മനം മയക്കും പൂഞ്ചിറ!
Sunday, January 14, 2024 5:03 AM IST
പാലായിൽനിന്ന് 27 കിലോമീറ്ററും തൊടുപുഴയിൽനിന്ന് 20 കിലോമീറ്ററും സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഈരാറ്റുപേട്ട -തൊടുപുഴ റോഡിൽ കാഞ്ഞിരംകലയിൽനിന്നു വലത്തോട്ട് തിരിഞ്ഞ് ഇലവീഴാപൂഞ്ചിറയിലെത്താം.
മലനാടിനും ഇടനാടിനും മധ്യേ പച്ച വിരിച്ച മനോഹര മൊട്ടക്കുന്നാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ജില്ലയിലെ മേലുകാവ് വില്ലേജിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. കോടമഞ്ഞും കുളിർ കാറ്റും നാലു ജില്ലകളുടെ വിദൂര കാഴ്ചയും ഇലവീഴാപൂഞ്ചിറയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു.
ഇവിടേക്കു റോഡുകൂടി പൂർത്തിയായതോടെ സഞ്ചാരികളുടെ പ്രവാഹമാണ്. മൂന്നു കൂറ്റന് മലകളായ മണക്കുന്ന്, കടയത്തൂർമല, തോണിപ്പാറ എന്നിവയാൽ ചുറ്റപ്പെട്ടാണ് പൂഞ്ചിറ കിടക്കുന്നത്.
പൂഞ്ചിറയുടെ ഐതിഹ്യം മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വിശ്രമിച്ചിരുന്നതായും പാണ്ഡവപത്നി പാഞ്ചാലിയുടെ സ്നാനത്തിനായി ഇന്ദ്രൻ ഇലയും പൂക്കളുമുപയോഗിച്ച് അരുവിയിൽ ചിറയുണ്ടാക്കിയെന്നുമാണ് ഐതീഹ്യം. മരങ്ങൾ തീരെ ഇല്ലാത്ത പൂഞ്ചിറയിൽ ഇല വീഴാൻ ഇല്ലാത്തതിനാൽ ഇലവീഴാപൂഞ്ചിറയായി മാറി. എപ്പോഴും കാറ്റുള്ളതിനാൽ ഇലകൾ പറന്നുപോകുന്നതിനാലാണ് പേരു വന്നതെന്ന വാദവുമുണ്ട്.
കാഴ്ചകൾ:
പച്ചപ്പുൽമേടുകളും കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളും വറ്റാത്ത ജല സ്ത്രോതസായിട്ടുള്ള പൂഞ്ചിറയും ഇതിനോടു ചേർന്നുള്ള മുനിയറയും ആരെയും ആകർഷിക്കും. ഹിൽ ടോപ്പിലെ കണ്ണാടിപ്പാറയും തൊട്ടു താഴെയുള്ള ഭീമൻ കല്ലും കാണാം. മലമുകളിൽ എത്തിയാൽ കിഴക്ക് തമിഴ്നാടിനോടു ചേർന്നുള്ള കമ്പംമെട്ടിലെ കാഴ്ചകളും പടിഞ്ഞാറ് അറബിക്കടലും ആലപ്പുഴ ലൈറ്റ് ഹൗസും കൊച്ചിയുടെ തീരപ്രദേശങ്ങളും കാണാം.
വടക്ക് കുടയത്തൂർ മലയും തെക്ക് ശബരിമലയും പുൽമേടും കാണാൻ കഴിയും. മകരജ്യോതി കാണാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. അനുകൂല കാലാവസ്ഥ ആണെങ്കിൽ ഉദയം ഏഴു ഘട്ടങ്ങളായി ഇവിടെനിന്നു ദർശിക്കാം അതേപോലെ അസ്തമയ സമയത്ത് അറബിക്കടലിലെ തിരകൾ ഉയർന്നു താഴുന്നതും മറ്റൊരു കാഴ്ചയാണ്.
വയർലെസ് സ്റ്റേഷൻ:
പൂഞ്ചിറയിലെ കാറ്റാണ് മറ്റൊരു ആകർഷണീയത. വർഷം മുഴുവൻ വീശിയടിക്കുന്ന മലങ്കാറ്റ് ശരീരത്തിലേക്കും മനസിലേക്കും അരിച്ചിറങ്ങുമ്പോൾ വല്ലാത്ത അനുഭൂതിയാണ്. അറബിക്കടലിലൂടെ നീങ്ങുന്ന കപ്പലുകളിൽനിന്നു വയർലെസ് സന്ദേശങ്ങൾ സ്വീകരിച്ചിരുന്ന മത്സ്യഫെഡിന്റെ വയർലെസ് സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിപ്പോൾ പ്രവർത്തനരഹിതം. അതേസമയം, കോട്ടയം- ആലപ്പുഴ ജില്ലകളുടെ പോലീസ് വയർലെസ് സ്റ്റേഷൻ ഇവിടെയാണ്.
യാത്ര: പാലായിൽനിന്ന് 27 കിലോമീറ്ററും തൊടുപുഴയിൽനിന്ന് 20 കിലോമീറ്ററും സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഈരാറ്റുപേട്ട -തൊടുപുഴ റോഡിൽ കാഞ്ഞിരംകലയിൽനിന്നു വലത്തോട്ട് തിരിഞ്ഞ് ഇലവീഴാപൂഞ്ചിറയിലെത്താം. തൊടുപുഴയിൽനിന്നു കാഞ്ഞാർ കൂവപ്പള്ളി ചക്കിക്കാവ് വഴിയുമെത്താം. മേലുകാവിൽനിന്നും കുടയത്തൂരിൽനിന്നും ജീപ്പു സവാരിയുമുണ്ട്. താമസ സൗകര്യം അടക്കമുള്ള, ഡിടിപിസിയുടെ അമിനിറ്റി സെന്റർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിരവധി ഹോം സ്റ്റേകളുമുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണിലേക്കും ഇല്ലിക്കൽ കല്ലിലേക്കും ഇവിടെനിന്ന് എളുപ്പം പോകാം. ഇടിമിന്നലും മഴയും ഉള്ളപ്പോൾ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
ജിബിൻ പാലാ