താരതമ്യമില്ല, കിഷോർ കുമാറുമായി! അച്ഛനാരാ മോൻ!
Sunday, November 12, 2023 4:25 AM IST
അതിപ്രശസ്തനായ ഗായകന്റെ മകനായി ചലച്ചിത്രഗാനരംഗത്തുവന്ന് അതേപോലെ വിജയം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും പിതാവ് അല്പം കടുംപിടിത്തക്കാരനാകുന്പോൾ! അങ്ങനെയൊരച്ഛനും മകനുമാണ് കിഷോർ കുമാറും അമിത് കുമാറും. ചലച്ചിത്ര പിന്നണിഗായകനായി തിളങ്ങിയ അമിത് കുമാർ സ്റ്റേജ് ഷോകളിൽ അന്പതു വർഷം
തികച്ചയാളാണ്...
ജനങ്ങൾ പറയും, അമിത് കുമാർ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളാണെന്ന്. പക്ഷേ, ഞാൻ ജീവിതത്തിന്റെ കഠിനമായ വശങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഇതെല്ലാം കണ്ടു വളരണമെന്നായിരുന്നു എന്റെ പിതാവിന്റെ നിർദേശം. കൽക്കട്ട യൂത്ത് ക്വയറിന്റെ ഭാഗമായിരുന്ന സമയത്ത് ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട്. ഭാരമുള്ള വലിയ ബാഗുകളുമായി മൂന്നാം ക്ലാസ് തീവണ്ടിമുറികളിലായിരുന്നു യാത്ര. ശരിക്കും കഠിനമായിരുന്നു, എന്നാൽ, ആഹ്ലാദകരവും - ഓർമകളിലൂടെ സഞ്ചരിക്കുകയാണ് അമിത് കുമാർ എന്ന ഗായകൻ. ഇതിഹാസ സമാനനായ കിഷോർ കുമാറിന്റെ മകൻ, എഴുപത്തൊന്നുകാരൻ. ലൈവ് സ്റ്റേജ് ഷോകളിൽ അന്പതു വർഷം കടന്നുവന്നയാൾ...
ബാലനായിരുന്ന എന്നെ പിതാവ് മുംബൈ ഷണ്മുഖാനന്ദ ഹാളിൽ ഡാഡി കിഷോർ ആൻഡ് സണ്ണി അമിത് എന്ന ഷോയിൽ അവതരിപ്പിച്ചു. മൂന്നു വർഷത്തിലേറെ ആ ഷോ നീണ്ടുനിന്നു. എല്ലാ വാരാന്ത്യങ്ങളും ഹൗസ്ഫുൾ ആയിരുന്നു. തീർച്ചയായും അതു കിഷോർ കുമാർ കാരണമാണ്. പക്ഷേ, അതെന്റെ ജീവിതം മാറ്റിമറിക്കുകയും അളവില്ലാത്ത ആത്മവിശ്വാസം പകരുകയും ചെയ്തു - അമിത് കുമാർ ഓർമിക്കുന്നു.
വെട്ടിത്തുറന്ന്
പിതാവു പകർന്ന ആത്മവിശ്വാസം തന്നെയാവണം അമിത് കുമാറിനെ എന്തും വെട്ടിത്തുറന്നു പറയുന്ന ധൈര്യശാലിയാക്കിയത്. ഇന്ത്യൻ ഐഡൽ 12 എന്ന റിയാലിറ്റി ഷോ തന്നെ ഉദാഹരണം. സ്വന്തം അഭിപ്രായം മറച്ചുവച്ച് എല്ലാ മത്സരാർഥികളെയും പുകഴ്ത്താൻ റിയാലിറ്റി ഷോ അധികൃതർ ആവശ്യപ്പെട്ടിരുന്നതായി അമിത് കുമാർ വെളിപ്പെടുത്തിയതു വിവാദമായിരുന്നു. എന്നാൽ, പിതാവുമായി തന്നെ താരതമ്യം ചെയ്യാൻപോലുമാവില്ലെന്ന് അമിത് പറയുന്നു.
കിഷോർ കുമാർ ഒരേസമയം ജീനിയസും വിചിത്രസ്വഭാവങ്ങളാൽ ആരാധിക്കപ്പെട്ടയാളുമാണ്. താങ്കളിൽ സ്വയം അദ്ദേഹത്തെ എത്രമാത്രം കാണുന്നു എന്ന ചോദ്യത്തിനായിരുന്നു അമിത് കുമാറിന്റെ ഉത്തരം- ഓ! താരതമ്യംപോലും സാധ്യമല്ല!!
ആരായിരുന്നു കിഷോർ?
