വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
Sunday, December 3, 2023 2:08 AM IST
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ചാല്‍ വലകെട്ടി മലയിലെത്താം. ഇവിടെനിന്നു പഴുക്കാകുളം ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് പിന്നിട്ട് മേച്ചാല്ഭാഗത്തേക്കു മൂന്നു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മാങ്കല്ല് മലയിലെത്താം.
ജില്ല: ഇടുക്കി.
സ്ഥലം: മാങ്കല്ല് മല
കാഴ്ച: ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മലങ്കര ജലാശയം, നാടുകാണി മല, കാര്‍മല്‍ മൗണ്ട് കുരിശുമല, താഴ്വാരത്തിന്റെ ദൃശ്യഭംഗി.
ഇടുക്കി ജില്ലയിലെ അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു മാങ്കല്ല് മല. കാമറകള്‍ക്കു മാസ്മരിക ദൃശ്യവിരുന്ന്. 200 ഏക്കറോളം വിശാലമായപുല്മേടുകളും അപൂര്‍വ സസ്യങ്ങളും ചിറ്റീന്തും കാട്ടുചോലയും പാറക്കൂട്ടങ്ങളുംകൊണ്ട് അലംകൃതമായ പ്രകൃതിയുടെ വരദാനം.
പ്രത്യേകത: ട്രക്കിംഗിനു പറ്റിയ ഇടം. പ്ലാസ്റ്റിക്കിന്റെയോ മാലിന്യത്തിന്റെയോ തരിപോലും തൊട്ടുതീണ്ടാത്ത സുന്ദരഭൂമി. ഇവിടത്തെ ചിറ്റീന്ത് ഉപയോഗിച്ചു നിര്‍മിക്കുന്ന പുല്ച്ചൂല് ഏറെ പ്രസിദ്ധം. സമുദ്രനിരപ്പില്‍നിന്ന് 4,000 അടി ഉയരം.
ഇവിടെ നിന്നാല്‍ ഇല്ലിക്കല്കല്ലിന്റെയും ഇലവീഴാപൂഞ്ചിറയുടെയും നയന മനോഹരമായ മലങ്കര ജലാശയത്തിന്റെയും നാടുകാണി മലയുടെയും ചക്കിക്കാവ് കാര്മല്മൗണ്ട് കുരിശുമലയുടെയും താഴ്വരകളുടെയും അപൂര്‍വ കാഴ്ച ദര്‍ശിക്കാം. വിശ്രമത്തിനും ഭക്ഷണം കഴിക്കാനും വിനോദത്തിനുമെല്ലാം പറ്റിയ ഇടം.
ശ്രദ്ധിക്കേണ്ടത്: മഞ്ഞും ചാറ്റല്‍മഴയും ഉള്ളപ്പോള്‍ പാറിയില്നിന്നു കാഴ്ച കാണുന്പോൾ കരുതല്‍ വേണം. പാറയുടെ വിളുമ്പില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യാതിരിക്കുക, സമീപപ്രദേശങ്ങളില്‍ കടകള്‍ ഇല്ലാത്തതിനാല്‍ ഭക്ഷണം കരുതണം.
വഴി: തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ചാല്‍ വലകെട്ടി മലയിലെത്താം. ഇവിടെനിന്നു പഴുക്കാകുളം ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് പിന്നിട്ട് മേച്ചാല്ഭാഗത്തേക്കു മൂന്നു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മാങ്കല്ല് മലയിലെത്താം.
ജോയി കിഴക്കേൽ