രത്നഗിരി : ശില്പങ്ങളുടെ ഭൂമി
Sunday, November 26, 2023 1:15 AM IST
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാരത്തെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ഒരു കാലത്ത് രാജ്യത്തെ ഏറ്റവും പ്രൗഢമായ ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു ഒഡീഷയിലെ രത്നഗിരി ബുദ്ധവിഹാരം. ഭുവനേശ്വറിനു 100 കിലോമീറ്റര്‍ വടക്ക്-കിഴക്കായി ബ്രാഹ്മണി, ബിരൂപ നദികള്‍ക്കു മധ്യേയുള്ള ഒരു മലയുടെ മുകളിലാണ് ഈ ബൗദ്ധപൗരാണിക കേന്ദ്രം.
വജ്രത്രികോണം
ഒഡീഷയില്‍ സ്ഥിതി ചെയ്യുന്ന ഉദയഗിരി,ലളിതഗിരി, രത്നഗിരി എന്നീ ബുദ്ധമത കേന്ദ്രങ്ങളെ ചേര്‍ത്തു പൊതുവായി വജ്ര ത്രികോണം(ഡയമണ്ട് ട്രയാംഗിള്‍) എന്നാണ് പറയുന്നത്. ചരിത്രം പരിശോധിച്ചാല്‍ അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്തകാലഘട്ടത്തിലാണ് രത്നഗിരിയില്‍ ബുദ്ധവിഹാരം സ്ഥാപിക്കപ്പെട്ടത് 12-ാം നൂറ്റാണ്ടു വരെ രത്നഗിരി പ്രതാപത്തോടെ വിളങ്ങി നിന്നു. അതിനു ശേഷം പതിയെ വിസ്മൃതിയിലേക്ക് ആണ്ടുപോയ പ്രദേശം 16-ാം നൂറ്റാണ്ടോടെ നാശോന്മുഖമായി.
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാരത്തെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
മണ്ണിനടിയിലെ ശില്പങ്ങൾ
ഉത്ഖനനത്തിൽ നിരവധി ശില്പങ്ങളാണ് കണ്ടെടുത്തത്. ഇന്ത്യയില്‍ ഖനനത്തിൽ ലഭിച്ച, കല്ലില്‍ കൊത്തിയെടുത്ത ഏറ്റവും മികവുറ്റ ശില്പങ്ങളായി ഇവ വിലയിരുത്തപ്പെടുന്നു. ഇന്ന് ഇവിടെ ഒരു മ്യൂസിയമുണ്ട്. ഇന്ത്യയിലെ നിരവധി മ്യൂസിയങ്ങളിലേക്ക് ഇവിടെനിന്നുള്ള ശില്പങ്ങള് കൊണ്ടുപോയിട്ടുണ്ട്. ഗംഭീരമായ അനവധി ശില്പങ്ങള് ഇനിയും മണ്ണിനടിയില്‍ അവശേഷിക്കുന്നുണ്ട്.
രണ്ട് മൊണാസ്ട്രികളാണ് ഇവിടെ പ്രധാനമായുള്ളത്. അതില്‍ ആദ്യത്തെ മൊണാസ്ട്രിയാണ് ഏറ്റവും വലുതും പ്രധാനവും. ഇതിന്റെ പ്രവേശന കവാടം ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ബുദ്ധവിഹാര പ്രവേശന കവാടമായി കരുതുന്നു.
അറകളും ശില്പങ്ങളും
ചാരുതയേറിയ ശില്പങ്ങളുടെ സമ്മേളനമാണ് മൊണാസ്ട്രിക്കുള്ളിൽ. വടക്കോട്ട് ദര്‍ശനമുള്ള മതിലിനു താഴെ നിരയായി ഇരിക്കുന്ന ബുദ്ധശിരസുകള് അസുലഭ കാഴ്ചയാണ്. നിരവധി അറകളും ഇവിടെ കാണാം. ഒന്നിലധികം സന്യാസിമാര്‍ക്കു താമസിക്കാവുന്ന രീതിയിലാണ് അറകളുടെ രൂപകല്പന. പടിഞ്ഞാറ് ഭാഗത്തായാണ് രണ്ടാം മൊണാസ്ട്രി. ഒരു ചെറിയ പാത ഇവ രണ്ടിനെയും വേര്‍തിരിക്കുന്നു. ഇവിടെ 18 അറകളുണ്ട്.
ബുദ്ധന്റെ നിരവധി ചെറിയ ആരാധനാ സ്തൂപങ്ങള്‍ നിരന്നിരിക്കുന്നതാണ് പ്രധാന കാഴ്ച. വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ അവ വീണ്ടെടുത്തിട്ട്. ഇവിടുത്തെ പ്രധാന സ്തൂപം ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്.
അല്പം മാറി കുന്നിന് ചരുവില്‍ ഒരു ക്ഷേത്രമുണ്ട്. 15-ാം നൂറ്റാണ്ടിൽ നിർമിച്ച ഇതു മഹാകാല ക്ഷേത്രം എന്നാണറിയപ്പെടുന്നത്. ഒരു ബുദ്ധസ്തൂപത്തിനു മുകളിലായിരുന്നു യഥാര്‍ഥത്തില്‍ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരുന്നത്. എന്നാല്‍, 1997-2004 കാലഘട്ടത്തില്‍ എഎസ്ഐ ഈ ക്ഷേത്രം ഇളക്കിയെടുത്തു ബുദ്ധവിഹാരത്തിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു. ഇന്നു നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്.
അജിത് ജി. നായർ