ശില്പശാലയിൽ മുളച്ച നാടകം
Sunday, October 1, 2023 5:36 AM IST
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്നേഹപൂർവം നടത്തിയ അഭ്യർഥന മാനിച്ച് അദ്ദേഹം തന്ന ’ക്ലൂ’ (ആശയസൂചന) മനസിൽ വച്ച് ആഴ്ചകൾക്കുശേഷം ഞാൻ ഒരു നാടകത്തിന് രൂപം കൊടുത്തു. അതിന്റെ പേരാണ് ’ജ്വലനം’.
അവാർഡ് ജ്വലനം
അഭിമാനത്തോടും ഏറെ സന്തോഷത്തോടുംകൂടി അറിയിക്കട്ടെ. ഈ കലാസൃഷ്ടിക്ക് ഏറ്റവും നല്ല നാടകത്തിനുള്ള 1977ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അന്നത്തെ അക്കാദമി സെക്രട്ടറി പവനനാണ് ഫോണിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. വൈകിയാണെങ്കിലും അക്കാദമിയുടെ ഈ അവാർഡ് എനിക്കു ലഭിക്കുന്നതു ഞാൻ നാടകരചന തുടങ്ങിയിട്ട് 22-ാം വർഷമാണ്.
എന്നാൽ, ഇത് എനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡല്ല. 1956-ലാണ് എന്റെ നാടകം ’മാനം തെളിഞ്ഞു’ പ്രസിദ്ധീകരിച്ചത്. അതുകഴിഞ്ഞു പതിനാറു വർഷമായപ്പോൾ, 1972ൽ എനിക്കൊരു അവാർഡ് ലഭിച്ചു. ’സാഹിത്യതാരം’ അവാർഡ്. നാടകത്തിന്റെ പേരിൽ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന അവാഡ്. ’മണൽക്കാട്’ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട നാടകത്തെ പുരസ്കരിച്ച് കേരള റൈറ്റേഴ്സ് ഫെലോഷിപ്പാണ് അതെനിക്കു സമ്മാനിച്ചത്. സ്വർണം കൊണ്ടുള്ള കീർത്തിചക്രയും പ്രശസ്തിപത്രവും.
കോട്ടയത്ത് 1972 മേയ് 27ന് പൊതുസമ്മേളനത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോർജ് ജേക്കബ് ’സാഹിത്യതാരം’ സുവർണമുദ്ര എന്റെ കഴുത്തിലണിയിച്ചു. പ്രഫ.ഡോ.കെ.എം. തരകൻ അനുമോദന പ്രസംഗം നടത്തി.
അന്നത്തെ പ്രശസ്തിപത്രത്തിൽനിന്നു ചില വരികൾ: സി.എൽ. ജോസ് "മാനം തെളിഞ്ഞു' എന്ന തന്റെ പ്രഥമ നാടകത്തിലൂടെ മനുഷ്യനന്മയുടെ വക്താവായി അരങ്ങത്തു കാൽകുത്തിയ നാൾ മുതൽ ചിരിയും കരച്ചിലും ധർമരോഷ പ്രകടനങ്ങളും സ്നേഹത്തിലധിഷ്ഠിതമായ പുതിയ ജീവിതത്തിന്റെ മണിനാദവും കൊണ്ട് ആസ്വാദകഹൃദയങ്ങളിൽ അലയിളക്കം സൃഷ്ടിച്ചു.
മൂല്യത്തകർച്ചയുടെയും വിഫലതാബോധത്തിന്റെയും വിഷാദ ഗദ്ഗതങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ നാടകത്തെ അത്യുത്തമമായ ധാർമികബോധനോപാധിയായി കണ്ടറിഞ്ഞു ബോധപൂർവം, നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സി.എൽ. ജോസിന് സ്നേഹാഭിവാദ്യങ്ങളർപ്പിക്കാൻ ഈ ഫെലോഷിപ്പിന് അത്യധികം സന്തോഷമുണ്ട്.’
ആദ്യമായി ലഭിക്കുന്ന അവാർഡ് ഞാൻ സ്വീകരിക്കുന്നതു കാണാൻ എന്റെ സഹധർമിണി ലിസിക്കും മൂന്നു മക്കൾക്കും വല്ലാത്ത ആഗ്രഹം. അവർ നിർബന്ധിച്ചപ്പോൾ ഞാൻ വഴങ്ങി. അങ്ങനെ കുടുംബസമേതമാണ് ഞങ്ങൾ കോട്ടയത്തേക്കു പോയത്.
ശങ്കരൻനായരുടെ വരവ്
നമുക്കിനി അക്കാദമി അവാർഡ് നേടിയ ’ജ്വലന’ത്തിലേക്കു തിരിച്ചു വരാം.
പോലീസ് ഉദ്യോഗസ്ഥനായ മൂത്ത മകൻ ശേഖർ, ബിരുദധാരിയും തൊഴിൽരഹിതനും ആദർശശാലിയുമായ നരേന്ദ്രൻ, മെഡിക്കൽ വിദ്യാർഥിയായ രാജു, നിഷ്കളങ്കയായ സുമ. ഇവരുടെയെല്ലാം പ്രൗഢയും കുലീനയുമായ അമ്മ ഭാരതി.
അമ്മയുടെ ജന്മദിനം ആഹ്ലാദപൂർവം ആഘോഷിക്കുന്ന സുദിനം. പരമസന്തുഷ്ടമായ കുടുംബം. ഈ രംഗത്തേക്കു ശങ്കരൻനായർ കയറിവരുന്നു. എല്ലാവരും ഷോക്കേറ്റപോലെയായി.
മേലുദ്യോഗസ്ഥനെ വെട്ടിക്കൊന്നതിനുള്ള നീണ്ട കാലത്തെ ജയിൽശിക്ഷ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ആ നിമിഷം മുതൽ കുടുംബം ഒരഗ്നിപർവതമായി മാറുന്നു.
തീവ്രവികാരങ്ങളുടെ വേലിയേറ്റവും ഹൃദയസ്പർശിയായ രംഗങ്ങളും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളും നാടകത്തെ ഒരു പരമമുഹൂർത്തത്തിലേക്ക് എത്തിക്കുന്നു. നാടകം എഴുതിത്തീർന്നപ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നി.
അംഗീകാരങ്ങൾ
നേരത്തേ സൂചിപ്പിച്ചതുപോലെ 1977ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ഇതിനു ലഭിച്ചു.
ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എം.ഒ. ജോസഫ് നെടുങ്കുന്നത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ "എം.ഒ. ജോസഫ് സ്മാരക സാഹിത്യ അവാർഡ്' (സ്വർണമെഡൽ) ഇതേ കൃതിക്കു ലഭിച്ചു.
ഈ നാടകം കേരള യൂണിവേഴ്സിറ്റി ബിഎ, ബിഎസ്സിക്കു പാഠപുസ്തകമായി അംഗീകരിച്ചു.
ഇവയ്ക്കു പുറമെ ഈ നാടകം ആകാശവാണി തിരുവനന്തപുരം നിലയം റേഡിയോ നാടകവാരത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഡിസംബറിൽ പ്രക്ഷേപണം ചെയ്തു. പ്രേംനസീർ, അടൂർ ഭാസി, കെ.പി. ഉമ്മർ, ജയൻ, ടി.എൻ. ഗോപിനാഥൻ നായർ, ഷീല, കവിയൂർ പൊന്നമ്മ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു.
സി.എൽ. ജോസ്