വയലാ എന്റെ മാന്യ സുഹൃത്ത്
Sunday, November 19, 2023 5:10 AM IST
ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവർത്തിക്കും. പ്രവർത്തിക്കാൻ പറ്റാത്തതു പറയില്ല. ഗാന്ധിയൻ ചിന്തയും ദർശനങ്ങളുമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്.
ഞാനും ഡോ. വയലാ വാസുദേവൻപിള്ളയും പ്രായംകൊണ്ട് അന്തരമുണ്ടെങ്കിലും ഞങ്ങളുടെ നാടക രചനാശൈലികൾ വ്യത്യസ്തമാണെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. മനസുകൊണ്ടും ആദർശംകൊണ്ടും സ്വഭാവംകൊണ്ടും ജീവിതവീക്ഷണംകൊണ്ടും ഒട്ടേറെ പൊരുത്തമുള്ളവർ. അതിനാൽത്തന്നെ ഞങ്ങൾ അന്യോന്യം സ്നേഹിച്ചിരുന്നു, ബഹുമാനമായിരുന്നു.
പ്രായം കണക്കാക്കിയാൽ അദ്ദേഹം എന്റെ അനുജനാണ്. നാടകപാണ്ഡിത്യം കണക്കിലെടുത്താൽ അദ്ദേഹം എനിക്കു ജ്യേഷ്ഠനും. വിശ്വനാടകവേദിയെക്കുറിച്ചും ലോകനാടകങ്ങളെക്കുറിച്ചും ഇത്രയേറെ അറിവും അവഗാഹവുമുള്ള മറ്റൊരു വ്യക്തി മലയാളത്തിലില്ല. നാടകവിഷയങ്ങളിൽ ആചാര്യനും അതികായനുമായിരുന്നെങ്കിലും അതിന്റേതായ തലക്കനം അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല.
ഇങ്ങനെയും ചിലർ
എന്നാൽ ചിലരുണ്ട്. നേരിട്ടു കാണുന്പോൾ പുഞ്ചിരിക്കുകയും പുറത്തു തട്ടുകയും ചെയ്തിട്ടു പുറംതിരിഞ്ഞുനിന്നു പുച്ഛിക്കുകയും പാര പണിയുകയും ചെയ്യുന്നവർ. ഒന്നു പറയുകയും മറിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന വേറെ ചിലർ. അങ്ങനെ ഇരട്ടമുഖങ്ങളുള്ള ഒരുപാടു മാന്യന്മാരുണ്ടല്ലോ നമ്മുടെ സമൂഹത്തിൽ. അതിൽനിന്നൊക്കെ ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവർത്തിക്കും. പ്രവർത്തിക്കാൻ പറ്റാത്തതു പറയില്ല.
ഗാന്ധിയൻ ചിന്തയും ദർശനങ്ങളുമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. അതിന്റെ മേന്മയും മഹത്വവും അദ്ദേഹത്തിന്റെ ജീവിതത്തിലും സ്വഭാവത്തിലും ഉടനീളം ദർശിക്കാൻ കഴിയും. പ്രഗല്ഭനായ അധ്യാപകൻ, മികച്ച പ്രഭാഷകൻ, നാടകപണ്ഡിതൻ, കഴിവുറ്റ സംഘാടകൻ ഇങ്ങനെ പല തരത്തിലും തലത്തിലും അദ്ദേഹം ശോഭിച്ചിരുന്നു.
വയലായെന്ന സമർഥനായ സംഘാടകന്റെ കഴിവും കരുത്തും ഞാൻ മനസിലാക്കിയത് അദ്ദേഹം കോഴിക്കോട്ട് സർവകലാശാലയുടെ കീഴിലുള്ള തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും മേധാവിയുമായിരിക്കെ അതിന്റെ രജതജൂബിലി ആഘോഷിച്ച വേളയിലാണ്. 2003 ജനുവരിയിൽ മൂന്നു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളാണ് അവിടെ അരങ്ങേറിയത്.
