനില്ലാതെ, അമ്മയ്ക്കൊപ്പം വളര്‍ന്ന ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സ്വഭാവങ്ങളിലെ വ്യത്യസ്തയും സിനിമ പറയുന്നുണ്ട്.
ഉല്ലാസ് ചെമ്പന്‍ സിനിമ
ചെയ്ത എല്ലാ വേഷങ്ങളിലും എന്റെ അംശങ്ങള്‍ ചേർന്നിട്ടുണ്ട്. അഭിനയത്തില്‍ പെര്‍ഫക്ഷന്റെ പകുതിപോലും ആയിട്ടില്ല. ഓരോ സിനിമയിലും ചെറിയ മാറ്റങ്ങള്‍ക്കു ശ്രമിക്കുന്നുണ്ട്. ചെമ്പന്‍ വിനോദിന്റെ സഹോദരന് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ത്രില്ലറിൽ ലുക്മാനൊപ്പമുള്ള വേഷം. ഇതുവരെ എനിക്കു കിട്ടിയതില്‍ ഏറെ വ്യത്യസ്തതയുള്ള കഥാപാത്രം. നടിയെന്ന നിലയിലുള്ള അംഗീകാരമാണ് ഇത്തരം വേഷങ്ങള്‍. ലുക്കിലും വേറിട്ടതാണത്. ഹാപ്പി സര്‍ദാറിലും പൂമരത്തിലും കാണാത്ത മെറിനെ അതില്‍ കാണാനാവും.
സൂപ്പർ നാച്വറൽ വടക്കന്‍
ഉല്ലാസ് ചെമ്പന്റെ സിനിമയിലും ഉണ്ണി ആര്. സ്ക്രിപ്റ്റെഴുതി സജീദ് എ. സംവിധാനം ചെയ്ത സൂപ്പർ നാച്വറൽ ത്രില്ലർ വടക്കനിലുമാണ് കഥാപാത്രമാകാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നത്. ഹൊറര്‍ സ്പർശമുള്ള വടക്കനില്‍ കാന്താര ഫെയിം കിഷോര്‍ കുമാറും ശ്രുതി മേനോനുമാണ് ലീഡ്.
സിനിമയില്‍ എത്തുന്നതുപോലെതന്നെ നിലനിൽക്കുന്നതും ആയാസകരമാണ്. ഇവിടെ തുടരണമെങ്കില്‍ ക്ഷമയോടെ കാത്തിരിക്കണം. ഹീറോയിനായി മാത്രമേ അഭിനയിക്കൂ എന്നു വാശിയില്ല. കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കില്‍ സ്ക്രീന്‍ ടൈം ചെറുതായ വേഷങ്ങളും താത്പര്യമാണ്.
ടി.ജി. ബൈജുനാഥ്