രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
Sunday, October 1, 2023 5:38 AM IST
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹകളും കണ്ടൽ ഗോപുരവും. കയാക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ.
യാത്ര: തിരുവനന്തപുരം - കൊല്ലം ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽനിന്നു പരവൂർ റോഡിൽ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്തുക. അവിടുന്നു വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മാലാക്കായൽ കടവിൽ എത്താം. തുടർന്ന് വള്ളത്തിൽ കയറി പരവൂർ കായലിൽ പ്രവേശിച്ചു കണ്ടൽ വനങ്ങളുടെ മനം മയക്കുന്ന ഭംഗി ആസ്വദിക്കാം.
ദേശീയപാതയിൽ കൊട്ടിയത്ത് ഇറങ്ങി ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഒറ്റപ്ലാമൂട്ടിൽ എത്തി കടത്തുവള്ളത്തിലൂടെയും കായലിൽ പ്രവേശിക്കാം.
കൊട്ടിയത്തുനിന്ന് മയ്യനാട് റൂട്ടിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു പുല്ലിച്ചിറ പള്ളിക്കു സമീപത്തെ കടവിൽ എത്തിയാൽ അവിടന്നു കായലിൽ പോകാൻ കുട്ടവഞ്ചി സൗകര്യവുമുണ്ട്.
അറിയേണ്ടത്: ചിറക്കര ഗ്രാമ പഞ്ചായത്ത് പരിധിയിലാണ് ഈ കണ്ടൽ വനങ്ങൾ. കണ്ടൽ മരങ്ങൾക്ക് ഇരുനില കെട്ടിടത്തിന്റെ ഉയരം വരും. രാജ്യത്ത് ഇത്രയും വലിയ കണ്ടൽ മരങ്ങൾ മറ്റെങ്ങുമില്ല. 2006ൽ 15 ലക്ഷം തൈകൾ വച്ചു പിടിപ്പിച്ചാണ് ഇവിടെ കണ്ടൽവനം സൃഷ്ടിച്ചത്. ദേശാടന പക്ഷികളുടെ ആവാസകേന്ദ്രവുമാണ് ഇവിടം. കൂട്ടമായി എത്തുന്ന കായൽ പക്ഷികളെയും കാണാം. കരിമീനിന്റെ കലവറ കൂടിയാണ് കായൽ.
ശ്രദ്ധിക്കേണ്ടത്: കനത്ത മഴ പെയ്താൽ ഇത്തിക്കരയാറ്റിൽനിന്നു കായലിലേക്കു മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഒഴുക്ക് ശക്തിപ്രാപിക്കും. അപ്പോൾ യാത്ര ഒഴിവാക്കുന്നതാകും ഉചിതം.
എസ്.ആർ. സുധീർ കുമാർ