മമ്മൂട്ടി പറഞ്ഞത്
ജൂബിലിയാഘോഷം വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചതു മലയാളത്തിന്റെ മഹാനടനായ പത്മശ്രീ മമ്മൂട്ടി. വിവിധ സമ്മേളനങ്ങളിൽ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, ഇന്ത്യൻ നാടകവേദിയിലെ ആചാര്യനും മുൻ പാർലമെന്റ് അംഗവുമായ പത്മഭൂഷണ് ഡോ. ഹബീബ് തൻവീർ, ഡോ. സുകുമാർ അഴീക്കോട്, കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രഫ.സയ്ദ് ഇക്ബാൽ, വി.വി. രാഘവൻ എംപി, തേറന്പിൽ രാമകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ, കോർപറേഷൻ മേയർ തുടങ്ങി ഒട്ടേറെ വിശിഷ്ടാതിഥികൾ വിവിധ സമ്മേളനത്തിൽ പങ്കെടുത്തു.
മമ്മൂട്ടി വിളക്കു കൊളുത്തിയ ഉദ്ഘാടനസമ്മേളനത്തിൽ ആശംസകളർപ്പിച്ചു സംസാരിക്കാൻ ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. ജൂബിലിയാഘോഷം വന്പിച്ച വിജയമാക്കിത്തീർത്തതിന്റെ പിന്നിൽ ഡോ. വയലായുടെ വിദഗ്ധ നേതൃത്വവും സംഘാടക സാമർഥ്യവുമാണ് നിറഞ്ഞുനിന്നത്.
അന്ന് അടുത്തിരുന്നു മമ്മൂട്ടിയുമായി ഞാൻ സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം ലോ കോളജിൽ പഠിക്കുന്പോൾ എന്റെ "മണൽക്കാട്' നാടകത്തിൽ ഒരു പ്രധാനറോൾ അഭിനയിച്ചിട്ടുണ്ടെന്നും മാത്രമല്ല ആ നാടകം "അറിയാത്ത വീഥികൾ' എന്ന പേരിൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ സെഞ്ചുറി ഫിലിംസ് ചലച്ചിത്രമാക്കിയപ്പോൾ അതിലും താൻ അഭിനയിച്ചുവെന്നും അനുസ്മരിച്ചു. വർഷങ്ങൾ അനേകം കഴിഞ്ഞിട്ടും എല്ലാം കൃത്യമായി ഓർമവച്ച് അദ്ദേഹം പറഞ്ഞത് എന്നിൽ ആശ്ചര്യവും ആനന്ദവും ഉളവാക്കി.
നാടകവിഷയങ്ങളെക്കുറിച്ചുള്ള വയലായുടെ ക്ലാസുകളും പ്രഭാഷണങ്ങളും ശ്രോതാക്കൾക്കൊരു വിരുന്നായിരുന്നു. ഞാൻ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരിക്കെ കേരളത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ നാടകശില്പശാലയിലും ചെന്നൈയിൽ നടത്തിയ നാടക സെമിനാറിലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു.
വയലായുടെ സന്പൂർണ നാടകങ്ങളുടെ സമാഹാരം 2008ൽ ഡോ. സുകുമാർ അഴീക്കോട് പ്രകാശനം ചെയ്തപ്പോൾ അത് ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായത് എനിക്കാണ്. വയലാ അതിനായി എന്നെ നിയോഗിക്കുകയായിരുന്നു.
ഖേദപൂർവം പറയട്ടെ, ജീവിത നാടകവേദിയിൽനിന്ന് 2011ൽ അറുപത്താറാം വയസിൽ അദ്ദേഹം വിട പറഞ്ഞെങ്കിലും എന്റെ മനസിന്റെ കോണിൽ വയലാ എന്ന വലിയ മനുഷ്യൻ- ഉത്തമനായ സുഹൃത്ത് ഒരു സജീവസാന്നിധ്യമായി ഇന്നും തിളങ്ങി നിൽക്കുന്നു. ആ ദീപ്തസ്മരണയ്ക്കു മുന്പിൽ പ്രണാമം.
സി.എൽ.ജോസ്