സൗഹാർദത്തിന്റെ കഥയുമായി ലാൽജി
Sunday, January 14, 2024 5:23 AM IST
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ ചിത്രത്തിനു കഴിയുമെന്നു സംവിധായകന് ലാല്‍ജി ജോര്‍ജ് പറയുന്നു.മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ ചിത്രത്തിനു കഴിയുമെന്നു സംവിധായകന് ലാല്‍ജി ജോര്‍ജ് പറയുന്നു.
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ് ദ ട്രൂത്ത്' ഫെബ്രുവരി രണ്ടിനു തിയറ്ററുകളിലെത്തും. അതിസങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരു കുടുംബം. ഇവരുടെ സ്നേഹത്തിന്റെയും വേദനയുടെയും കഥയാണ് സിനിമ.
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ ചിത്രത്തിനു കഴിയുമെന്നു സംവിധായകന് ലാല്‍ജി ജോര്‍ജ് പറയുന്നു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിതറിയവന്, ബൈബിള്‍ പശ്ചാത്തലത്തിലുള്ള യിഫ്താഹ് എന്നീ സിനിമകള്‍ക്കു ശേഷം ലാല്‍ജി ഒരുക്കുന്ന സിനിമയാണ് ഋതം ബിയോണ്‍ഡ് ദ ട്രൂത്ത്. ലാല്‍ജി സണ്‍ഡേ ദീപികയോട്.
ഋതം ബിയോണ്‍ഡ് ദ ട്രൂത്ത്
കേരളത്തിലെ ചില സമകാലിക സംഭവങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ. കേരളത്തില്‍ കാലങ്ങളായി നിലനിന്നു പോകുന്ന മതസൗഹാര്‍ദത്തിന്റെ അന്തഃസത്ത, വിശ്വാസിയായ ഓത്തുപള്ളി അധ്യാപകനിലൂടെ ദൃശ്യവത്കരിക്കുകയാണ്. നിഴലും വെളിച്ചവും ഇടകലര്‍ന്ന ഒരു വിഷ്വല്‍ പോയട്രി രചിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ജീവിതത്തിലെ ദുഃഖകരമായ സംഭവങ്ങളും പ്രതിസന്ധികളും നേരിടുന്ന ഒരു ധര്മിഷ്ഠന്റെ വ്യഥകളും വിഷാദവും തീവ്രതയോടെ ആവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം.
ടൈറ്റിലില്‍ ഇംഗ്ലീഷും
ഈ സിനിമ ലോകം മുഴുവന്‍ സഞ്ചരിക്കേണ്ടതാണ്. ഇതൊരു യൂണിവേഴ്സല്‍ സബ്ജക്ടാണ്. മനുഷ്യന് എവിടെയുണ്ടോ അവിടെ സ്നേഹത്തിനു മതില് പണിയാന്‍ പാടില്ല. മതത്തിനും ജാതിക്കും വിലക്കുണ്ടാകാന്‍ പാടില്ല. സംഭാഷണങ്ങള്‍ ഭാഷയ്ക്കതീതമാകണം എന്നുള്ളതുകൊണ്ടാണ് സിനിമയുടെ പേരില്‍ മലയാളവും ഇംഗ്ലീഷും.
ചിതറിയവന്
ചിതറിയവര്‍ എന്ന സിനിമയുടെ സബ്ജക്ടും കഥാപാത്രവും ഒരിക്കല്‍ ഞാന്‍ ശ്രീനിയേട്ടനോടു സൂചിപ്പിച്ചിരുന്നു. സ്ക്രിപ്റ്റ് അയച്ചുകൊടുത്തു. അതു വായിച്ചുകഴിഞ്ഞ് അദ്ദേഹത്തിന് ആ കഥാപാത്രത്തോട് ഇഷ്ടം തോന്നി ഡേറ്റ് തന്നു. കീഴാള ജീവിതത്തിന്റെ ബാക്കി പത്രമായിരുന്നു ചിതറിയവൻ (2006) എന്ന ആ സിനിമ. ഗ്രീസ്, ബാങ്കോംക്ക്, ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നടന്ന ഫിലിം ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്കു ലഭിച്ചു. ദുബായിലെ വ്യവസായികളായിരുന്ന കെ. ജലാലും വി.കെ.എസ്. ദേവനുമായിരുന്നു നിര്‍മാണത്തിനു സഹായിച്ചത്.