ശരിയാണ്, എന്റെ പിതാവ് പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു. കുറച്ചൊക്കെ എനിക്കുമുണ്ടായിരുന്നു ആ ശീലം. ഒട്ടുമിക്ക കലാകാരന്മാർക്കും ഒരു പരിധിവരെ അങ്ങനെ ശീലങ്ങളുണ്ടാകുമെന്നു ഞാൻ കരുതുന്നു. എന്നാൽ, എന്റെ പിതാവ് തീർത്തും ഡൗണ്-ടു-എർത്ത് ആയ, ഹൃദയത്തിൽ ലാളിത്യം സൂക്ഷിച്ച വ്യക്തിയായിരുന്നു. രാജ്യത്തിന്റെ സൈന്യത്തിനുവേണ്ടി അദ്ദേഹം സ്റ്റേജ് ഷോകൾ നടത്തിയിരുന്നു. പക്ഷേ, അതൊരിക്കലും പുറത്തു പറഞ്ഞില്ല. അതിൽ മിക്കവയും സൗജന്യമായാണ് നടത്തിയത്. കിഷോർ കുമാർ പിശുക്കനാണെന്ന് എല്ലാവരും പറയുമായിരുന്നു. എന്നാൽ, അദ്ദേഹം മറ്റുള്ളവർക്കുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് ആരും അറിഞ്ഞിട്ടില്ല.
എല്ലാവരും എന്റെ പിതാവിനെക്കുറിച്ചു പറയുന്പോൾ എന്റെ അമ്മ റൂമ ഗുഹ താക്കുർത്തായെക്കുറിച്ച് ആരും അധികം പറഞ്ഞിട്ടില്ല. ഞാൻ അവരുടെ ഗ്രൂപ്പിലാണ് പാടിത്തുടങ്ങിയത്. സലിൽ ചൗധരി, സത്യജിത് റേ എന്നിവരുമായി ചേർന്ന് അമ്മ തുടങ്ങിയ ട്രൂപ്പാണ് കൽക്കട്ട യൂത്ത് ക്വയർ. ദുർഗാ പൂജയ്ക്കും മറ്റും സ്റ്റേജുകളിൽ പാടിനടക്കുന്പോൾ അമ്മയ്ക്കത് അത്ര ഇഷ്ടമല്ലായിരുന്നു. സംഗീതം ജീവിതമാർഗമാക്കാതെ എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. എങ്കിലും പാടരുത് എന്നു പറഞ്ഞില്ല.
ഒരിക്കൽ അമ്മ അച്ഛനെ വിളിച്ചു പരാതി പറഞ്ഞു- നിങ്ങളുടെ മകൻ നാടോടിയെപ്പോലെ അവിടെയും ഇവിടെയും പാടി നടക്കുകയാണ്. പഠിക്കുന്നില്ല. തോൽക്കുകയും ചെയ്തു. വളരെ നല്ല കാര്യം! അവനു ബോംബെയിൽ എന്റെ അടുത്തേക്കു വരാനുള്ള സമയമായി- ഇതായിരുന്നു കിഷോർ കുമാറിന്റെ മറുപടി. തുടർന്ന് അദ്ദേഹം കൽക്കട്ടയിൽ വന്ന് രബീന്ദ്ര ഭവനിൽ എന്റെ ലൈവ് പരിപാടി കണ്ടു. ശ്രോതാക്കളുടെ ശ്രദ്ധ പതിയാതിരിക്കാൻ സ്റ്റേജിനു പിന്നിലെത്തിയാണ് അദ്ദേഹം എന്റെ പാട്ടുകേട്ടത്. അതോടെ എന്റെ കഴിവ് അദ്ദേഹത്തിനു ബോധ്യമായി.
ഹിന്ദി സിനിമയിൽ
ശ്രദ്ധേയമായ ഒട്ടേറെ പാട്ടുകൾക്കു ശബ്ദം നൽകിയ അമിത് കുമാർ ഇപ്പോൾ സിനിമാപ്പാട്ടുകളിൽനിന്ന് അകന്ന് സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്കിലാണ്. ആർ.ഡി. ബർമന്റെ മരണത്തോടെയാണ് സിനിമകളിൽ പാടാതെയായത്. ഇടക്കാലത്ത് ആൽബങ്ങളും പുറത്തിറക്കി. ഹിന്ദിയിൽ വിരലിൽ എണ്ണാവുന്നതിലധികം കിഷോർ കുമാർ കോപ്പി കാറ്റുകൾ ഉണ്ടെങ്കിലും അമിത് കുമാർ ആ ശൈലിയിലേക്ക് അധികം നടന്നില്ല. അച്ഛനെപ്പോലെ പാടരുതെന്ന് ഉപദേശിച്ചത് ആർ.ഡി. ബർമനാണ്. അമിത് സ്വന്തം ശൈലി ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ബഡേ അച്ഛേ ലഗ്തേ ഹേ (ബാലിക ബധു) എന്ന ഒരൊറ്റ പാട്ടുമതി അമിത് കുമാറിനെ അടയാളപ്പെടുത്താൻ.
ഹരിപ്രസാദ്