ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
Sunday, February 4, 2024 3:22 AM IST
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ ക്ഷേത്രം ഇന്നും സജീവമാണ്. ഹംപിയിലെ ഗ്രാനൈറ്റ് മലകള്‍ ലോകത്തു കണ്ടെത്തപ്പെട്ടവയില്‍ ഏറ്റവും പഴക്കമേറിയവയാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഗ്രാനൈറ്റ് ശിലകള്‍ ചെറിയ മലകളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഹേമകുണ്ഡ മലയാണ് ഇവയില്‍ ഏറ്റവും പ്രശസ്തം.
തെനാലി രാമന് കഥകളിലൂടെയാവും നമ്മള് ആദ്യമായി വിജയനഗര സാമ്രാജ്യത്തെക്കുറിച്ചു കേട്ടറിഞ്ഞിട്ടുള്ളത്. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രതാപശാലിയായിരുന്ന കൃഷ്ണദേവരായരുടെ സദസിലെ കവിയായിരുന്ന തെനാലി രാമന്റെ തമാശകള്‍ കുട്ടിക്കാലത്തു കേള്‍ക്കാത്തവര്‍ കുറവായിരിക്കും.
എന്നാല്‍, ആ തമാശകള്‍ക്കുമപ്പുറം മഹത്തായ ചരിത്രം പേറുന്ന വിജയനഗര സാമ്രാജ്യ തലസ്ഥാനമായിരുന്നു ഹംപി എന്ന പുരാനഗരം. തുംഗഭദ്രയുടെ തീരത്ത് 1336 മുതല്‍ 1565 വരെയുള്ള രണ്ടര നൂറ്റാണ്ട് കാലം വിജയനഗര തലസ്ഥാനമായി ഹംപി വിരാജിച്ചു.
ക്ഷേത്രങ്ങൾ
എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളും മണ്ഡപങ്ങളും ശില്പങ്ങളും പ്രകൃത്യാലുള്ള അദ്ഭുതങ്ങളും ഹംപിയെ മഹത്തരമാക്കി. എന്നാല്‍, ഡക്കാന്‍ സുല്ത്താന്മാരുടെ ആക്രമണം ഈ സുന്ദരപ്രദേശത്തെ തച്ചു തകര്‍ക്കുകയായിരുന്നു. ആ ആക്രമണത്തിനു ശേഷം വിസ്മൃതിയിലാണ്ടു പോയ പ്രദേശം പുരാവസ്തു ഗവേഷകരുടെ ദീര്‍ഘനാള്‍ നീണ്ട ശ്രമഫലമായാണ് വീണ്ടെടുക്കപ്പെടുന്നത്.
പ്രദേശം പിന്നീട് യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. വിജയനഗരത്തിന്റെ തലസ്ഥാനമാകും മുമ്പുതന്നെ ഹംപി ഒരു പൗരാണിക പ്രദേശമായിരുന്നു. തുംഗഭദ്രയുടെ തീരത്തു പണികഴിപ്പിച്ച അനവധി ക്ഷേത്രങ്ങള്‍ ഇതു വെളിവാക്കുന്നു.
ഗ്രാനൈറ്റ് മലകൾ
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ ക്ഷേത്രം ഇന്നും സജീവമാണ്. ഹംപിയിലെ ഗ്രാനൈറ്റ് മലകള്‍ ലോകത്തു കണ്ടെത്തപ്പെട്ടവയില്‍ ഏറ്റവും പഴക്കമേറിയവയാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഗ്രാനൈറ്റ് ശിലകള്‍ ചെറിയ മലകളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഹേമകുണ്ഡ മലയാണ് ഇവയില്‍ ഏറ്റവും പ്രശസ്തം.
ഇതിനു മുകളില്‍ തകര്‍ന്ന ഒരു അമ്പലവുമുണ്ട്. ഹിന്ദു ഐതീഹ്യങ്ങളനുസരിച്ച് ഒരു കാലത്തു വാനരരാജ്യമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്ത് ഇന്നും ധാരാളം കുരങ്ങുകളെ കാണാനാവും. 500ല്‍പരം ക്ഷേത്രങ്ങള്‍ അടങ്ങിയ വിട്ടല ക്ഷേത്രസമുച്ചയം ദ്രാവിഡ വാസ്തുകലയുടെ മകുടോദാഹരണമാണ്.
ഹംപിയെന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ചിത്രം വിട്ടല ക്ഷേത്രത്തിലെ കല്രഥത്തിന്റേതായിരിക്കും. മഹാവിഷ്ണുവിന്റെ വാഹനവും പക്ഷികളുടെ രാജാവുമായ ഗരുഡനായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. ഒരു കാലത്തു രഥത്തിന്റെ കല്ചക്രങ്ങള് തിരിഞ്ഞതായി ചരിത്രരേഖകള്‍ പറയുന്നു.
കാണേണ്ട കാഴ്ചകൾ
ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തും ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. കല്ലില്‍ തീര്‍ത്ത ഒരു മഹാവിസ്മയം തന്നെയാണ് വിട്ടല ക്ഷേത്രം. മതപരമായ ചടങ്ങുകള്‍ക്കായി പണികഴിപ്പിച്ച, 56 തൂണുകളുള്ള രംഗമണ്ഡപം ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
വേറെയും നിരവധി വാസ്തുവിസ്മയങ്ങളായ ക്ഷേത്രങ്ങളും മന്ദിരങ്ങളും ഹംപിയിലുണ്ട്. ഹസാര രാമ ക്ഷേത്രം, ലോട്ടസ് മഹല്‍, ആനക്കൊട്ടില്‍, ഹംപി ബസാര്‍, ശ്രീ വിജയ വിട്ടല ക്ഷേത്രം, ആനേഗുണ്ടി, നരസിംഹ ക്ഷേത്രം, പട്ടാഭിരാമ ക്ഷേത്രം അങ്ങനെ പോകുന്നു ഹംപിയിലെ കാഴ്ചകള്‍... ഇന്ത്യയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും സ്നേഹിക്കുന്ന സഞ്ചാരികള്‍ക്കു തീര്‍ച്ചയായും ഒരു അവിസ്മരണീയമായ അനുഭവമാകും ഹംപി നല്‍കുക.
അജിത് ജി. നായർ