സിനിമയിലെ ഇടവേളകള്‍
ചിതറിയവര്‍ എന്ന സിനിമയ്ക്കു ശേഷം ബൈബിള്‍ പശ്ചാത്തലത്തില്‍ ആത്മീയ ചാനലിനുവേണ്ടി യിഫ്താഹ് എന്നൊരു സിനിമ ചെയ്തിരുന്നു. പിന്നീട് കലാമേഖല ദുബായിലാക്കി. അവിടെ ജോലിയില്‍ പ്രവേശിച്ചു. നിരവധി പ്രോജക്ടുകള്‍ വരികയും ചര്‍ച്ച നടക്കുകയും ചെയ്തു. കൊമേഴ്സ്യല്‍ സിനിമയടക്കം ചെയ്യാന്‍ കരാറിലേര്‍പ്പെട്ടു. പക്ഷേ, മുന്നോട്ടുപോയില്ല. കോവിഡിനു ശേഷം നാട്ടിലെത്തിയപ്പോള്‍ വീണ്ടും സിനിമയിലേക്കു സജീവമായി.
മുഖ്യ കഥാപാത്രം ഡോ. ഷാജു
ടെലിഫോണില്‍കൂടി പല നടന്മാരോടും കഥയുടെ സൂചന നല്‍കിയെങ്കിലും കഥ മുഴുവനായി പറഞ്ഞിരുന്നില്ല. ഡോ.ഷാജുവിന്റെ ശരീരഭാഷ കേന്ദ്രകഥാപാത്രത്തിനു പറ്റിയതായി തോന്നി. അദ്ദേഹത്തോടു മാത്രമാണ് നേരിട്ടു കഥ പറഞ്ഞത്. തെറ്റിയില്ല, അതിഗംഭീരമായ ഭാവാഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. രാവും പകലുമില്ലാതെ സിനിമയുടെ ഭാഗമായി അദ്ദേഹം മാറി.
സോണിയ, ആദിത്യജ്യോതി
സിനിമാനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സോണിയ മല്‍ഹാറിന്റെ യഥാര്‍ഥ ജീവിതം ഈ സിനിമയിലെ പാത്തു എന്ന കഥാപാത്രത്തിനോടു സാമ്യമുള്ളതായി തോന്നി. ഒട്ടനവധി ജീവിത ദുഃഖങ്ങള്‍ നേരിട്ട ഈ നടി വിഷാദത്തിന്റെയും സ്നേഹത്തിന്റെയും പര്യായമായ പാത്തുവായി പരകായപ്രവേശമാണ് നടത്തിയത്. ഗ്ലിസറിനില്ലാതെ ഓരോ സീനും കരയുന്നത് കാണുമ്പോള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പോലും കണ്ണീരണിഞ്ഞു.
ആദിത്യജ്യോതി റഷീദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുതുമുഖമാണെങ്കിലും അസാമാന്യ അച്ചടക്കത്തോടെയും ലാളിത്യത്തോടെയുമാണ് റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കഥയുടെ ഗതി നിയന്ത്രിക്കുന്നത് ആദിത്യ ജ്യോതിയുടെ കഥാപാത്രത്തിലൂടെയാണ്.
പുതിയ പ്രോജക്ടുകള്‍
ആദ്യ ദൗത്യം ഈ സിനിമ കലാപരമായും സാമ്പത്തികപരമായും വിജയിപ്പിക്കുക എന്നതാണ്. പ്രേക്ഷക സമക്ഷം ഏല്പിക്കുകയാണ്. ഈ കുടുംബചിത്രത്തെ ജനങ്ങളിലേക്കെത്തിക്കണം. പുതിയ ഏതാനും പ്രോജക്ടുകള്‍ ചര്‍ച്ചയിലുണ്ട്. ഇനി ഒരു കൊമേഴ്സ്യല്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
വീട്ടുവിശേഷം
വീട് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്താണ്. സിനിമാ ചര്‍ച്ചകള്‍ക്കും എഴുത്തിനുമായി ഇപ്പോള്‍ തിരുവനന്തപുരത്തു താമസിക്കുന്നു. ഭാര്യ ഷേര്‍ലി. മകള്‍ തുഷാര ബിന്ദു ദുബായില്‍ ജോലി ചെയ്യുന്നു. മരുമകന് രാഹുല്‍. മകള്‍ നന്നായി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യും, തത്കാലം സിനിമയിലേക്കില്ല.
പ്രദീപ് ഗോപി